അന്താരാഷ്ട്ര ചലച്ചിത്രമേള : 80 ചിത്രങ്ങള്‍, അഞ്ചു തിയേറ്ററുകള്‍
തിരുവനന്തപുരം: ചലച്ചിത്രപ്രേമികള്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാലക്കാട്ട് എത്തുന്നത് 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങള്‍. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളിലുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധിക ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .തോമസ് വിന്‍റര്‍ബെര്‍ഗിന്‍റെ അനതര്‍ റൗണ്ട് , കിയോഷി കുറസോവയുടെ വൈഫ് ഓഫ് എ സ്പൈ ,അഹമ്മദ് ബഹ്റാമിയുടെ ദി വേസ്റ്റ് ലാന്‍ഡ് കോതര്‍ ബെന്‍ ഹനിയയുടെ ദി മാന്‍ ഹു സോള്‍ഡ് ഹിസ് സ്കിന്‍ തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് എത്തും. മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെയാണ് ചലച്ചിത്രമേള.
ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവ ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് രാജ്യാന്തര മത്സരവിഭാഗത്തിലുള്ളത്. ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് രാജ്യാന്തര മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇറാനിയന്‍ സംവിധായകന്‍ മുഹമ്മദ് റസോള്‍ഫ്ന്‍റെ ദെയ്ര് ഈസ് നോ ഈവിള്‍ എന്ന ചിത്രവും മത്സര വിഭാഗത്തിലുണ്ട്. ഈ ചിത്രം 2019 ലെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്കാരം നേടിയിട്ടുണ്ട്.
മുഖ്യവേദിയായ പ്രിയദര്‍ശിനി തിയേറ്ററിനു പുറമെ പ്രിയ, പ്രിയതമ, ശ്രീദേവിദുര്‍ഗ, സത്യാ മൂവി ഹൗസ് എന്നിവിടങ്ങളിലായാണ് പ്രദര്‍ശനങ്ങള്‍ നടക്കുക . പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മേളയില്‍ ഡെലിഗേറ്റുകള്‍ക്ക് സൗജന്യമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം അക്കാദമിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്. ആശുപത്രികളില്‍ നിന്നും ലാബുകളില്‍ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂര്‍ മുന്‍പ് നടത്തിയത്) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പ്രവേശനം അനുവദിക്കും