ഇന്ത്യ വമ്പന്‍ കയറ്റുമതി കേന്ദ്രമാകും : എച്ച്എംഎസ്‌ഐ പുതിയ കയറ്റുമതി വിഭാഗം ആരംഭിച്ചു
1 min readഹോണ്ടയുടെ നിലവിലെ എക്‌സിം സംവിധാനവുമായി പുതിയ ബിസിനസ് വിഭാഗം സംയോജിപ്പിക്കും
പുതുതായി ‘ഓവര്‍സീസ് ബിസിനസ് എക്‌സ്പാന്‍ഷന്‍’ വിഭാഗം ആരംഭിക്കുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) പ്രഖ്യാപിച്ചു. ഹരിയാണ മനേസറിലെ ഉല്‍പ്പാദന കേന്ദ്രം ആസ്ഥാനമായി ഓവര്‍സീസ് ബിസിനസ് എക്‌സ്പാന്‍ഷന്‍ വിഭാഗം പ്രവര്‍ത്തിക്കും. ഹോണ്ടയുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി മാറിയതോടെയാണ് പുതിയ നീക്കം. ഇന്ത്യയിലെ ബിഎസ് 6 (ഭാരത് സ്റ്റേജ് 6) നിലവാരവും പ്രധാന വികസിത വിപണികളിലെ ബഹിര്‍ഗമന മാനദണ്ഡങ്ങളും ഇപ്പോള്‍ സമാനമാണ്.
ഗുണനിലവാരം, സംഭരണം, വില്‍പ്പന ശൃംഖല, എന്‍ജിനീയറിംഗ് ഹോമോലോഗേഷന്‍, ഉല്‍പ്പാദനം, ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ഹോണ്ടയുടെ നിലവിലെ എക്‌സിം (കയറ്റുമതി, ഇറക്കുമതി) സംവിധാനവുമായി പുതിയ ബിസിനസ് വിഭാഗം സംയോജിപ്പിക്കും. ലോകത്തെ ഏറ്റവും വികസിതമായ ചില വിപണികളിലേക്ക് ഉയര്‍ന്ന നിലവാരമുള്ള ഇരുചക്രവാഹനങ്ങള്‍ കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യം. 2001 ലാണ് ഇന്ത്യയില്‍നിന്ന് എച്ച്എംഎസ്‌ഐ കയറ്റുമതി ആരംഭിച്ചത്. ആക്റ്റിവ സ്‌കൂട്ടറാണ് ആദ്യം കയറ്റുമതി ചെയ്തത്. പത്ത് ലക്ഷം യൂണിറ്റ് കയറ്റുമതിയെന്ന നാഴികക്കല്ല് 2016 ല്‍ താണ്ടിയിരുന്നു.
പുതിയ ബിസിനസ് വിഭാഗം ആരംഭിക്കുന്നതോടെ പുന:സംഘടന നടപ്പാക്കും. നിലവിലെ 100 എച്ച്എംഎസ്‌ഐ അസോസിയേറ്റുകളെ ഒരുമിച്ചുകൊണ്ടുവരും. ഇന്ത്യയെ വമ്പന്‍ കയറ്റുമതി കേന്ദ്രമാക്കി മാറ്റുകയാണ് എച്ച്എംഎസ്‌ഐ ലക്ഷ്യം വെയ്ക്കുന്നത്. നിലവില്‍ യൂറോപ്പ്, മധ്യ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, മധ്യ പൂര്‍വേഷ്യ, തെക്കുകിഴക്കനേഷ്യ, ജപ്പാന്‍, സാര്‍ക്ക് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ 35 ലധികം വിപണികളിലേക്കാണ് എച്ച്എംഎസ്‌ഐ കയറ്റുമതി ചെയ്യുന്നത്.
ബിഎസ് 6 ഉല്‍പ്പന്നങ്ങള്‍ കൂടാതെ ഈയിടെ അവതരിപ്പിച്ച ഹോണ്ട ഹൈനസ് സിബി 350, ഹോണ്ട സിബി350 ആര്‍എസ് എന്നീ മിഡ്‌സൈസ് മോഡലുകളും കയറ്റുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഈ ഇരുചക്രവാഹന മോഡലുകളുടെ മുഴുവന്‍ സാധ്യതകളും പണമാക്കി മാറ്റും. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതോടെ കൂടുതല്‍ ലാഭത്തിലും കമ്പനി കണ്ണുവെയ്ക്കുന്നു. പത്തൊമ്പത് ഇരുചക്രവാഹന മോഡലുകളാണ് എച്ച്എംഎസ്‌ഐ കയറ്റുമതി ചെയ്യുന്നത്. ഈ മോഡലുകള്‍ ഹോമോലോഗേഷന്‍ കൂടാതെ യൂറോ 5 പാലിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് റെഗുലേറ്ററി കാര്യങ്ങളും പാലിക്കേണ്ടതായി വരും.
ഹോണ്ടയുടെ ആഗോള മോട്ടോര്‍സൈക്കിള്‍ ബിസിനസിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യയുടെ ലക്ഷ്യമെന്ന് എച്ച്എംഎസ്‌ഐ മാനേജിംഗ് ഡയറക്റ്ററും പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അറ്റ്‌സുഷി ഒഗാത്ത പറഞ്ഞു. മാത്രമല്ല, ബിഎസ് 6 കാലത്ത് ഇന്ത്യയ്ക്കും ലോകത്തിനുമായി ഇന്ത്യയില്‍ നിര്‍മിക്കുന്നതിന്റെ പുതിയ അധ്യായം തുടങ്ങുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ പ്രധാന പുന:സംഘടനയോടെ ബിസിനസ് ശക്തിപ്പെടുമെന്നും ആഗോള ഹോണ്ടയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് മല്‍സരശേഷി മെച്ചപ്പെടുമെന്നും അറ്റ്‌സുഷി ഒഗാത്ത ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ 38,67,817 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് എച്ച്എംഎസ്‌ഐ വിറ്റത് (17.82 ശതമാനം ഇടിവ്). ഇതില്‍ 23,28,778 സ്‌കൂട്ടറുകളും 15,39,039 മോട്ടോര്‍സൈക്കിളുകളും ഉള്‍പ്പെടുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2,09,789 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ കയറ്റുമതി ചെയ്തു. 2020 സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 35.72 ശതമാനത്തിന്റെ ഇടിവ്. കൊവിഡ് മഹാമാരിയാണ് ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും കുറയാന്‍ കാരണമായത്.