ടാറ്റ എഐഎ ലൈഫ് ‘സമ്പൂർണ കെയർ-കാൻസർ’ പോളിസികൾ
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് കാൻസർ ചികിത്സാ വേളയിലെ സാമ്പത്തിക പ്രതിസന്ധികൾ മറികടക്കുന്നതിനായി ‘സമ്പൂർണ കെയർ-കാൻസർ’, ‘സമ്പൂർണ കെയർ-കാൻസർ ഫണ്ട്’ എന്നീ രണ്ട് പുതിയ പോളിസികൾ അവതരിപ്പിച്ചു. കേവലം ചികിത്സാ ചെലവുകൾക്ക് അപ്പുറം, രോഗബാധിതനാകുന്ന വ്യക്തിയുടെ വരുമാനം നിലച്ചുപോകുന്ന അവസ്ഥ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു ഇൻഷുറൻസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കാൻസർ ചികിത്സയ്ക്ക് ആവശ്യമായ തുകയ്ക്കൊപ്പം കുടുംബത്തിന് ആവശ്യമായ വരുമാനവും ആരോഗ്യ സംരക്ഷണത്തിനായുള്ള സമ്പാദ്യവും ഉറപ്പാക്കുന്നതാണ് ഈ രണ്ട് പുതിയ പോളിസികളും. ‘സമ്പൂർണ കെയർ-കാൻസർ’ പോളിസിയിലൂടെ 50 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്നതാണ്. ഈ തുക ഉപഭോക്താവിന്‍റെ ആവശ്യാനുസരണം പ്രതിമാസ വരുമാനമായോ, ആശുപത്രി ബില്ലുകളും ലോണുകളും അടച്ചുതീർക്കുന്നതിനായി പൂർണമായും ഒറ്റത്തവണയായോ, അല്ലെങ്കിൽ അത്യാവശ്യ ചെലവുകൾക്ക് ഒരു തുക മുൻകൂറായി കൈപ്പറ്റിയ ശേഷം ബാക്കി തുക അഞ്ച് വർഷം വരെയുള്ള മാസ വരുമാനമായോ തിരഞ്ഞെടുക്കാവുന്നതാണ്. രോഗനിർണയം നേരത്തെ നടത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള പ്രത്യേക ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിലുള്ള മെഡിക്കൽ പരിശോധനകൾക്കായുള്ള ചെലവുകൾക്ക് ഡയഗ്നോസ്റ്റിക് ബെനഫിറ്റ് വഴി സഹായം ലഭിക്കുന്നതാണ്. അതുകൂടാതെ, വിദേശത്ത് ലഭ്യമായ മികച്ച ചികിത്സകൾക്കായി പോളിസി തുകയുടെ 10 ശതമാനം അധികമായി നൽകുന്ന ഓവർസീസ് ട്രീറ്റ്മെൻ്റ് ബൂസ്റ്റർ എന്ന പ്രത്യേകതയും സമ്പൂർണ കെയർ- കാൻസർ പ്ലാനിലുണ്ട്. ചികിത്സയ്‌ക്കൊപ്പം തന്നെ വ്യക്തികളുടെ സമ്പാദ്യ ശീലം മുടങ്ങാതിരിക്കാൻ സഹായിക്കുന്ന പദ്ധതിയാണ് ‘സമ്പൂർണ കെയർ-കാൻസർ ഫണ്ട്’. കാൻസർ പരിരക്ഷാ പ്രീമിയത്തിന്‍റെ ഒന്ന് മുതൽ മൂന്ന് ഇരട്ടി വരെ വരുന്ന ഒരു ഹെൽത്ത് ഫണ്ട് പ്രീമിയം ഇതിനായി തിരഞ്ഞെടുക്കാം. പ്രതിസന്ധി ഘട്ടങ്ങളിലും നിക്ഷേപം തുടരാൻ ഇത് സഹായിക്കും. കൂടാതെ, ഏത് ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും നികുതി രഹിതമായി ഈ ഫണ്ടിൽ നിന്ന് തുക പിൻവലിക്കാൻ സാധിക്കും. പോളിസി കാലയളവിൽ കാൻസർ രോഗം ബാധിച്ചില്ലെങ്കിൽ അടച്ച പ്രീമിയം തിരികെ ലഭിക്കുന്ന ഓപ്ഷനും അപകടങ്ങളെ തുടർന്നുള്ള പൂർണവും ശാശ്വതവുമായ വൈകല്യങ്ങൾക്ക് അധിക പരിരക്ഷയും ഈ പ്ലാനിൽ നൽകുന്നുണ്ട്. പോളിസികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.tataaia.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
