നേപ്പാളിന്റെ പ്രദേശങ്ങള്‍ ഇന്ത്യയില്‍നിന്ന് തിരിച്ചുപിടിക്കും: ഒലി
1 min readകാഠ്മണ്ഡു: ഇന്ത്യ കൈവശപ്പെടുത്തിയിരുന്ന കലാപാനി, ലിംപിയാദുര, ലിപുലെഖ് എന്നീ പ്രദേശങ്ങള്‍ വീണ്ടെടുക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ശര്‍മ ഒലി. അതിര്‍ത്തി തര്‍ക്കത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യമന്ത്രിതല ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ഒലിയുടെ പ്രസ്താവന. നേപ്പാള്‍ ഇന്ത്യാ സന്ദര്‍ശനത്തില്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലിയുടെ അജണ്ടയിലെ പ്രധാന വിഷയം അതിര്‍ത്തി തര്‍ക്കമാണെന്ന്് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശകാര്യ മന്ത്രി തലത്തില്‍ നടക്കുന്ന ആറാമത്തെ നേപ്പാള്‍-ഇന്ത്യ ജോയിന്റ് കമ്മീഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ജനുവരി 14 നാണ്് ഗ്യാവലി ഇന്ത്യ സന്ദര്‍ശിക്കുന്നത്്.
സുഗൗലി ഉടമ്പടി പ്രകാരം മഹാകാളി നദിയുടെ കിഴക്കായി സ്ഥിതിചെയ്യുന്ന കലാപാനി, ലിംപിയാദുര, ലിപുലെഖ് എന്നിവ നേപ്പാള്‍പ്രദേശങ്ങളാണ്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ അവിടെ നിലയുറപ്പിച്ചതിനുശേഷം നേപ്പാളി ഭരണാധികാരികള്‍ ഈ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഒരിക്കലും ശ്രമിക്കാത്തതിനാലാണ് അവ ഇന്ത്യയുടെ പക്കലായെതെന്നും ഒലി പറയുന്നു. ഇന്ന് നമ്മുടെ ഭൂമി തിരിച്ചുപിടിക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഇന്ത്യ-ചൈന യുദ്ധത്തിനുശേഷം ഒരു ഇന്ത്യന്‍ ആര്‍മി ബറ്റാലിയന്‍ നേപ്പാള്‍ തങ്ങളുടെ പ്രദേശമായി അവകാശപ്പെടുന്ന കലാപാനിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. ”ഇപ്പോള്‍ ഇന്ത്യയുമായുള്ള ചര്‍ച്ച സൗഹൃദത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഏത് വിലകൊടുത്തും നേപ്പാളി ഭൂമി തിരിച്ചുപിടിക്കും,” പാര്‍ലമെന്റിന്റെ ഏഴാമത്തെ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ബന്ധം ക്രിയാത്മകമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് ബന്ധം മെച്ചപ്പെടുന്നുണ്ടെന്നും നേപ്പാളിനെയും ചൈനയിലെ ടിബറ്റന്‍ സ്വയംഭരണ പ്രദേശത്തെയും ബന്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ തുരങ്കനിര്‍മാണം നടക്കുന്നുണ്ടെന്നും ഒലി പറഞ്ഞു.
നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം ഡിസംബര്‍ 20 ന് ജനപ്രതിനിധിസഭ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ വോട്ടെടുപ്പ് നടത്താനുള്ള അദ്ദേഹത്തിന്റെ തീരുമാനം സുപ്രീം കോടതിയില്‍ വെല്ലുവിളിക്കപ്പെട്ടു. ഇതിന്റെ വിചാരണ നടക്കുകയാണ്.