ലയന പദ്ധതികള്‍ പ്രഖ്യാപിച്ച് ഇമാര്‍ മാള്‍സും ഇമാര്‍ പ്രോപ്പര്‍ട്ടീസും
1 min readലയനത്തിന്റെ ഭാഗമായി ഇമാര്‍ മാള്‍സിന്റെ നിലവിലെ ബിസിനസുകള്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനത്തിന് കീഴിലാകും
ദുബായ്: ദുബായ് ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ (ഡിഎഫ്എം) ലിസ്റ്റ് ചെയ്തിട്ടുള്ള ഇമാര്‍ പ്രോപ്പര്‍ട്ടീസും ഇമാര്‍ മാള്‍സും തമ്മില്‍ ലയിക്കുന്നു. ഇരു കമ്പനികളും സംയുക്തമായാണ് ലയന പദ്ധതി പ്രഖ്യാപിച്ചത്. ഇരു കമ്പനികളുടെയും ഓഹരി ഉടമകള്‍ക്ക്് പുതിയ കമ്പനിയില്‍ മുന്‍ കമ്പനികളില്‍ ഉണ്ടായിരുന്ന ഓഹരികളുടെ അതേ മൂല്യത്തിലുള്ള ഓഹരികള്‍ നല്‍കുന്ന ഓള്‍ ഷെയര്‍ ലയനത്തെയാണ് ഇരു കമ്പനികളിലെയും ഡയറക്ടര്‍ ബോര്‍ഡ് അനുകൂലിക്കുന്നത്.
ഇടപാടിന്റെ ഭാഗമായി ഇമാര്‍ മാള്‍സിന്റെ നിലവിലെ ബിസിനസുകള്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള മറ്റൊരു ഉപകമ്പനിക്ക് കീഴിലാകും. അതേസമയം ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഡിഎഫ്എമ്മില്‍ തന്നെ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായി തുടരും. ഇമാര്‍ മാള്‍സ് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 0.51 ഇമാര്‍ പ്രോപ്പര്‍ട്ടീസ് ഓഹരി എന്ന കണക്കിലുള്ള ഓഹരിക്കൈമാറ്റമാണ് ലയന ഇടപാട് മുന്നോട്ട് വെച്ചിരിക്കുന്നത്. ലയനത്തിന് ഇരു കമ്പനികളുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെ പരിപൂര്‍ണ പിന്തുണയുണ്ടെന്ന് സംയുക്ത പ്രസ്താവനയില്‍ ഇമാര്‍ മാള്‍സും ഇമാര്‍ പ്രോപ്പര്‍ട്ടീസും അറിയിച്ചു. പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഏകീകൃത, വൈവിധ്യാത്മക റിയല്‍ എസ്റ്റേറ്റ് കമ്പനിയെന്ന ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ സ്ഥാനം ലയനത്തിലൂടെ കൂടുതല്‍ ദൃഢമാകുമെന്നും സംയുക്ത പ്രസ്താവനയില്‍ കമ്പനികള്‍ അവകാശപ്പെട്ടു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ ഒന്നായ ഇമാര്‍ പ്രോപ്പര്‍ട്ടീസിന് യുഎഇയിലും അന്താരാഷ്ട്ര വിപണികളിലുമായി 1.7 ബില്യണ്‍ ചതുരശ്രയടി ഭൂമി സ്വന്തമായുണ്ട്. 2002 വരെയുള്ള കണക്കുകള്‍ പ്രകാരം 72,100 പാര്‍പ്പിട യൂണിറ്റുകളാണ് ഇമാര്‍ നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ 1,140,000 ചതുരശ്ര മീറ്റര്‍ പണയ സ്ഥലവും 5,895 റൂമുകളുള്ള 27 ഹോട്ടലുകളും രിസോര്‍ട്ടുകളും ഉള്‍പ്പെടുന്നു. നിലവില്‍ ഇമാര്‍ പ്രോപ്പര്‍ട്ടീസിന്റെ വരുമാനത്തിന്റെ അമ്പത് ശതമാനവും ഷോപ്പിംഗ് മാളുകളില്‍ നിന്നും റീട്ടെയ്ല്‍, ഹോസ്പിറ്റാലിറ്റി, വിനോദ, അന്താരാഷ്ട്ര മേഖലകളിലുള്ള ഉപകമ്പനികളില്‍ നിന്നുമാണ് വരുന്നത്. അതേസമയം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലോകത്തില്‍ ഏറ്റവുമധികം തവണ ആളുകള്‍ സന്ദര്‍ശിച്ചിട്ടുള്ള ഷോപ്പിംഗ്, എന്റെര്‍ടെയ്ന്‍മെന്റ് മാളായ ദുബായ് മാള്‍, സൂക് അല്‍ ബഹര്‍, ദുബായ് മറീന മാള്‍, ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് പാര്‍ക്ക് അടക്കമുള്ള പ്രോപ്പര്‍ട്ടികളാണ് ഇമാര്‍ മാള്‍സിനുള്ളത്.
ഇരുകമ്പനികളുടെയും ഓഹരിയുടമകളുടെ അംഗീകാരം അടക്കം നിരവധി ഉപാധികള്‍ പാലിച്ചെങ്കില്‍ മാത്രമേ ലയനം നടക്കുകയുള്ളു.