കോവിഡ് പ്രതിസന്ധി : ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് ചൈന നോക്കേണ്ടത് വുഹാനിലേക്ക്
1 min readചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസില്‍ ഇന്ത്യക്കെതിരായി ലേഖനങ്ങളും വാര്‍ത്തകളും വരുന്നത് പുതുമയൊന്നുമല്ല. എങ്കിലും ലഡാക്ക് സംഭവത്തിനുശേഷം ഇന്ത്യയെ പ്രീതിപ്പെടുത്തി വിപണി വീണ്ടും പിടിച്ചടക്കുക എന്ന നയം അവര്‍ അനുവര്‍ത്തിച്ചതുകൊണ്ട് ഭാഷയ്ക്ക് അല്‍പ്പം വ്യത്യാസം വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ രൂക്ഷമായ വിമര്‍നവുമായി അവര്‍ വീണ്ടും രംഗത്തുവരുന്നു.
ന്യൂഡെല്‍ഹി: ചൈനീസ് പ്രചാരണ സംവിധാനങ്ങളെ നയിക്കുന്നത് അവരുടെ മുഖപത്രമായ ഗ്ലോബല്‍ ടൈംസാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും എതിരാളികളുടെ യോഗ്യതകള്‍ നശിപ്പിക്കുന്നതിനും അത് പേരുകേട്ടതാണ് എന്ന ആരോപണവുമുണ്ട്. പത്രം അടുത്തിടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘വഷളായിക്കൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഇന്ത്യയുടെ പ്രകോപനത്തെക്കുറിച്ച് ജാഗ്രത പാലിക്കുക’ എന്നതായിരുന്നു വിഷയം. ചൈനയുമായോ പാക്കിസ്ഥാനുമായോ അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിച്ചേക്കാം എന്നും ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ആഭ്യന്തരതലത്തില്‍ ദേശീയ വികാരങ്ങള്‍ വളര്‍ത്തുകയും ചെയ്യുന്നുവെന്നും ലേഖനം പറയുന്നു.
പകര്‍ച്ചവ്യാധിയെ ഇന്ത്യ തെറ്റായി കൈകാര്യം ചെയ്യുന്നുവെന്ന് ആരോപിച്ച ലേഖനത്തില്‍ സഹായത്തിനായി ചൈനയെ സമീപിക്കാന്‍ ലേഖനം ഇന്ത്യന്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നു.ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ ഇത് ആവര്‍ത്തിച്ചു.’ഇന്ത്യയില്‍ പകര്‍ച്ചവ്യാധി ഗുരുതരമാണെന്നും പകര്‍ച്ചവ്യാധി തടയുന്നതിനും വൈദ്യസഹായങ്ങള്‍ക്കും താല്‍ക്കാലിക ക്ഷാമമുണ്ട. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്ത്യക്ക് ആവശ്യമായ പിന്തുണയും സഹായവും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്’ വെന്‍ബിന്‍ പറയുന്നു.
കൊറോണ വൈറസിന്‍റെ രണ്ടാം തരംഗം ഇന്ത്യയെ കഠിനമായി ബാധിച്ചു എന്നതില്‍ സംശയമില്ല. വൈറസ് വ്യാപനത്തെ നിയന്ത്രിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാരും സംസ്ഥാനങ്ങളും ഓവര്‍ടൈം പ്രവര്‍ത്തിക്കുകയാണ്. മെഡിക്കല്‍ സൗകര്യങ്ങള്‍ അതിന്‍റെ പരമാവധി ശേഷിയില്‍ ഉപയോഗിക്കുന്നു. ഓക്സിജന്‍ ലഭ്യത പരിഹരിക്കാന്‍ അത് വിദേശത്തുനിന്നും രാജ്യം ഇറക്കുമതി ചെയ്യുന്നു. അതിന് വ്യോമസേന ആരോഗ്യമേഖലയെ സഹായിക്കുന്നുമുണ്ട്. വാക്സിനുകള്‍ പുറത്തുനിന്നു വാങ്ങാനും തീവ്രശ്രമത്തിലാണ്. എന്നാല്‍ ഇന്ത്യ ചൈനയില്‍ നിന്ന് ഒന്നും വാങ്ങാന്‍ സാധ്യതയില്ല. ഇന്ത്യ സാധ്യമായിരുന്നപ്പോള്‍ എല്ലാ രാജ്യങ്ങളെയും പിന്തുണച്ചതാണ്. അതുപോലെ ലോകം ഒപ്പം നില്‍ക്കും, അതിന് ചൈനീസ് പിന്തുണയുടെ ആവശ്യമില്ലെന്ന് ഭരണകൂടത്തിനറിയാം. വൈറസ് ആദ്യമായി വുഹാനില്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സഹായത്തിനായി ചൈന ആവശ്യപ്പെട്ട ആദ്യത്തെ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു. അന്ന് ന്യൂഡെല്‍ഹി ടണ്‍കണക്കിന് വൈദ്യസഹായവും ആവശ്യമായ ഉപകരണങ്ങളും വുഹാനിലേക്ക് അയച്ചിരുന്നു.
എന്നാല്‍ ഇതിനുള്ള പ്രത്യുപകാരമായി ചൈന ലഡാക്കില്‍ നുഴഞ്ഞുകയറി സംഘര്‍ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. അത് ഇന്നും പൂര്‍ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ആ നാട്ടിലെ വൈറസ് വ്യാപനത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം മറച്ചുവെയ്ക്കാനും മരണം സംബന്ധിച്ച വസ്തുകള്‍ പുറത്തുവിടാതിരിക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനതയോടുള്ള ക്രൂരത ലോകമറിയാതിരിക്കാനുമുള്ള വലിയതന്ത്രത്തിന്‍റെ ഭാഗമായിരുന്നു ലഡാക്കിലെ ഈ കടന്നുയറ്റം. അത് വിജയിച്ചാല്‍ വാര്‍ത്തകള്‍ മറയ്ക്കപ്പെടുന്നതിനൊപ്പം ഒരു ബോണസും ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തിരച്ചടി അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എങ്കിലും വൈറസ് വ്യാപനത്തിന്‍റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ ലോകം തിരിച്ചറിയാതിരിക്കുന്നതില്‍ ബെയ്ജിംഗ് വിജയിച്ചു എന്നുപറയാം.കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധ സംഘത്തെയും ചൈന അവര്‍ക്കനുകൂലമാക്കി മാറ്റി. ലോകാരോഗ്യ സംഘടനയ്ക്കും അന്ന് ചൈനയുടെ ഭാഷയായിരുന്നു.
പകര്‍ച്ചവ്യാധിയുമായി പോരാടുന്ന രാജ്യങ്ങളെ മുതലെടുത്ത്, ബെയ്ജിംഗ് ദക്ഷിണ ചൈനാക്കടലില്‍ സംഘര്‍ഷം വിപുലീകരിക്കാന്‍ തുടങ്ങി. പകര്‍ച്ചവ്യാധി അടിച്ചമര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍, നുണകളെ ചോദ്യം ചെയ്യുന്ന രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ സപ്ലൈസ് ചൈന തടഞ്ഞു. അനിവാര്യമായ മെഡിക്കല്‍ വിതരണ ശൃംഖലകള്‍ ചൈനയില്‍ നിന്ന് മാറ്റാന്‍ ആഗോള സമൂഹം ഒത്തുചേരുന്നതിലേക്കാണ് അവരുടെ നടപടികള്‍ വഴിതെളിച്ചത്. ചൈന തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനായി വൈറസിനെ ഉപയോഗപ്പെടുത്തി എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റുള്ളവര്‍ സഹായം ആവശ്യമുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി മുന്നോട്ടുപോയി.
ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ ചെറിയ അയല്‍ രാജ്യങ്ങള്‍ക്കെതിരായി ചൈന ആക്രമണ നിലപാടുകളാണ് സ്വീകരിച്ചത്. ഇതില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യ ഒരിക്കലും സ്വന്തം പ്രദേശം വിപുലീകരിക്കുന്നതിന് ശ്രമിച്ചിട്ടില്ല. ചൈനയുടെ മുന്‍കൂട്ടി തീരുമാനിച്ച ഈ ആക്രമണ നടപടികളെ ചെറുക്കാനാണ് ആഗോള സമൂഹം ഒന്നിക്കാന്‍ തുടങ്ങിയത്. ക്വാഡിന്‍റെ ഉയര്‍ച്ചയും ഇന്തോ-പസഫിക് മേഖലയിലെ ആഗോള താല്‍പ്പര്യവും ഇതിന് ഉദാഹരണമാണ്. ഔദാര്യം പ്രകടിപ്പിക്കുന്നതിനും അവരെ പിന്തുണയ്ക്കുന്നതിനും പകരം മഹാമാരിയുമായി പോരാടുന്ന സാമ്പത്തികമായി ദുര്‍ബലരായ രാജ്യങ്ങളെ ചൈന ചൂഷണം ചെയ്തിട്ടുണ്ട്. ചൈനീസ് വാക്സിനുകള്‍ വേണമെങ്കില്‍ അത്തരം രാജ്യങ്ങളും അവരുടെ മെഡിക്കല്‍ ഗവേഷണത്തിന് സംഭാവന നല്‍കണമെന്ന് അത് ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യ മനുഷ്യ പ്രതിരോധത്തിനുള്ള ആഗോള സേവനമായി വാക്സിനുകള്‍ വാഗ്ദാനം ചെയ്തു.രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് അവരുടെ ഗുണനിലവാരമില്ലാത്ത വാക്സിന്‍ നല്‍കണമെന്ന് ചൈന തീരുമാനിച്ചു.സിനോവാക് 50 ശതമാനം കാര്യക്ഷമമാണ്, എന്നാല്‍ ഇതിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ ലിസ്റ്റിംഗ് ലഭിച്ചിട്ടില്ല. പകര്‍ച്ചവ്യാധി സമയത്ത്, ചൈന കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുകയാണ് ചെയ്തത്. അതേസമയം ഇന്ത്യ
അതിന്‍റെ മാനുഷിക സമീപനത്തിന് ആഗോള അംഗീകാരവും പിന്തുണയും നേടി.
ഇന്ത്യ അതിന്‍റെ എല്ലാ അതിര്‍ത്തികളിലും സുരക്ഷയും സമാധാനവും തേടുന്നു. അത് ഒരിക്കലും ശത്രുതയല്ല. ഈ പരീക്ഷണ സമയങ്ങളില്‍, ഇന്ത്യയും പാക്കിസ്ഥാനും നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ അംഗീകരിച്ചു, ഇന്ത്യ-പാക്കിസ്ഥാന്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ആദ്യപടിയാകാം ഇത്. എന്നാല്‍ ഇസ്ലാമബാദിന്‍റെ നിലപാടുകൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്.വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയുള്ളതിനാല്‍ അത് തുടരാണ് സാധ്യത.
സാധാരണ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഒരേ സമയം ശ്രമിക്കുന്നതിനിടയില്‍ കൂടുതല്‍ ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നത് തുടരുകയാണ്. ഗാല്‍വാനില്‍ ചൈനീസ് സേനയ്ക്ക് ഇന്ത്യ കനത്ത തിരിച്ചടിയാണ് നല്‍കിയത്. കൈലാഷ് പര്‍വതത്തിലെ അധിനിവേശത്തിലൂടെ തന്ത്രപരമായ മിടുക്ക് ഇന്ത്യ കാണിക്കുകയും ചെയ്തു. ചൈനയുടെ ഏത് നടപടിയും ഊര്‍ജ്ജസ്വലതയോടെ പിന്തിരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ സേനയ്ക്ക് ഉറപ്പാക്കാനാകും. ചര്‍ച്ചയുടെ മേശകളിലേക്ക് ചൈനയെ കൊണ്ടുവന്നത് ഇന്ത്യയുടെ മിടുക്കാണ്. ഇത് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഗോള പ്രശസ്തിയെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ മുഖം രക്ഷിക്കാന്‍ വേണ്ടി പിന്‍വാങ്ങലിന് അവര്‍ കാലതാമസം വരുത്തുന്നു.
തിരിച്ചടി സാമ്പത്തിക തലത്തിലും നടപ്പാക്കാനാവുമെന്ന് ഇന്ത്യ തെളിയിച്ചതോടെ ചൈനയുടെ വ്യാപാരത്തിന് കനത്ത തകര്‍ച്ച നേരിട്ടിരുന്നു. അത് ഡിജിറ്റല്‍ തലത്തിലും അല്ലാതെയും. രാജ്യത്ത് ചൈനീസ് വസ്തുക്കളോട് അപ്രിയം ഉണ്ടാകാനും ഇത് കാരണമായി. വന്‍കിട ചൈനീസ് കമ്പനികളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു, അവര്‍ക്ക് പറയാനാകാത്ത നഷ്ടമുണ്ടായി.കൂടാതെ ഇന്ത്യയെപ്പോലൊരു വിപണിയെ മറ്റുള്ളവര്‍ നിയന്ത്രണത്തിലാക്കിയാല്‍ അത് കാലാന്തരത്തില്‍തന്നെ ബെയ്ജിംഗിന്‍റെ തോല്‍വിയായി കണക്കാക്കപ്പെടും. ഈ നയവുമായി എത്രനാള്‍ മുന്നോട്ടുപോകാനാവുമെന്ന് അവര്‍ ആലോചിക്കേണ്ടതുണ്ട്.
ചൈനീസ് നിക്ഷേപം സ്വീകരിക്കാന്‍ ഇന്ത്യ വിസമ്മതിച്ചത് ബെയ്ജിംഗിന്‍റെ അഭിമാനത്തെ വ്രണപ്പെടുത്തി. ഇന്ത്യയിലെ അംബാസഡറും വിദേശകാര്യമന്ത്രിയും ഉള്‍പ്പെടെ ഓരോ ചൈനീസ് നയതന്ത്രജ്ഞനും ബന്ധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ഇന്ത്യ ഉറച്ചുനില്‍ക്കുകയാണ്. ഇഈ സാഹചര്യത്തിലാണ് ചൈനീസ് മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ഇന്ത്യ സമാധാനം തേടുന്നുവെന്നും ആഭ്യന്തര പ്രതിസന്ധിയെ ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ലോകത്തിന് മനസിലാകുന്ന കാര്യങ്ങളാണ്.ഗ്ലോബല്‍ ടൈംസ് ഇന്ത്യയിലേക്ക് വിരല്‍ ചൂണ്ടുന്നതിനുപകരം സ്വന്തം നാട്ടിലേക്ക് നോക്കുകയും സ്വന്തം നേതൃത്വത്തെക്കുറിച്ച് അഭിപ്രായം പറയുകയുമാണ് വേണ്ടെതെന്ന് നിരീക്ഷകര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അത് ചെയ്യാന്‍ അവര്‍ക്ക് കഴിയില്ലെങ്കിലും.