September 8, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഷി ജിന്‍പിംഗിന് തലവേദയാകുന്ന വെന്‍ ജിയാബാവോ : അമ്മയെക്കുറിച്ചുള്ള ലേഖനം ചൈനയെ അസ്വസ്ഥമാക്കുമ്പോള്‍…

1 min read

മുന്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുടെ ലേഖന പരമ്പരയാണ് അധികാരികള്‍ക്ക് പ്രതിസന്ധി തീര്‍ക്കുന്നത്. ലേഖനത്തില്‍ സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചും സാംസ്കാരിക വിപ്ലവത്തിന്‍റെ ദാരുണമായ ദശകത്തെയും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ന്യൂഡെല്‍ഹി: മുന്‍ ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോയുടെ ഒരു ലേഖനം തലവേദനയായിരിക്കുകയാണ് ഷി ജിന്‍പിംഗ് ഭരണകൂടത്തിനിപ്പോള്‍. 2003-2013 വരെ ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു വെന്‍ ജിയാബാവോ. ലേഖനപരമ്പരയ്ക്ക് നാല്
ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. നേതൃത്വപരമായ റോളിലുള്ള അദ്ദേഹത്തിന്‍റെ സമയത്തെക്കുറിച്ചും ഔദ്യോഗിക സ്ഥാനം ഒഴിഞ്ഞതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും ലേഖനത്തില്‍ പ്രതിപാദിക്കുന്നു.മക്കാവു ഹെറാള്‍ഡ് എന്ന അത്ര പ്രശസ്തമല്ലാത്ത മക്കാവോ പത്രത്തിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പത്രത്തിന്‍റെ തെരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ ലേഖനം പ്രസിദ്ധീകരിക്കാന്‍ താല്‍പര്യം കാണിച്ചിരിക്കില്ല എന്നാണ്. ഏപ്രില്‍ 16 ന് പ്രസിദ്ധീകരിച്ച ‘മൈ മദര്‍’ എന്ന ഏറ്റവും പുതിയ ലേഖനത്തില്‍ വെന്‍ ജിയാബാവോ കഴിഞ്ഞ ഡിസംബറില്‍ അന്തരിച്ച അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

ലേഖനം അദ്ദേഹത്തിന്‍റെ ഔദ്യോഗിക വി ചാറ്റ് എക്കൗണ്ടില്‍ പോസ്റ്റുചെയ്യുകയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ വ്യാപകമായി പങ്കിടുകയും ചെയ്തു. പക്ഷേ, ഏപ്രില്‍ 17 ന് വി ചാറ്റ് ഉപയോക്താക്കള്‍ക്ക് അവരുടെ നെറ്റ്വര്‍ക്കിനുള്ളില്‍ ലേഖനം പങ്കിടാന്‍ കഴിയില്ലെന്ന സ്ഥിതി ഉണ്ടായി. “ഈ ലേഖനം വി ചാറ്റിന്‍റെ പ്രവര്‍ത്തന നിബന്ധനകള്‍ ലംഘിക്കുന്നു” ലേഖനം പങ്കിടാന്‍ ശ്രമിക്കുന്ന ഉപയോക്താക്കള്‍ക്ക് എന്ന സന്ദേശമാണ് ലഭിച്ചത്. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ സീന വെയ്ബോയില്‍ ലേഖനത്തിന്‍റെ പകര്‍പ്പുകള്‍ കണ്ടെത്താനും കഴിഞ്ഞില്ല.”വെന്‍ ജിയാബാവോയുടെ ഔദ്യോഗിക എക്കൗണ്ടില്‍,’ എന്‍റെ അമ്മ ‘എന്ന ലേഖനം വായിക്കേണ്ടതാണ്” എന്നാണ് ഒരു വെയ്ബോ ഉപയോക്താവിന്‍റെ അഭിപ്രായം.

‘ ചൈന ന്യായവും നീതിയും നിറഞ്ഞ ഒരു രാജ്യമായിരിക്കണം എന്നാണ് എന്‍റെ കാഴ്ചപ്പാട്. അവിടെ എല്ലായ്പ്പോഴും മനുഷ്യഹൃദയത്തോടും മാനവികതയോടും മാനുഷിക സ്വഭാവത്തോടും ബഹുമാനമുണ്ടായിരിക്കും. ഒപ്പം എല്ലായ്പ്പോഴും യുവത്വത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പോരാട്ടത്തിന്‍റെയും സ്വഭാവം ഉണ്ടായിരിക്കും. ഇതിനായി ഞാന്‍ ശബ്ദമുയര്‍ത്തുകയും പോരാടുകയും ചെയ്തിട്ടുണ്ട്. ജീവിതം എന്നെ പഠിപ്പിച്ച സത്യമാണിത്, അത് എന്‍റെ അമ്മയും എനിക്ക് നല്‍കി, “വെന്‍ ജിയാബാവോ ലേഖനത്തില്‍ എഴുതി.

സാംസ്കാരിക വിപ്ലവത്തിന്‍റെ ദാരുണമായ ദശകത്തെയും അദ്ദേഹത്തിന്‍റെ ലേഖനം ഓര്‍മ്മിപ്പിക്കുന്നു.ജിയാബാവോയുടെ പിതാവ് ഒരു അധ്യാപകനായിരുന്നു. മാവോ കാലഘട്ടത്തില്‍ പിതാവിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എഴുതി. സാംസ്കാരിക വിപ്ലവകാലത്ത് തന്‍റെ കുടുംബത്തോട് ഭരണാധികാരികള്‍ ക്രൂരമായി പെരുമാറിയതിനെക്കുറിച്ച് വെന്‍ മുമ്പ് സംസാരിച്ചിരുന്നു. “ഞാന്‍ ഹൈസ്കൂളിലേക്കും യൂണിവേഴ്സിറ്റിയിലേക്കും പോയതിനുശേഷം,എന്‍റെ കുടുംബത്തിന് നിരന്തരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു,” വെന്‍ 2011 ല്‍ നങ്കായ് ഹൈസ്കൂളില്‍ സദസ്സിനോട് പറഞ്ഞിരുന്നു.

ജനാധിപത്യത്തെക്കുറിച്ചോ സഞ്ചാരസ്വാതന്ത്ര്യത്തെക്കുറിച്ചോ പരാമര്‍ശിക്കുന്ന ഒരു വ്യക്തിഗത ലേഖനം പോലും സാധാരണയായി സെന്‍സര്‍ ചെയ്യപ്പെടുന്നതായി ചൈനയിലെ പാര്‍ട്ടി സ്കൂളിലെ മുന്‍ അധ്യാപികയും ഇപ്പോള്‍ യുഎസിലേക്ക് നാടുകടത്തപ്പെട്ട വിമതയായ കായ് സിയ ട്വിറ്ററില്‍ കുറിച്ചു.

“ലേഖനത്തിന്‍റെ മുഴുവന്‍ വാചകവും നിങ്ങള്‍ വായിച്ചാല്‍, ലേഖനം യഥാര്‍ത്ഥത്തില്‍’ സ്വയം സെന്‍സര്‍ ‘ചെയ്യപ്പെട്ടതാണ് എന്ന് മനസിലാകും. മാത്രമല്ല മുഴുവന്‍ ലേഖനത്തിലും’ ജനാധിപത്യം ‘അല്ലെങ്കില്‍’ നിയമവാഴ്ച ‘എന്ന പദങ്ങളൊന്നും ഇല്ല.അങ്ങനെയാണെങ്കിലും, ലേഖനം കൈമാറുന്നതിനും പങ്കിടുന്നതിനും ഇപ്പോഴും വിലക്കിയിരിക്കുന്നു. ചൈനയിലെ പ്രധാന സ്വേച്ഛാധിപത്യ ഭരണകൂടം ‘ജനാധിപത്യത്തെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചും’ എത്രമാത്രം ഭയപ്പെടുന്നുവെന്ന് ഇത് കാണിക്കുന്നു. ജനങ്ങളുടെ അവകാശങ്ങളെ അവര്‍ ഭയപ്പെടുന്നു, “കെയ് സിയ ട്വിറ്ററില്‍ പറഞ്ഞു.

പാര്‍ട്ടിയെയും തന്നെയും പരോക്ഷമായിപ്പോലും വിമര്‍ശിക്കുന്നവരെ ചൈനീസ് പ്രസിഡന്‍റ് കര്‍ശനമായി രീതിയിലാണ് നേരിടുന്നതെന്ന് ചരിത്രം സാക്ഷിയാണ്. അതിന് വ്യക്തിയുടെ പദവിയോ വലുപ്പമോ ഒന്നും പരിഗണിക്കാറില്ല. അതിനാല്‍ നിലവില്‍ ചൈനയില്‍ ഷിയുടെ അപ്രീതിക്ക് പാത്രമാകാന്‍ ആരും ശ്രമിക്കാറില്ല. ഷിക്ക് അതൃപ്തിയുണ്ടാകുന്ന പ്രസ്താവനകള്‍ പോലും ഒരു വ്യക്തിയുടെയോ നേതാവിന്‍റെയോ ഭാവി മാറ്റിയെഴുതിയേക്കാം. ഇതിനുദാഹരണമാണ് ജാക്ക് മാ. ഷി ജിന്‍പിംഗിന് കീഴില്‍ സെന്‍സര്‍ഷിപ്പ് കര്‍ശനമായി നടപ്പിലാക്കുന്നു എന്നതാണ് വെന്നിന്‍റെ ലേഖനം തടയപ്പെട്ടതിനുകാരണം.

കുറഞ്ഞത് രണ്ട് തവണയെങ്കിലും, രാഷ്ട്രീയ പരിഷ്കരണത്തെയും സംസാര സ്വാതന്ത്ര്യത്തെയും പിന്തുണയ്ക്കുന്ന വെന്‍ ജിയാബാവോയുടെ അഭിപ്രായങ്ങള്‍ ചൈനീസ് വാര്‍ത്താ വെബ്സൈറ്റുകളില്‍ സെന്‍സര്‍ ചെയ്തിരുന്നു. സിഎന്‍എന്‍റെ ഫരീദ് സക്കറിയയുമായുള്ള 2010 ലെ ഒരു അഭിമുഖത്തില്‍ വെന്‍ ജിയാബാവോ പറഞ്ഞു, “വികസനത്തിനിടയിലും ഏതൊരു രാജ്യത്തിനും സംസാര സ്വാതന്ത്ര്യം ഒഴിച്ചുകൂടാനാവാത്തതാണ്. സംസാര സ്വാതന്ത്ര്യം ചൈനീസ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ‘ . സിഎന്‍എന്‍ അഭിമുഖം സീന വെയ്ബോയില്‍ സെന്‍സര്‍ ചെയ്തു.

വെന്‍ ജിയാബാവോ ലിബറല്‍ കാഴ്ചപ്പാടുകളുള്ളവനായാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈനയിലെ ജനാധിപത്യത്തെക്കുറിച്ചും സംസാര സ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 1989 ല്‍ വെന്‍ ടിയാനന്‍മെന്‍ സ്ക്വയര്‍ കൂട്ടക്കൊലയില്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ പരിഷ്കരണവാദി നേതാവ് ഷാവോ സിയാങിനൊപ്പം സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിമര്‍ശനാത്മക വീക്ഷണങ്ങളിലും രാഷ്ട്രീയ പ്രമാണിമാര്‍ പ്രകടിപ്പിച്ച നയങ്ങളിലും കര്‍ശനമായ നിയന്ത്രണം ഉള്ളതിനാല്‍ ഷി ജിന്‍പിംഗിന്‍റെ കാലഘട്ടം വെന്‍ ജിയാബാവോയുടെ പ്രീമിയര്‍ഷിപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാവി ദിശയെക്കുറിച്ചുള്ള ആഭ്യന്തര ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത് ഷിയുടെ വ്യക്തിപരമായ രാഷ്ട്രീയ രീതിയാണെന്ന് കായ് സിയ പറയുന്നു. വെന്‍ തന്‍റെ അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം ചിന്തകളുടെ ഒരു നിരകൂടിയാണ് പങ്കുവെച്ചിട്ടുള്ളത്. അത് കൊടുങ്കാറ്റാകാതിരിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നു. ഒരു ലേഖനത്തെപ്പോലും ഭയപ്പെടുന്ന ഭരണകൂടമാണ് ബെയ്ജിംഗില്‍ നിലകൊള്ളുന്നത് എന്ന വസ്തുതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Maintained By : Studio3