November 14, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വിഴിഞ്ഞം തുറമുഖം: ലോജിസ്റ്റിക്സ് മേഖലയില്‍ വന്‍ കുതിപ്പിന് വഴിയൊരുങ്ങുന്നു

1 min read

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തോടെ കേരളത്തിന്‍റെ ലോജിസ്റ്റിക്സ്, സമുദ്ര അനുബന്ധ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വാണിജ്യമേഖലയ്ക്കും അവസരങ്ങളുടെ മഹാസാഗരമാണ് തുറക്കപ്പെടുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ ‘ഫോളോ ദി കണ്ടെയ്നര്‍: വിഴിഞ്ഞത്തിന്‍റെ ലോജിസ്റ്റിക്സ് സമ്പദ് വ്യവസ്ഥയില്‍ എവിടെയാണ് ധനസമ്പാദനം (വേര്‍ ദി മണി വില്‍ ബി മേഡ് ഇന്‍ വിഴിഞ്ഞംസ് ലോജിസ്റ്റിക്സ് ഇക്കോണമി) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് വ്യവസായ, തുറമുഖ, ഭരണ, അക്കാദമിക് മേഖലകളിലെ പ്രമുഖര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്. വര്‍മ്മ & വര്‍മ്മ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് സീനിയര്‍ പാര്‍ട്ണര്‍ വിവേക് കൃഷ്ണ ഗോവിന്ദ് മോഡറേറ്റ് ചെയ്ത ചര്‍ച്ചയില്‍ വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസ്, അദാനി പോര്‍ട്ട് & സെസ് സി.ഇ.ഒ പ്രദീപ് ജയരാമന്‍, ഹൗസ് ഓഫ് നിലമേല്‍ സി.ഇ.ഒ സുരേഷ് മാത്യു, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് യൂണിവേഴ്സിറ്റി (കുഫോസ്) വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. എ. ബിജു കുമാര്‍ എന്നിവരാണ് പങ്കെടുത്തത്. വിഴിഞ്ഞത്തെ സമ്പൂര്‍ണ്ണ ഗേറ്റ് വേ തുറമുഖമാക്കി മാറ്റുന്നതിനായി 2028-29 കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന മൂന്ന് പ്രധാന ഗതാഗത പദ്ധതികള്‍ക്ക് വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മുന്‍ഗണന നല്‍കുന്നതായി എംഡി ജെറോമിക് ജോര്‍ജ് ഐ.എ.എസ് അറിയിച്ചു. ബാലരാമപുരത്ത് നിന്ന് തുറമുഖത്തേക്ക് നേരിട്ടുള്ള ഭൂഗര്‍ഭ റെയില്‍ തുരങ്കം, ദേശീയപാത 66-മായി ബന്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ക്ലോവര്‍ലീഫ് ഇന്‍റര്‍ചേഞ്ച്, തിരുവനന്തപുരം നഗരത്തിന് ചുറ്റുമുള്ള ഔട്ടര്‍ റിംഗ് റോഡ് എന്നിവ യാഥാര്‍ത്ഥ്യമാകുന്നതോടെ തുറമുഖത്തിന് ചുറ്റും വലിയൊരു വ്യാവസായിക വളര്‍ച്ചാ ഇടനാഴി രൂപപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് സമീപമുള്ള വിഴിഞ്ഞത്തിന്‍റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത പ്രയോജനപ്പെടുത്തി കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്ന ബങ്കറിംഗ് ഹബ്ബായും കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രമായും വിഴിഞ്ഞത്തെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖത്തിന്‍റെ പ്രധാന ടെര്‍മിനല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയതിനാല്‍, സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും തുറമുഖത്തിന് പുറത്തുള്ള അനുബന്ധ ആവാസവ്യവസ്ഥയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് പ്രദീപ് ജയരാമന്‍ അഭിപ്രായപ്പെട്ടു. എക്സിം കാര്‍ഗോ ആരംഭിച്ചതോടെ എംറ്റി കണ്ടെയ്നര്‍ പാര്‍ക്കുകള്‍, ഷിപ്പ് ചാന്‍ഡ്ലിംഗ്, ക്രൂ ചേഞ്ച് എന്നിവയ്ക്ക് ഉടനടി ആവശ്യകത വര്‍ദ്ധിക്കുമെന്നും, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വെയര്‍ഹൗസ് ഓട്ടോമേഷന്‍, എ.ഐ അധിഷ്ഠിത കാര്‍ഗോ ഹാന്‍ഡ്ലിംഗ്, ഹെവി എന്‍ജിനീയറിങ് അസംബ്ലി യൂണിറ്റുകള്‍ എന്നിവയില്‍ വലിയ നിക്ഷേപ സാധ്യതകള്‍ തുറക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി അധിഷ്ഠിത നിര്‍മ്മാണ മേഖലകളും, ഹൗസിംഗ്, ഹോസ്പിറ്റാലിറ്റി, ധനകാര്യ സേവനങ്ങളും വികസിക്കുമെന്നും, സംരംഭകര്‍ വിപണിയിലെ പോരായ്മകള്‍ സ്വയം പഠിച്ച് പരിഹാരങ്ങളുമായി മുന്നോട്ട് വരണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. നിലവില്‍ വിഴിഞ്ഞത്ത് കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്കുള്ള ട്രാന്‍സ്ഷിപ്പ്മെന്‍റ് പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും, കയറ്റുമതി-ഇറക്കുമതി (എക്സിം) കാര്‍ഗോ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് തുറമുഖത്തിന്‍റെ യഥാര്‍ത്ഥ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും സുരേഷ് മാത്യു പറഞ്ഞു. കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ എടുത്തേക്കാമെന്നും, അത് പൂര്‍ത്തിയാകുന്നതോടെ അനുബന്ധ മേഖലകളില്‍ വന്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖ മേഖലയ്ക്ക് ആവശ്യമായ പ്രത്യേക നൈപുണ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കുന്നതിനായി സര്‍വ്വകലാശാലകളുടെ കൂട്ടായ്മയോടെ മാരിടൈം സ്കില്‍ അക്കാദമിയും സ്കില്‍ പാര്‍ക്കും സ്ഥാപിക്കണമെന്ന് പ്രൊഫ. എ. ബിജു കുമാര്‍ നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സമുദ്ര ഗവേഷണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ‘ബ്ലൂ ഇക്കോണമി നോളജ് ക്ലസ്റ്റര്‍’ രൂപീകരിക്കണമെന്നും, ഇന്‍കുബേഷന്‍ സെന്‍ററുകളിലൂടെ ഗവേഷണങ്ങളെ വാണിജ്യ സ്റ്റാര്‍ട്ടപ്പുകളാക്കി മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  മണപ്പുറം ഫിനാന്‍സ് അറ്റാദായത്തില്‍ 222.90 ശതമാനം വളർച്ച
Maintained By : Studio3