ആസാമില്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു
1 min readഗുവഹത്തി: കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്ത് ആസാം സര്‍ക്കാര്‍ സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂ ഏര്‍പ്പടുത്തി.രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണം. ഇത് മെയ്മാസം ഒന്നുവരെ തുടരും. സംസ്ഥാനത്തൊട്ടാകെയുള്ള കോവിഡ് കേസുകളുടെ എണ്ണത്തില്‍ അതിവേഗ വര്‍ധനയുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അവശ്യ / അടിയന്തിര സാഹചര്യങ്ങള്‍ ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമുള്ള അടിയന്തര നടപടിയായി ഇതിനെ കാണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. രോഗം പടരാതിരിക്കാന്‍ എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം 6 മണിക്ക് അടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് 3,137 പുതിയ കേസുകളും 15 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കേസുകളാണിത്. സംസ്ഥാനത്ത് നിലവില്‍ 17,764 സജീവ കേസുകളുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും അടിയന്തര സേവനങ്ങള്‍, പൊതുഗതാഗതം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, ഗര്‍ഭിണികള്‍, രോഗികള്‍, വിദേശ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍, ഭരണഘടനാ തസ്തികയിലുള്ളവര്‍ എന്നിവരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കും.
ഭക്ഷ്യ ഉല്‍പന്നങ്ങള്‍, കാലിത്തീറ്റ, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് ഓഫീസുകള്‍, ടെലികമ്മ്യൂണിക്കേഷന്‍, ഇന്‍റര്‍നെറ്റ്, ഐടി സേവനങ്ങള്‍, പെട്രോള്‍ പമ്പുകള്‍, എല്‍പിജി യൂണിറ്റുകള്‍, വൈദ്യുതി ഉല്‍പാദനവും വിതരണവും, കോള്‍ഡ് സ്റ്റോറേജ്, വെയര്‍ ഹൗസിംഗ്, സ്വകാര്യ സുരക്ഷാ ഏജന്‍സികള്‍, അവശ്യ ഉല്‍പാദന യൂണിറ്റുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരന്തരമായ ഉല്‍പാദനം ആവശ്യമുള്ള ചരക്കുകളെയും യൂണിറ്റുകളെയും കര്‍ഫ്യൂവില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. കോവിഡ് -19 വാക്സിനേഷന് പോകുന്നവര്‍ക്കും കര്‍ഫ്യൂ ബാധകമല്ല.