കോവിഡിനെതിരായ പോരാട്ടം : മെഡിക്കല്‍ ഉപകരണങ്ങള്‍ യുകെ ഇന്ത്യയിലേക്ക് അയക്കുന്നു
1 min readലണ്ടന്‍: കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ 600 ഓളം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. സഹായ പാക്കേജില്‍ മിച്ച സ്റ്റോക്കുകളില്‍ നിന്നുള്ള വെന്‍റിലേറ്ററുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടുന്നു. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് എന്‍എച്ച്എസുമായും യുകെയിലെ വിതരണക്കാരുമായും നിര്‍മാതാക്കളുമായും ചേര്‍ന്ന് ഇന്ത്യയിലേക്ക് അയയ്ക്കാവുന്ന കരുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
അടുത്തിടെ ഇന്ത്യയില്‍നിന്ന് ഉയര്‍ന്ന കോവിഡ് -19 കേസുകളും മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ഓക്സിജന്‍റെ കുറവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേതുടര്‍ന്നാണ് ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ തീരുമാനം. ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ഇതിനകം യുകെയില്‍ നിന്ന് ഇന്ത്യയിലെത്തി. കൂടുതല്‍ കയറ്റുമതി ഈ ആഴ്ച അവസാനം നടക്കും. 495 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്‍റിലേറ്ററുകള്‍, 20 മാനുവല്‍ വെന്‍റിലേറ്ററുകള്‍ എന്നിവയുള്‍പ്പെടെ ഒന്‍പത് എയര്‍ലൈന്‍ കണ്ടെയ്നര്‍ ലോഡ് സപ്ലൈകള്‍ ഈ ആഴ്ച ഇന്ത്യയിലേക്ക് അയയ്ക്കും. ഇന്ത്യയിലെ ഏറ്റവും ദുര്‍ബലരായവരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നതില്‍ ഈ ഉപകരണങ്ങള്‍ നിര്‍ണായകമാകും. ഉദാഹരണത്തിന്, ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് അന്തരീക്ഷത്തിലെ വായുവില്‍ നിന്ന് ഓക്സിജന്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും, അതുവഴി രോഗികള്‍ക്ക് നല്‍കാനും ആശുപത്രിയിലെ ഓക്സിജന്‍ സംവിധാനങ്ങള്‍ ഒഴിവാക്കാനും കഴിയും. വരും ദിവസങ്ങളില്‍ നല്‍കാവുന്ന കൂടുതല്‍ സഹായം തിരിച്ചറിയാന്‍ യുകെ ഇന്ത്യാ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.
കോവിഡിനെതിരായ ഈ നിര്‍ണായകമായ പോരാട്ടഘട്ടത്തില്‍ യുകെ സുഹൃത്തും പങ്കാളിയുമായ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ഈ ഭയാനകമായ വൈറസില്‍ നിന്നുള്ള ജീവഹാനി തടയുന്നതിനുള്ള നൂറുകണക്കിന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്‍റിലേറ്ററുകളും ഉള്‍പ്പെടെയുള്ള സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇപ്പോള്‍ ഇന്ത്യയിലേക്കുള്ള യാത്രയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ ദുഷ്കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാന്‍ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കും, “അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു: ‘ഈ മഹാമാരിയില്‍ നമ്മുടെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്ക് ബുദ്ധിമുട്ടുള്ള സമയത്ത് സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് നാം അവരെ പിന്തുണയ്ക്കുന്നു. കോവിഡിനെ നേരിടാന്‍ നാം എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇന്ത്യ നമുക്ക് വളരെ പ്രധാനപ്പെട്ട പങ്കാളിയാണ്, അതിനാല്‍ ഏറ്റവും ദുര്‍ബലരായവരുടെ ജീവന്‍ രക്ഷിക്കാന്‍ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്‍റിലേറ്ററുകളും നല്‍കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള നടക്കുന്ന ചര്‍ച്ചകളെ അടിസ്ഥാനമാക്കി കൂടുതല്‍ സഹായങ്ങള്‍ യുകെ നല്‍കും.’
ഇന്ത്യയിലെ സ്ഥിതി അതിരൂക്ഷമാണെന്ന് ആരോഗ്യ-സാമൂഹിക പരിപാലന സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. ഇന്തയയിലെ രംഗങ്ങള്‍ ഇ രോഗം എത്ര ഭയാനകമാണെന്നാണ് നമ്മെ കാണിക്കുന്നത്. വളരെ പ്രയാസകരമായ ഈ സമയത്ത് ഇന്ത്യയിലെ ജനങ്ങളെ പിന്തുണയ്ക്കാന്‍ നാം ബാധ്യസ്ഥരാണ്-ഹാന്‍കോക്ക് കൂട്ടിച്ചേര്‍ത്തു.