യുപിഐ-ക്ക് ബദലൊരുക്കാന്‍ ഫേസ്ബുക്കും ഗൂഗിളുമായി കൈകോര്‍ത്ത് റിലയന്‍സ്
1 min readഎന്‍യുഇ-കള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര ബാങ്ക് മാര്‍ച്ച് 31ലേക്ക് നീട്ടിയിട്ടുണ്ട്
ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ഫെയ്സ്ബുക്ക് ഇന്‍കോര്‍പ്പറേഷനും ചേര്‍ന്ന് ഒരു ന്യൂ അംബ്രല്ലാ എന്‍റിറ്റി (എന്‍യുയു) സ്ഥാപിക്കുന്നതിനുള്ള തയാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ട്. യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫേസിന് (യുപിഐ) സമാനമായ ഒരു പേയ്മെന്‍റ് ശൃംഖല സൃഷ്ടിച്ച് ഇന്ത്യയിലെ വളര്‍ന്നു വരുന്ന ഡിജിറ്റല്‍ പേയ്മെന്‍റ് വിപണിയില്‍ ഒരു വിഹിതം സ്വന്തമാക്കുന്നതിനാണ് ഇതിലൂടെ വമ്പന്‍ കമ്പനികള്‍ ശ്രമിക്കുന്നത്.
ഒരു റിലയന്‍സ് യൂണിറ്റും ഇന്‍ഫിബീം അവന്യൂസ് ലിമിറ്റഡിന്‍റെ അനുബന്ധ സ്ഥാപനമായ സോ ഹം ഭാരതും സംയുക്തമായി ഈ എന്‍യുഇ പ്രൊമോട്ട് ചെയ്യും. ഫേസ്ബുക്കും ഗൂഗിളും ചെറിയ അളവ് ഓഹരികള്‍ കൈവശം വയ്ക്കും.
കമ്പനികള്‍ തങ്ങളുടെ നിര്‍ദ്ദേശം ആര്‍ബിഐക്ക് സമര്‍പ്പിക്കാനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. മുമ്പ് ഇറ്റ്സ്ക്യാഷ് സ്ഥാപിച്ച, പേയ്മെന്‍റ് വ്യവസായ മേഖലയിലെ വിദഗ്ധന്‍ നവീന്‍ സൂര്യയെ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയി നിയമിച്ചതായും ഇവര്‍ വെളിപ്പെടുത്തുന്നു.
ഫേസ്ബുക്കും ഗൂഗിളും ഒരു പേമെന്‍റ് സിസ്റ്റത്തിനായി റിലയന്‍സുമായി സഹകരിക്കാന്‍ ഒരുങ്ങുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കമ്പനികളൊന്നും തന്നെ ഔദ്യോഗികമായി ഈ നീക്കം സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. ഈ കമ്പനികളുടെ പ്രതിനിധികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുകയാണ്. മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി താല്‍പ്പര്യ പത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
എന്‍യുഇ-കള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര ബാങ്ക് മാര്‍ച്ച് 31ലേക്ക് നീട്ടിയിട്ടുണ്ട്. താല്‍പ്പര്യ പത്രങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിന് 6 മാസ കാലയളവാണ് ആര്‍ബിഐ മുന്നോട്ടുവെച്ചിട്ടുള്ളത്. രണ്ടില്‍ കൂടുതല്‍ എന്‍ഇയു-കള്‍ക്ക് ആര്‍ബിഐ അനുമതി നല്‍കാനിടയില്ലെന്നാണ് വ്യാവസായിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഐസിഐസിഐ ബാങ്ക്, ആമസോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യവും ഇന്‍ഡസ്ഇന്‍ഡ് ബാങ്കും പേടിഎമ്മും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യവും ഈ ആഴ്ച താല്‍പ്പര്യ പത്രം നല്‍കിയിട്ടുണ്ട് . ടാറ്റ ഗ്രൂപ്പിനൊപ്പം എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യവും ഉടന്‍ താല്‍പ്പര്യ പത്രം സമര്‍പ്പിച്ചേക്കും.