മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച വീടുകള്‍ മുഖ്യമന്ത്രി കൈമാറി
1 min readതിരുവനന്തപുരം: 2018-ലെ പ്രളയത്തില്‍ വീടു തകര്‍ന്നു പോയ പത്തനംതിട്ടയിലെ 48 കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള മിഷന്‍റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 23 വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, മെഴുവേലി, കടമ്പനാട് എന്നിവിടങ്ങളില്‍ നിര്‍മിച്ച 23 വീടുകളാണ് ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങിലൂടെ മുഖ്യമന്ത്രി കൈമാറ്റം ചെയ്തതായി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്തിനു പുറമെ ചിറ്റാറില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് വാങ്ങി നല്‍കിയ സ്ഥലം കൂടി ഉപയോഗപ്പെടുത്തിയാണ് വീടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സമൂഹത്തോട് പ്രതിബദ്ധയുള്ള ഒരു സ്ഥാപനത്തിന് മാത്രമേ ഇപ്രകാരമുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുകയുള്ളുവെന്നും അതുകൊണ്ടു തന്നെ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷനെ ഹാര്‍ദവമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഹെഡ് ഡോ പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വിപി ആന്‍ഡ് ബിസിനസ് ഹെഡ് (സൗത്ത് ഇന്ത്യ) മനോജ് രവി തുടങ്ങിയവര്‍ പങ്കെടുത്തു.മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍റെ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണ് പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി ഈ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. മൊത്തം 4.88 കോടി രൂപയാണ് പദ്ധതിക്കായി ഫൗണ്ടേഷന്‍ ചെലവിടുന്നത്. കേരള സര്‍ക്കാരാണ് വീടുകള്‍ ആവശ്യമുള്ളവരെ തെരഞ്ഞെടുത്തത്.
ബാക്കിയുള്ള 25 വീടുകള്‍ കടപ്ര, അയിരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പുരോഗമിക്കുകയാണ്. മെഴുവേലി, കടമ്പനാട്, കടപ്ര, അയിരൂര്‍ എന്നിവടിങ്ങളില്‍ വീടു വെയ്ക്കാനുള്ള സ്ഥലങ്ങള്‍ കേരള സര്‍ക്കാര്‍ നല്‍കിയപ്പോള്‍ ചിറ്റാറില്‍ വീടു വെച്ച സ്ഥലം ഫൗണ്ടേഷന്‍ തന്നെ വാങ്ങി നല്‍കുകയായിരുന്നു.