സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാര്‍; ഒരു കോടി വാക്സിന്‍ വാങ്ങും
-
ലോക്ക്ഡൗണ്‍ വേണ്ടെന്ന് നേരത്തെ സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു
-
ആ തീരുമാനം ഇപ്പോള്‍ പുനപരിശോധിക്കേണ്ടതില്ലെന്ന് വിലയിരുത്തല്‍
-
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആകാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം
തിരുവനന്തപുരം: കോവിഡ് വ്യാപനം കടുത്ത രീതിയില്‍ കൂടുന്ന വേളയിലും കേരളത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം വെച്ചിരുന്നു. ഇതാണ് മന്ത്രിസഭായോഗത്തില്‍ തള്ളിയത്.
കേന്ദ്ര നിര്‍ദേശം പാലിക്കുകയാണെങ്കില്‍ കൊല്ലവും പത്തനംതിട്ടയും ഒഴിച്ച് കേരളത്തിലെ 12 ജില്ലകളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യം വരുമായിരുന്നു. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണ്. അതില്‍ നിന്നും മാറി ചിന്തിക്കേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷം മാത്രമേ ജില്ലകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണിന്‍റെ ആവശ്യം ഇപ്പോഴില്ലെന്ന് കേരളം വ്യക്തമാക്കിയത്.
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നടത്തുന്നതുമായി ബന്ധപ്പെട്ടും സര്‍ക്കാര്‍ പ്രധാന തീരുമാനം കൈക്കൊണ്ടു. ഇതിനായി ഒരു കോടി വാക്സിന്‍ ഡോസുകള്‍ വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. 70 ലക്ഷം കോവിഷീല്‍ഡും 30 ലക്ഷം കോവാക്സിനുമായിരിക്കും വാങ്ങുക.