Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വ്യവസായ നിക്ഷേപ നയങ്ങള്‍ക്ക് കൃത്യമായ തുടര്‍ച്ചയുണ്ടാകും: മന്ത്രി

1 min read

തിരുവനന്തപുരം: സര്‍ക്കാറുകള്‍ മാറിയാലും സംസ്ഥാനത്തെ വ്യവസായ നിക്ഷേപ നയങ്ങള്‍ക്ക് കൃത്യമായ തുടര്‍ച്ചയുണ്ടാകുമെന്ന് വ്യവസായ വാണിജ്യ ഐടി എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. വ്യവസായികളോടും നിക്ഷേപകരോടും അനുകൂലമായ സമീപനവും രീതിയുമായിരിക്കും സര്‍ക്കാരിന്‍റേതെന്നും ഇന്‍വെസ്റ്റ് കേരളയിലെ പദ്ധതികള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) സംഘടിപ്പിച്ച വ്യവസായ പങ്കാളികളുമായുള്ള കൂടിയാലോചനാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്‍റെ 100 ദിന പരിപാടിയുടെ ഭാഗമായി സമഗ്രമായ നിക്ഷേപ ആവാസവ്യവസ്ഥയായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കൗണ്‍സില്‍, ഇന്‍വെസ്റ്റ് കേരള സെല്‍, വിദേശത്തുള്ള കേരള ഡെസ്കുകള്‍ എന്നീ മൂന്ന് പ്രധാന സംരംഭങ്ങള്‍ നടപ്പിലാക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളെ സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ പങ്കാളികളാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിക്ഷേപ ആവാസവ്യവസ്ഥയുടെ വ്യത്യസ്ത തലങ്ങളില്‍ മൂന്ന് സംരംഭങ്ങളും പ്രവര്‍ത്തിക്കും. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും ഏറ്റവും അനുയോജ്യമായ സ്ഥലമായിട്ടാണ് കേരളത്തെ ഇപ്പോള്‍ കണക്കാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യവസായം തുടങ്ങുന്നതിനായുള്ള അനുമതികളെ സംബന്ധിച്ച് പൊതുവെ പരാതികള്‍ കുറവാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിനെ വളരെ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സാങ്കേതിക വളര്‍ച്ചയും അടിസ്ഥാന സൗകര്യങ്ങളും കേരളത്തെ മുന്നോട്ടുനയിക്കുന്നു. സാങ്കേതികവിദ്യയില്‍ വന്ന മാറ്റം പ്രധാനമാണ്. ഐടി, സാങ്കേതിക മേഖലകളില്‍ കേരളം ഏറെ മുന്നോട്ടു പോയിരിക്കുന്നു. ഈ മേഖലകളില്‍ കൂടുതല്‍ നൈപുണ്യ വികസനം സാധ്യമാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാന ഡെസ്റ്റിനേഷനായി കേരളം മാറും. സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായ പദ്ധതികളും നിക്ഷേപവും വരാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നിക്ഷേപം വരുമ്പോള്‍ സംസ്ഥാനത്തിന്‍റെ വളര്‍ച്ച ലക്ഷ്യമാക്കി പ്രതിപക്ഷ, ഭരണഭക്ഷ ഭേദമന്യേ അതിനെ സ്വാഗതം ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ വ്യവസായികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളും ആവശ്യങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുവെന്നും തോട്ടം മേഖലയെയും വ്യവസായത്തിന് ആവശ്യമായ ഭൂമിയെയും സംബന്ധിച്ചുള്ള കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശത്ത് കേരള ഡെസ്കുകള്‍ എങ്ങനെ രൂപപ്പെടുത്തുന്നു എന്നത് പ്രധാനമാണെന്ന് വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. വിദേശത്ത് നിന്ന് കേരളത്തിലേക്ക് നിക്ഷേപം നയിക്കുന്നതിനുള്ള മാര്‍ഗങ്ങളായി ഈ ഡെസ്കുകള്‍ പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രി അധ്യക്ഷനായ നിര്‍ദ്ദിഷ്ട നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന് നിയമപരമായ അധികാരങ്ങള്‍ ഉണ്ടായിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുടനീളം ആശങ്കകള്‍ പരിഹരിക്കുന്നതിനും അംഗീകാരങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി അധ്യക്ഷനായ നിര്‍ദ്ദിഷ്ട നിക്ഷേപ ഉപദേശക സമിതി (ഇന്‍വെസ്റ്റ്മെന്‍റ് അഡ്വൈസറി കൗണ്‍സില്‍) നയ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും വ്യവസായികള്‍ക്ക് സര്‍ക്കാരിന് നേരിട്ട് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുള്ള വേദിയായി പ്രവര്‍ത്തിക്കുകയും ചെയ്യും. മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ, അക്കാദമിക് മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവര്‍ കൗണ്‍സിലില്‍ ഉള്‍പ്പെടും. കെ.എസ്.ഐ.ഡി.സിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍വെസ്റ്റ് കേരള സെല്‍ റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ വഴി ആദ്യന്ത സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ട് നിക്ഷേപകര്‍ക്ക് ബന്ധപ്പെടാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കും. ഭൂമി തിരിച്ചറിയല്‍, നിയമപരമായ അനുമതികള്‍, ധനസഹായം, പദ്ധതി സൗകര്യം, വകുപ്പുകളുമായുള്ള ഏകോപനം എന്നിവയില്‍ സെല്‍ നിക്ഷേപകരെ സഹായിക്കും. നിക്ഷേപത്തിന് തയ്യാറായ പദ്ധതികളുടെ വികാസവും ലഭ്യമായ പൊതു ഭൂമിയുടെയും ബിസിനസ് അവസരങ്ങളുടെയും ഡാറ്റാബേസ് സൃഷ്ടിക്കുകയും ചെയ്യും. വിദേശ ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനായി ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്കിയോ എന്നിവിടങ്ങളിലാണ് കേരള ഡെസ്കുകള്‍ സ്ഥാപിക്കുക. ഈ ഓഫീസുകള്‍ കേരളത്തെ ഒരു നിക്ഷേപ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുകയും സംസ്ഥാനത്തെ ആഗോള പ്രവാസികളെ ഉല്‍പ്പാദനപരമായ നിക്ഷേപങ്ങളിലേക്ക് മൂലധനം തിരിച്ചുവിടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ബിസിനസ് എളുപ്പമാക്കല്‍ മെച്ചപ്പെടുത്തുന്നതിലൂടെയും കൂടുതല്‍ നയപരമായ തുടര്‍ച്ച നല്‍കുന്നതിലൂടെയും പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിലൂടെയും കേരളത്തിന്‍റെ നിക്ഷേപ ചട്ടക്കൂടില്‍ ഘടനാപരമായ മാറ്റം സൃഷ്ടിക്കുന്നതിനാണ് നിര്‍ദ്ദിഷ്ട പരിഷ്കാരങ്ങള്‍ ഉദ്ദേശിക്കുന്നത്. വ്യവസായ, നിക്ഷേപ മേഖലകളുടെ പ്രോത്സാഹനത്തിനായി ലാന്‍ഡ് ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന നിര്‍ദേശം യോഗത്തില്‍ വ്യവസായ പങ്കാളികള്‍ മുന്നോട്ടുവച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജിയോളജി വകുപ്പ് അനുമതികള്‍ സമയബന്ധിതമായി ലഭിക്കാനുള്ള അവസരമൊരുക്കുക, കെഎസ്ഐഡിസിക്ക് സ്റ്റാറ്റ്യൂട്ടറി പദവി നല്‍കുക, എല്ലാ വകുപ്പിന്‍റെയും ക്ലിയറന്‍സുകള്‍ വേഗത്തില്‍ ലഭിക്കുന്ന തരത്തില്‍ കെ-സ്വിഫ്റ്റ് പോര്‍ട്ടലിലെ പോരായ്മകള്‍ പരിഹരിക്കുക, സംസ്ഥാന ബജറ്റില്‍ അവതരിപ്പിച്ച സമുദ്ര മിഷന്‍റെ ഭാഗമായി വ്യവസായം, ഐടി എന്നിവയുടെ സ്പെഷ്യലൈസ്ഡ് യൂണിറ്റ് വ്യവസായ വകുപ്പിന് കീഴില്‍ സ്ഥാപിക്കുക, സംസ്ഥാനത്ത് ലേബര്‍ കോഡ് സംബന്ധിച്ച് വ്യക്തതയുണ്ടാക്കുക, കശുവണ്ടി വ്യവസായത്തിനായി മാസ്റ്റര്‍പ്ലാന്‍ കൊണ്ടുവരിക, വ്യവസായത്തിനുള്ള ലൈസന്‍സിംഗ് അതോറിറ്റി തദ്ദേശ വകുപ്പില്‍ നിന്ന് വ്യവസായ വകുപ്പ് ഏറ്റെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങളും വിവിധ മേഖലകളെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്ത വ്യവസായികളില്‍ നിന്ന് ഉയര്‍ന്നു.

  ജൂണിപ്പർ ഗ്രീൻ എനർജി ഐപിഒ
Maintained By : Studio3