കേരളം സംയോജിത ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ് സ്ഥാപിക്കും
തിരുവനന്തപുരം: സ്വര്‍ണം ശുദ്ധീകരിക്കല്‍, പുനരുപയോഗം, നിര്‍മ്മാണം, ഹാള്‍മാര്‍ക്കിംഗ്, പരിശോധന, ഡിസൈന്‍, ലോജിസ്റ്റിക്സ്, വ്യാപാരം എന്നിവ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന സംയോജിത ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബും ജ്വല്ലറി പാര്‍ക്കും സ്ഥാപിക്കാന്‍ കേരളം പദ്ധതിയിടുന്നു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. സ്വര്‍ണ ശുദ്ധീകരണശാല ഉള്‍പ്പെടെ 35 ഏക്കര്‍ സ്ഥലത്ത് ഈ പാര്‍ക്ക് വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ‘റീഇമാജിനിംഗ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ നടന്നു. വ്യവസായം, എഐ, നിക്ഷേപം, സംരംഭകത്വം എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന ‘ഗ്ലോബല്‍ ഗോള്‍ഡ് ഹബ്ബ്’ സെഷനില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വ്യവസായ പ്രതിനിധികള്‍, സ്വര്‍ണ വ്യാപാരികള്‍, നിര്‍മ്മാതാക്കള്‍, ധനകാര്യ സ്ഥാപനങ്ങള്‍, മേഖലയിലെ വിവിധ സംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതിക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്ന് റവന്യൂ മന്ത്രി എ.പി അനില്‍കുമാര്‍ ഉറപ്പുനല്‍കി. മൈന്‍സ് ആന്‍ഡ് മിനറല്‍സ് ഡയറക്ടര്‍ ഹരികുമാര്‍ സെഷനില്‍ അധ്യക്ഷത വഹിച്ചു. സ്പെഷ്യല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെയും കിന്‍ഫ്രയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ (കെജിഎസ്എംഎ), ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) പ്രതിനിധികള്‍, ഭീമ, മലബാര്‍, കല്യാണ്‍, റീഗല്‍, പ്രിന്‍സ്, ഗാലക്സി തുടങ്ങിയ ജ്വല്ലറി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ സെഷനില്‍ പങ്കെടുത്തു. ലൈസന്‍സുള്ള സ്വര്‍ണ ശുദ്ധീകരണശാലകളുടെ അഭാവമാണ് കേരളത്തിന്‍റെ സ്വര്‍ണ വ്യവസായ മേഖലയിലെ പ്രധാന പോരായ്മയെന്ന് ഹരികുമാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിനകത്ത് തന്നെ പഴയ സ്വര്‍ണം ശുദ്ധീകരിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ഈ കുറവ് പരിഹരിക്കാന്‍ നിര്‍ദ്ദിഷ്ട ഹബ്ബിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ സ്വര്‍ണ നിര്‍മ്മാണത്തിന്‍റെയും ജ്വല്ലറി ഉല്‍പ്പാദനത്തിന്‍റെയും വലിയൊരു ഭാഗം കൈകാര്യം ചെയ്യുന്ന തൃശൂര്‍-കൊച്ചി ഇടനാഴി നിര്‍ദ്ദിഷ്ട ഗോള്‍ഡ് ഹബ്ബിന് തന്ത്രപ്രധാനമായ സ്ഥലമായിരിക്കും. ദുബായിലെ ഗോള്‍ഡ് സൂക്ക് പോലെ സ്വര്‍ണ്ണ നിര്‍മ്മാണത്തിലെയും വ്യാപാരത്തിലെയും പ്രധാന കേന്ദ്രമായി മാറാനുള്ള ശേഷി കേരളത്തിനുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളത്തിന് മാറാന്‍ കഴിയും. ഈ മേഖലയിലെ പുതിയ തലമുറ സംരംഭകര്‍ക്ക് പുതിയ പദ്ധതി ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. അത്യാധുനിക നിര്‍മ്മാണ സാങ്കേതികവിദ്യകള്‍, ആധുനിക ഡിസൈന്‍ സൗകര്യങ്ങള്‍, ശക്തമായ വിപണന-വില്‍പ്പന സംവിധാനങ്ങള്‍, ചിട്ടയായ നൈപുണ്യ വികസനം എന്നിവയുടെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് സംയോജിത പാര്‍ക്ക് എന്ന ആശയത്തെ ചര്‍ച്ചയില്‍ പങ്കെടുത്ത സ്വര്‍ണാഭരണ മേഖലയിലെ പ്രതിനിധികള്‍ പിന്തുണച്ചു. തുര്‍ക്കി, ദുബായ് എന്നിവിടങ്ങളിലെ മാതൃകകള്‍ പരിശോധിക്കുന്നതിനൊപ്പം അസംഘടിത സ്വര്‍ണ മേഖലയെ ഔദ്യോഗിക സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നയപരമായ പരിഷ്കരണങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.
