ഇന്ത്യയില്‍ ബിസെഡ് സീരീസിന് ട്രേഡ്മാര്‍ക്ക് അപേക്ഷയുമായി ടൊയോട്ട
1 min read2025 ഓടെ ബിസെഡ് സീരീസില്‍ ഏഴ് പുതിയ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം
ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ ബിസെഡ് (ബിയോണ്ട് സീറോ) സീരീസ് മോഡലുകളുടെ പേരുകള്‍ക്ക് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ബിസെഡ് സീരീസില്‍ വൈദ്യുത വാഹനങ്ങളാണ് ടൊയോട്ട വിപണിയിലെത്തിക്കുന്നത്. 2025 ഓടെ ഏഴ് പുതിയ ഇലക്ട്രിക് മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പാറ്റന്റ്‌സ് ഡിസൈന്‍ ആന്‍ഡ് ട്രേഡ്മാര്‍ക്‌സ് പേജിലാണ് ട്രേഡ്മാര്‍ക്കിനായി അപേക്ഷിച്ച പേരുകള്‍ കാണുന്നത്.
ഇന്ത്യയില്‍ പതിനൊന്ന് പേരുകള്‍ക്കാണ് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ബിസെഡ്, ബിസെഡ്1, ബിസെഡ്1എക്‌സ്, ബിസെഡ്2, ബിസെഡ്2എക്‌സ്, ബിസെഡ്3, ബിസെഡ്3എക്‌സ്, ബിസെഡ്4, ബിസെഡ്4എക്‌സ്, ബിസെഡ്5, ബിസെഡ്5എക്‌സ് എന്നിവയാണ് ഈ പതിനൊന്ന് പേരുകള്‍. 2020 മെയ്, ഒക്‌റ്റോബര്‍ മാസങ്ങള്‍ക്കിടയിലാണ് ഇത്രയും പേരുകള്‍ക്ക് ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഈ പേരുകള്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ബിസെഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങള്‍ നമ്മുടെ രാജ്യത്ത് അവതരിപ്പിക്കുന്ന കാര്യം ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ പരിഗണിക്കുന്നതായി മനസിലാക്കാം.
ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി (ബിഇവി) വികസിപ്പിച്ച ഇ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമാണ് ടൊയോട്ട ബിസെഡ് സീരീസ് വാഹനങ്ങള്‍ അടിസ്ഥാനമാക്കുന്നത്. വാഹനങ്ങളുടെ വലുപ്പം, ഡിസൈന്‍ എന്നിവ അനുസരിച്ച് വിവിധ വകഭേദങ്ങളില്‍ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയും. ബിസെഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് വികസിപ്പിക്കുന്നതിന് ബിവൈഡി, സൂബരു, സുസുകി, ഡൈഹാറ്റ്‌സു തുടങ്ങിയ ബ്രാന്‍ഡുകളുടെ സഹായം സ്വീകരിക്കുകയാണ് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍.
ടൊയോട്ട ബിസെഡ്4എക്‌സ് കണ്‍സെപ്റ്റ് ഈയിടെ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ബിസെഡ് സീരീസില്‍ വിപണിയിലെത്തിക്കുന്ന ആദ്യ മോഡലായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവി. സൂബരുവുമായി ചേര്‍ന്നാണ് ടൊയോട്ട ബിസെഡ്4എക്‌സ് വികസിപ്പിച്ചിരിക്കുന്നത്. വാഹന വൈദ്യുതീകരണത്തിലെ ടൊയോട്ടയുടെ വൈദഗ്ധ്യവും സൂബരുവിന്റെ ഓള്‍ വീല്‍ ഡ്രൈവ് (എഡബ്ല്യുഡി) സാങ്കേതികവിദ്യകളും സമര്‍ത്ഥമായി ഉപയോഗിച്ചു.
ടൊയോട്ടയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത പരിഗണിച്ചാല്‍, മാരുതി സുസുകി സിയാസ് അടിസ്ഥാനമാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ നിര്‍മിക്കുന്ന മോഡലിന് ബെല്‍റ്റ എന്ന പേര് നല്‍കിയേക്കും. ഈ പേരിന് ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ടികെഎം. പല രാജ്യങ്ങളിലും ടൊയോട്ട യാരിസ് സെഡാന്‍ ഉപയോഗിക്കുന്നത് ബെല്‍റ്റ എന്ന പേര് ആയതിനാല്‍ സിയാസ് അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പുതിയ സെഡാന് ഈ പേര് നല്‍കാന്‍ സാധ്യത ഏറെയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത്. ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി മോഡലുകള്‍ കൂടാതെ മാരുതി സുസുകി സിയാസ് കൂടി എതിരാളി ആയിരിക്കും.
ടൊയോട്ടയും സുസുകിയും തമ്മിലുള്ള ആഗോള കരാര്‍ അനുസരിച്ചാണ് ഇരു ജാപ്പനീസ് കമ്പനികളും ആഗോളതലത്തില്‍ ചില ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പങ്കുവെയ്ക്കുന്നത്. മാരുതി സുസുകി ബലേനോ, വിറ്റാര ബ്രെസ കാറുകളുടെ ടൊയോട്ട പതിപ്പുകളായി ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ പങ്കാളിത്തം അനുസരിച്ചുള്ള മൂന്നാമത്തെ ഉല്‍പ്പന്നമായിരിക്കും സിയാസ് റീബാഡ്ജ് ചെയ്ത് നിര്‍മിക്കുന്ന ബെല്‍റ്റ.