2030 ഓടെ ഓള്‍ ഇലക്ട്രിക് കാറുകള്‍ മാത്രം നിര്‍മിക്കുമെന്ന് വോള്‍വോ
ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ മാത്രമായിരിക്കും വൈദ്യുത വാഹനങ്ങള്‍ വില്‍ക്കുന്നത്
ഗോഥെന്‍ബര്‍ഗ്: 2030 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിര്‍മിക്കുകയെന്ന് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ പ്രഖ്യാപിച്ചു. കൂടാതെ, ഈ വൈദ്യുത വാഹനങ്ങള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ മാത്രമായിരിക്കും വില്‍ക്കുന്നത്. ഫോസില്‍ ഇന്ധന വാഹനങ്ങളെ കയ്യൊഴിയുന്ന വാഹന നിര്‍മാതാക്കളുടെ ഗണത്തിലേക്കാണ് വോള്‍വോ പ്രവേശിക്കുന്നത്. 2025 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമായിരിക്കും നിര്‍മിക്കുകയെന്ന് ടാറ്റ ട്രൂപ്പ് ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 2030 ഓടെ യൂറോപ്പില്‍ ഓള്‍ ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് യുഎസ് വാഹന നിര്‍മാതാക്കളായ ഫോഡ് ലക്ഷ്യമിടുന്നത്.
പൂര്‍ണ വൈദ്യുത കാറുകള്‍ മാത്രം വില്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് വോള്‍വോ പത്രക്കുറിപ്പില്‍ അറിയിച്ചു. ഹൈബ്രിഡ് ഉള്‍പ്പെടെ ആന്തരിക ദഹന എന്‍ജിന്‍ ഉപയോഗിക്കുന്ന ആഗോള ഉല്‍പ്പന്ന നിരയിലെ എല്ലാ കാറുകളും ഘട്ടംഘട്ടമായി ഉപേക്ഷിക്കുമെന്ന് വോള്‍വോ വ്യക്തമാക്കി. 2025 ല്‍ തങ്ങളുടെ പകുതി കാറുകള്‍ ഇലക്ട്രിക് ആയിരിക്കുമെന്നും ആകെ വില്‍പ്പനയുടെ പകുതി ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെ ആയിരിക്കുമെന്നും വോള്‍വോ വ്യക്തമാക്കി.
ഫോഡ് മോട്ടോര്‍ കമ്പനിയില്‍നിന്ന് 2010 ലാണ് വോള്‍വോ കാര്‍സിനെ ചൈനയിലെ ഗീലി ഹോള്‍ഡിംഗ് വാങ്ങിയത്. ഇതേതുടര്‍ന്ന് ഉന്നത നിലവാരമുള്ളതും സുരക്ഷാ ഫീച്ചറുകളോടെയും വോള്‍വോ കാറുകള്‍ വിപണികളിലെത്തി. വോള്‍വോയുമായി ലയിക്കില്ലെന്ന് ഗീലി ഓട്ടോ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഇരുകമ്പനികളും സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.
ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ വിലനിര്‍ണയ കാര്യത്തില്‍ കൂടുതല്‍ സുതാര്യതയും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓപ്ഷനുകളും ലഭിക്കുമെന്ന് വോള്‍വോ അഭിപ്രായപ്പെട്ടു. കാറുകള്‍ വാങ്ങുന്ന പ്രക്രിയ ഇപ്പോള്‍ സങ്കീര്‍ണമാണെന്നും കൂടുതല്‍ എളുപ്പവും സുതാര്യവും ആയിരിക്കണമെന്നും വോള്‍വോ മേധാവി ഹകന്‍ സാമുവല്‍സണ്‍ പറഞ്ഞു.
കൊവിഡ് 19 മഹാമാരിക്കിടയിലും പിടിച്ചുനില്‍ക്കാന്‍ വോള്‍വോ കാര്‍സിന് കഴിഞ്ഞിരുന്നു. ആഗോളതലത്തില്‍ വില്‍പ്പനയില്‍ ആറ് ശതമാനം ഇടിവ് മാത്രമാണ് സംഭവിച്ചത്. യൂറോപ്പിലെ മോശം വില്‍പ്പനയെ മറികടക്കാന്‍ ചൈന, വടക്കേ അമേരിക്ക പോലുള്ള വിപണികളാണ് സ്വീഡിഷ് കാര്‍ നിര്‍മാതാക്കളെ സഹായിച്ചത്. ഹൈബ്രിഡ് കാറുകളും നല്ലപോലെ വിറ്റുപോയി.