ഗവേഷണ വികസനത്തിന് സ്വകാര്യമേഖല ചെലവിടല്‍ പോരെന്ന് സിഇഎ
1 min read-
സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ എന്തു ചെയ്യും എന്ന മനോഭാവം മാറണം
-
ഗവേഷണ വികസനത്തിനായുള്ള ചെലവിടലില്‍ സ്വകാര്യ മേഖല ഇനിയും ആവേശം കാണിക്കണം
-
വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ആര്‍ ആന്‍ഡ് ഡിക്കുള്ള ഇന്ത്യയുടെ ചെലവിടല്‍ കുറവ്
മുംബൈ: സ്വയം പര്യാപ്തതയിലേക്കും സ്വാശ്രയത്തിലേക്കുമുള്ള പാതയിലാണ് ഇന്ത്യയെന്നും അതിനാല്‍ തന്നെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സര്‍ക്കാര്‍ എന്തു ചെയ്യും, എന്തു ചെയ്യും എന്നുള്ള ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍ മാറണമെന്നും ചീഫ് ഇക്കണോമിക് അഡ്വൈസര്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍.
തങ്ങളുടെ ലാഭനേട്ടങ്ങള്‍ക്കുപരിയായി മറ്റ് സാമൂഹ്യ കാര്യങ്ങള്‍ക്കായുള്ള നിക്ഷേപവും സ്വകാര്യ മേഖല വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം സര്‍ക്കാര്‍ ചെയ്യണമെന്നത് സോഷ്യലിസ്റ്റ് യുഗത്തിലെ കാഴ്ച്ചപ്പാടാണെന്നും സ്വശ്രയത്തിലൂന്നിയായിരിക്കണം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വകാര്യ മേഖലകള്‍ മനസിലാക്കേണ്ട പ്രാഥമിക കാര്യം അടിസ്ഥാന ഗവേഷണത്തില്‍ നിക്ഷേപിക്കുന്നത് ഒരു രാജ്യത്തിന്‍റെ വികസനത്തെ സംബന്ധിച്ചിടത്തോളം അതീവപ്രാധാന്യമേറിയ കാര്യമാണെന്നാണ്. ഇക്കണോമിക് സര്‍വേയിലും ഇത് വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍ ഗവേഷണ വികസന ചെലവിടലിലേക്കുള്ള സ്വകാര്യ മേഖലയുടെ സംഭാവന മറ്റ് പല ആധുനിക സമ്പദ് വ്യവസ്ഥകളെയും അപേക്ഷിച്ച് വളരെ കുറവാണെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇത് കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിസിനസ് ചെയ്യാനുള്ള സാഹചര്യം എളുപ്പമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിക്ഷേപമിറക്കേണ്ടത് സ്വകാര്യ മേഖലയാണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കി.
വലിയ സംരംഭങ്ങള്‍ ഇന്ത്യന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ വലിയ തോതില്‍ നിക്ഷേപം ഒന്നും നടത്തിയിട്ടില്ല. അതേസമയം റിലയന്‍സ് പോലുള്ള സംരംഭങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നുണ്ട്, നിരവധി സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുക്കുന്നുമുണ്ട്. ആക്സിലറേഷന്‍ കേന്ദ്രങ്ങളും ഇന്‍കുബേഷന്‍ കേന്ദ്രങ്ങളും വഴി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം ഒരുക്കാനും നിരവധി കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നുണ്ട്. അമിറ്റി, യെസ് ബാങ്ക്, ടാറ്റ, മഹീന്ദ്ര ഗ്രൂപ്പ്, ആദിത്യ ബിര്‍ള ഗ്രൂപ്പ് തുടങ്ങിയ കമ്പനികളെല്ലാം ഇത്തരം കാര്യങ്ങളില്‍ സജീവമാണ്.
എന്നാല്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ വലിയ ഡീലുകള്‍ മിക്കവാറും നടത്തുന്നത് യുഎസ്, യുഎഇ, സൗദി അറേബ്യ, യുകെ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപകരാണ്.
ഇന്ത്യക്ക് പുറത്തുനിന്ന് സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഇന്ത്യക്കുള്ളില്‍ മൂല്യവും തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് നേക്കേണ്ടത്. മൂലധനം ലഭ്യമായ ഇടങ്ങളില്‍ നിന്നെല്ലാം അവര്‍ക്ക് അത് സമാഹരിക്കാന്‍ ശ്രമിക്കാം.
വലിയ ഡിജിറ്റല്‍ പരിവര്‍ത്തനഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും അതുണ്ടാക്കുന്ന മാറ്റങ്ങളുടെ സ്വാധീനം അമ്പരപ്പിക്കുന്നതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പത്ത് ഉണ്ടാക്കുകയെന്നത് കുറ്റമാണെന്നാണ് ഇപ്പോഴും പലരുടെയും ചിന്ത. എന്നാല്‍ സമ്പത്തുണ്ടാക്കുന്നതിനെ ഒരു തെറ്റായ പ്രവൃത്തിയായി കാണരുതെന്നും അത് ഒരു ഗുണമാണെന്നും കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. സ്വകാര്യ നിക്ഷേപങ്ങള്‍ കൂടണമെന്നും അത് ഉല്‍പ്പാദന ക്ഷമത കൂട്ടുമെന്നും അദ്ദേഹം.