ഒരു മിനിറ്റില്‍ ഷവോമി വിറ്റത് മുപ്പതിനായിരം മി മിക്‌സ് ഫോള്‍ഡ്
മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെയാണ് അവതരിപ്പിച്ചത്
ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി ഈയിടെയാണ് മി മിക്‌സ് ഫോള്‍ഡ് എന്ന മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിച്ചത്. ഈ ഡിവൈസിന്റെ 30,000 ലധികം യൂണിറ്റ് വെറും ഒരു മിനിറ്റില്‍ വിറ്റുപോയെന്നാണ് റിപ്പോര്‍ട്ട്. ഒരു മിനിറ്റില്‍ ഡിവൈസുകളുടെ ആകെ ബാച്ച് വിറ്റുതീര്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞതായി ജിഎസ്എം അരീന റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി 400 മില്യണ്‍ ചൈനീസ് യുവാന്‍ ഷവോമിയുടെ പോക്കറ്റിലെത്തി.
8.01 ഇഞ്ച് ഡബ്ല്യുക്യുഎച്ച്ഡി പ്ലസ് (വൈഡ് ക്വാഡ് ഹൈ ഡെഫിനിഷന്‍) റെസലൂഷന്‍ ഡിസ്‌പ്ലേയാണ് പ്രധാനം. അതായത് ഫോണ്‍ നിവര്‍ത്തിയാല്‍ ഈ ഡിസ്‌പ്ലേ ഉപയോഗിക്കാം. കൂടാതെ 90 ഹെര്‍ട്‌സ് റിഫ്രെഷ് നിരക്ക്, 180 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് നിരക്ക്, എച്ച്ഡി പ്ലസ് റെസലൂഷന്‍ എന്നിവ സഹിതം മുന്നില്‍ 6.52 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ നല്‍കി. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 പ്രൊസസറാണ് മി മിക്‌സ് ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്. 5020 എംഎഎച്ച് ബാറ്ററി ഉപയോഗിക്കുന്നു. 67 വാട്ട് ടര്‍ബോ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും.
നിരവധി ‘ആദ്യങ്ങള്‍’ അരങ്ങേറിയ ഡിവൈസാണ് മി മിക്‌സ് ഫോള്‍ഡ്. പ്രൊഫഷണല്‍ ഫോട്ടോഗ്രഫി ആവശ്യങ്ങള്‍ക്കായി അനുയോജ്യമാക്കിയ ഷവോമിയുടെ സ്വന്തം ‘സര്‍ജ് സി1 ഇമേജ് സിഗ്നല്‍ പ്രൊസസര്‍’ അരങ്ങേറ്റം നടത്തി. കൂടാതെ, ഒരു സ്മാര്‍ട്ട്‌ഫോണില്‍ ഇതാദ്യമായി ലിക്വിഡ് ലെന്‍സ് നല്‍കിയിരിക്കുന്നു.
ഫോണ്‍ മടക്കേണ്ട ആവശ്യങ്ങള്‍ക്കായി ‘യു’ ആകൃതിയുള്ള വിജാഗിരിയാണ് നല്‍കിയത്. വളരെയധികം വിശ്വസിച്ച് മടക്കാനും തുറക്കാനും കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. മടക്കാവുന്ന മറ്റ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാരം 27 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞു. വളയ്ക്കാവുന്ന നിരവധി ഗ്രാഫൈറ്റ് പാളികള്‍ ഉപയോഗിച്ചാണ് മി മിക്‌സ് ഫോള്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ‘ബട്ടര്‍ഫ്‌ളൈ കൂളിംഗ് സിസ്റ്റം’ സവിശേഷതയാണ്.