November 16, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഹഡില്‍ ഗ്ലോബല്‍: നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ

1 min read

Person using tablet

തിരുവനന്തപുരം: കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നോപാര്‍ക്ക് ആസ്ഥാനമായ സാങ്കേതിക കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസി (ജിടെക്) ന്‍റെ സാമ്പത്തികപിന്തുണ. കോവളത്ത് നടന്ന ഹഡില്‍ ഗ്ലോബല്‍ 2026 ലെ നിക്ഷേപക പിച്ച് സെഷനില്‍ ഇതിന്‍റെ താല്‍പര്യപത്രം കൈമാറി. ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2026 വേദിയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ചാണ് ജിടെക് ‘ചെക്ക് മേറ്റ്’ എന്ന പേരില്‍ നിക്ഷേപക പിച്ച് സെഷന്‍ സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുടെ സാന്നിധ്യത്തില്‍ ലീഡ്മെട്രിക്സ്, ക്ലൗഡ് പോസിറ്റീവ്, സീവ് (ഇസെഡ്.എസ്.എസ് ടെക്നോളജീസ്), സ്പേസ്ടൈം 4ഡി എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് താല്‍പര്യപത്രങ്ങള്‍ നല്‍കിയത്. ജിടെക് അംഗങ്ങളായ കമ്പനികളെ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് എക്സ്ചേഞ്ച് പദ്ധതിയുടെ ആദ്യ നേട്ടമാണിത്. ജിടെക്കിന്‍റെ സ്റ്റാര്‍ട്ടപ്പ് എന്‍ഗേജ്മെന്‍റ് ഫോക്കസ് ഗ്രൂപ്പ് ആണ് സ്റ്റാര്‍ട്ടപ്പ് എക്സ്ചേഞ്ച് പദ്ധതിക്ക് തുടക്കമിട്ടത്. മൂലധനം നല്‍കുന്നതിന് പുറമെ ഉപഭോക്താക്കളെ കണ്ടെത്തുക, പൈലറ്റ് പ്രോജക്റ്റുകള്‍ക്ക് അവസരമൊരുക്കുക, ബിസിനസ് ബന്ധങ്ങള്‍ സ്ഥാപിക്കുക, മെന്‍ററിംഗ് നല്‍കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ അടുത്ത തലമുറ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ജിടെക് അംഗങ്ങളായ കമ്പനികളെ ക്ഷണിച്ച്, ഒരു സ്റ്റാര്‍ട്ടപ്പില്‍ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടായിരുന്നു പദ്ധതിയുടെ തുടക്കം. ചെക്ക് മേറ്റ് പദ്ധതിക്കായി 50-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ അപേക്ഷിച്ചിരുന്നു. ഇവയില്‍ നിന്ന് പ്രവര്‍ത്തനമേഖല, വളര്‍ച്ച, നിലവിലെ പ്രവര്‍ത്തനം, ബിസിനസ് മോഡല്‍, ജിടെക് കമ്പനികളുടെ പ്രവര്‍ത്തന മേഖലയുമായുള്ള പൊരുത്തം എന്നിവയുടെ അടിസ്ഥാനത്തില്‍ 10 സ്റ്റാര്‍ട്ടപ്പുകളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ഈ സ്റ്റാര്‍ട്ടപ്പുകള്‍ ജിടെക് നിക്ഷേപകരുടെ പാനലിന് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിച്ചു. ഓരോ അവതരണത്തിന് ശേഷവും നിക്ഷേപകര്‍ വിലയിരുത്തലുകള്‍ രേഖപ്പെടുത്തുകയും നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടോ എന്നും എത്ര തുക നിക്ഷേപിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ നാല് സ്റ്റാര്‍ട്ടപ്പുകള്‍ ഒന്നിലധികം നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും, പരിപാടിക്കിടയില്‍ തന്നെ അവയ്ക്ക് താല്‍പ്പര്യപത്രങ്ങള്‍ ലഭിക്കുകയും ചെയ്തു. സംസ്ഥാനത്തെ സാങ്കേതിക കമ്പനികള്‍ ഈ ആവാസവ്യവസ്ഥയോടൊപ്പം വളര്‍ന്നുവന്നവയാണെന്നും ഇപ്പോള്‍ അതിലേക്ക് തിരിച്ചുനിക്ഷേപിക്കേണ്ട സമയമാണെന്നും ജിടെക് ചെയര്‍മാന്‍ ജിജോ ജോണ്‍ പറഞ്ഞു. നിക്ഷേപകര്‍ എന്നതിലുപരി ഉപഭോക്താക്കളായും പങ്കാളികളായും ഉപദേഷ്ടാക്കളായും ഒത്തുചേരുമ്പോള്‍ ജിടെക്കിന് എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചെക്ക് മേറ്റ് സംരംഭം തെളിയിക്കുന്നു. ജിടെക്കില്‍ നിന്ന് വരാനിരിക്കുന്ന നിരവധി സംരംഭങ്ങളില്‍ ആദ്യത്തേതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെറും രണ്ട് ദിവസത്തിനുള്ളില്‍ 50-ലധികം സ്റ്റാര്‍ട്ടപ്പുകളാണ് അപേക്ഷിച്ചതെന്നും ബിസിനസ് മനസ്സിലാക്കുന്നതും വളര്‍ച്ചയ്ക്ക് സഹായിക്കുന്നതുമായ നിക്ഷേപകരെയാണ് സംരംഭകര്‍ തേടുന്നതെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും ജിടെക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സ്റ്റാര്‍ട്ടപ്പ് എന്‍ഗേജ്മെന്‍റ് ഫോക്കസ് ഗ്രൂപ്പ്’ ലീഡുമായ ഹരീഷ് മോഹന്‍ പറഞ്ഞു. ആശയങ്ങള്‍ അവതരിപ്പിച്ച എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ, യുഎസ്, യുഎഇ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുള്ള ലീഡ്മെട്രിക്സ് ചെറുകിട-ഇടത്തരം ബിസിനസ്സുകള്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്ന എഐ സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നു. കമ്പനികളുടെ പബ്ലിക് ക്ലൗഡ് ചെലവുകള്‍ കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഓട്ടോമേറ്റഡ് പ്ലാറ്റ്‌ഫോമാണ് ക്ലൗഡ് പോസിറ്റീവ് നല്‍കുന്നത്. എഫ്എംസിജി റീട്ടെയില്‍ ശൃംഖലകള്‍ക്കായി ബില്ലിംഗ്, അക്കൗണ്ടുകള്‍, എഐ അധിഷ്ഠിത സ്റ്റോക്ക് മാനേജ്മെന്‍റ് എന്നിവ ഉള്‍പ്പെടുന്ന ഓപ്പറേറ്റിംഗ് പ്ലാറ്റ്‌ഫോം സീവ് (ഇസെഡ്.എസ്.എസ് ടെക്നോളജീസ്) ഒരുക്കുന്നു. സ്പേസ്ടൈം 4ഡി മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും അത്യാധുനിക നിര്‍മ്മാണ മേഖലയ്ക്കുമായി ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന 3ഡി പ്രിന്‍ററുകള്‍ നിര്‍മ്മിക്കുന്നു. സ്പേസ്ടൈമിന്‍റെ ആകാശ 300 പ്രിന്‍റര്‍ ഐസ്ആര്‍ഒയുടെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്‍ററിന് കൈമാറിയിട്ടുണ്ട്. ചെക്ക് മേറ്റിനെ സ്റ്റാര്‍ട്ടപ്പ് എക്സ്ചേഞ്ചിന്‍റെ സ്ഥിരം സംവിധാനമാക്കാനും നിക്ഷേപം നടത്തുന്ന കമ്പനികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ജിടെക് പദ്ധതിയിടുന്നു. നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുള്ള ജിടെക് കമ്പനികള്‍ക്കും നിക്ഷേപം, വിപണി പ്രവേശനം, മോണിറ്ററിംഗ് എന്നിവ തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കായി startupexchange.gtechindia.org സന്ദര്‍ശിക്കാവുന്നതാണ്.

  ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നു
Maintained By : Studio3