2021 ഇന്ത്യയിലെ സര്‍ക്കാര്‍ ഐടി ചെലവിടല്‍ 9.4 % ഉയരും: ഗാര്‍ട്നര്‍
1 min read2021ല്‍ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങള്‍ പ്രധാന ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ഗാര്‍ട്നര്‍ വിലയിരുത്തുന്നത്
ന്യൂഡെല്‍ഹി: ഇന്ത്യയിലെ സര്‍ക്കാര്‍ ഐടി ചെലവ് 2021 ല്‍ മൊത്തം 7.3 ബില്യണ്‍ ഡോളറായി ഉയരുമെന്ന് വിപണി ഗവേഷണ സ്ഥാപനമായ ഗാര്‍ട്നറിന്‍റെ നിരീക്ഷണം. 2020 നെ അപേക്ഷിച്ച് 9.4 ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷത്തെ ചെലവിടലില്‍ പ്രകടമാകുക. ഇന്ത്യയിലെ സര്‍ക്കാര്‍ ഐടി ചെലവ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ വര്‍ഷം നടക്കുന്ന ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് മുഖ്യപങ്കുവഹിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
“ചെലവഴിക്കുന്നതിലെ ജാഗ്രതാപൂര്‍ണമായ സമീപനത്തില്‍ നിന്ന് ഇന്ത്യയിലെ സര്‍ക്കാര്‍ 2021ല്‍ ധനപരമായ കുടുതല്‍ ഉദാരമായ രീതിയിലേക്ക് മാറും,” ഗാര്‍ട്നറിലെ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് അനലിസ്റ്റ് അപേക്ഷ കൗശിക് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 ല്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതികള്‍ ഒതുക്കിനിര്‍ത്തപ്പെട്ടിരുന്നു. ദുര്‍ബലമായ സമ്പദ്വ്യവസ്ഥ കഴിഞ്ഞ വര്‍ഷം എല്ലാ വിഭാഗങ്ങളിലുമുള്ള ഐടി ചെലവ് കുറയ്ക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി.
2021ല്‍ സര്‍ക്കാരിന്‍റെ ആത്മനിര്‍ഭര്‍ ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ സംരംഭങ്ങള്‍ പ്രധാന ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ഗാര്‍ട്നര്‍ വിലയിരുത്തുന്നത്. ആപ്ലിക്കേഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, വെര്‍ട്ടിക്കല്‍-സ്പെസിഫിക് സോഫ്റ്റ്വെയര്‍ എന്നിവ ഉള്‍പ്പെടുന്ന സോഫ്റ്റ്വെയര്‍ വിഭാഗത്തിന് 2021 ല്‍ ഏറ്റവും ശക്തമായ വളര്‍ച്ച അനുഭവപ്പെടുമെന്ന് നിരീക്ഷിക്കുന്നു.
2021 ല്‍, ഇന്ത്യയിലെ സര്‍ക്കാര്‍ ബജറ്റുകള്‍ കമ്മ്യൂണിറ്റികളുടെയും ബിസിനസുകളുടെയും വീണ്ടെടുക്കല്‍, വളര്‍ച്ച എന്നിവ മുന്നില്‍ കാണുന്നതാകും. എങ്കിലും ചെലവ് ക്രമീകരണത്തില്‍ ശ്രദ്ധ ചെലുത്തുമെന്നും ഗാര്‍ട്നര്‍ വിലയിരുത്തുന്നു. “ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ), ക്ലൗഡ് സേവനങ്ങള്‍, ബ്ലോക്ക്ചെയിന്‍ എന്നിവയായിരിക്കും സര്‍ക്കാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകള്‍.
ധാര്‍മ്മികതയ്ക്കും സ്വകാര്യതയ്ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഇത്,” അപേക്ഷ കൗശിക് പറഞ്ഞു. ഡിജിറ്റല്‍ സമത്വത്തിനായുള്ള നിക്ഷേപം, 5ജി-യുടെ ദേശീയ മാനദണ്ഡങ്ങള്‍, വിദൂര മേഖലകളിലെ പൗരന്‍മാരിലേക്ക് സേവനങ്ങള്‍ എത്തിക്കുന്നതിലെ പുരോഗതി എന്നിവ നിര്‍ണായകമാകും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.