മഹീന്ദ്ര എക്‌സ്‌യുവി 700 വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തു
മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് എക്‌സ്‌യുവി 700
ന്യൂഡെല്‍ഹി: മഹീന്ദ്ര എക്‌സ്‌യുവി 700 എസ്‌യുവി കമ്പനിയുടെ ഇന്ത്യാ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മഹീന്ദ്രയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് എക്‌സ്‌യുവി 700. മഹീന്ദ്ര എക്‌സ്‌യുവി 500 സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനത്തിന് പകരം എക്‌സ്‌യുവി 700 അവതരിപ്പിക്കുമെന്ന് ഈയിടെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രഖ്യാപിച്ചത്. മഹീന്ദ്ര എക്‌സ്‌യുവി 500 നിര്‍ത്തുന്നത് താല്‍ക്കാലികമാണെന്ന് കമ്പനി വ്യക്തമാക്കുകയുണ്ടായി. പുതിയ അവതാരമെടുത്ത് എക്‌സ്‌യുവി 500 തിരികെ വരുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
കൂടാതെ മഹീന്ദ്ര എക്‌സ്‌യുവി 100 പേരിന് കമ്പനി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നത് അനുസരിച്ച്, എക്‌സ്‌യുവി 300 സബ്കോംപാക്റ്റ് എസ്‌യുവിയുടെ താഴെയായിരിക്കും എക്‌സ്‌യുവി 100 മോഡലിന് സ്ഥാനമെന്ന് പ്രതീക്ഷിക്കുന്നു. പ്രായം ഏറെയായ കെയുവി 100 എന്‍എക്സ്ടി മോഡലിന് പകരമായി വരുന്നതായിരിക്കും എക്‌സ്‌യുവി 100 എന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. സംഭവിക്കുന്നത് ഇങ്ങനെയെങ്കില്‍ മാരുതി സുസുകി ഇഗ്‌നിസ്, ഫോഡ് ഫ്രീസ്‌റ്റൈല്‍, വരാനിരിക്കുന്ന ടാറ്റ എച്ച്ബിഎക്സ് എന്നിവയുടെ എതിരാളി ആയിരിക്കും മഹീന്ദ്ര എക്‌സ്‌യുവി 100.