കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്നു; സഹായവുമായി രാജ്യങ്ങള്‍
-
352,991 കേസുകളാണ് തിങ്കളാഴ്ച്ച സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അവസാന 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്
-
സഹായം പ്രഖ്യാപിച്ച് ബ്രിട്ടനും ജര്‍മനിയും യുഎസും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം തുടര്‍ച്ചയായ അഞ്ചാം ദിവസവും റെക്കോഡ് വര്‍ധനയാണ് കൈവരിച്ചിരിക്കുന്നത്. തിങ്കാളാഴ്ച്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അവസാന 24 മണിക്കൂറിനുള്ളില്‍ 352,991 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ രാജ്യത്തിന് സഹായം പ്രഖ്യാപിച്ച് ബ്രിട്ടന്‍, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തി.
രാജ്യതലസ്ഥാനമായ ഡെല്‍ഹിയില്‍ ഹോസ്പിറ്റലുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലയിടങ്ങളിലും മെഡിക്കല്‍ ഓക്സിജനും ബെഡ്ഡും ലഭ്യമല്ലാത്ത അവസ്ഥ രൂക്ഷമാണ്.
നിലവില്‍ അതീവപ്രതിസന്ധിയാണ് തങ്ങള്‍ അഭിമുഖീകരിക്കുന്നതെന്ന് സര്‍ ഗംഗാ റാം ഹോസ്പിറ്റലിന്‍റെ വക്താവ് പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എല്ലാവരും കോവിഡ് വാക്സിന്‍ കുത്തിവെപ്പെടുക്കണമെന്നും കരുതലോടെയിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതേസമയം രോഗികളുടെ ആധിക്യം കാരണം ഹോസ്പിറ്റലുകളും ഡോക്റ്റര്‍മാരും സാഹചര്യങ്ങളെ നേരിടാന്‍ പറ്റാത്ത അവസ്ഥയിലാണ്.
വാക്സിനുകള്‍ക്കുള്ള അസംസ്കൃത വസ്തുക്കളും മെഡിക്കല്‍ എക്യുപ്മെന്‍റും പ്രൊട്ടക്റ്റിവ് ഗിയറും നല്‍കാന്‍ അമേരിക്ക ഒരുക്കമാണെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഞായറാഴ്ച്ച വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യക്ക് അവശ്യമുള്ള സഹായങ്ങള്‍ നല്‍കുമെന്ന് ജര്‍മനിയും വ്യക്തമാക്കിയിട്ടുണ്ട്.
1.3 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയില്‍ 17.31 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 195,123 പേര്‍ക്ക് കോവിഡ് കാരണം ജീവന്‍ നഷ്ടമായി. കോവിഡ് കേസുകളുടെ എണ്ണത്തിലെ വ്യാപക വര്‍ധനയുടെ ആഘാതം തിങ്കളാഴ്ച്ച വിപണിയിലും ദൃശ്യമായി. ഇന്ധന ആവശ്യകതയില്‍ വലിയ ഇടിവാണുണ്ടായത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇന്ധന ഇറക്കുമതി രാജ്യമാണ് ഇന്ത്യ.