വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി: ‘മിഷന്‍ 14 എക്സ് ‘ വരുന്നു
തിരുവനന്തപുരം: വിവിധ മേഖലകളില്‍ നിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളേയും അക്കാദമിക മേഖലയിലെ വിദഗ്ധരേയും പുതുതലമുറ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ‘മിഷന്‍ 14 എക്സ് ‘ സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). സംസ്ഥാനത്തെ ക്യാമ്പസുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററുകളില്‍ (ഐഇഡിസി) വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ക്കും സംരംഭകത്വത്തിനും പിന്തുണ നല്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. മിഷന്‍ 14 എക്സിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഐഇഡിസി ക്ലസ്റ്ററുകളിലെ നൂതനാശയങ്ങളെയും സംരംഭകത്വ മികവിനേയും പിന്തുണയ്ക്കുന്ന വിദഗ്ധരുടെ നെറ്റ് വര്‍ക്ക് സൃഷ്ടിക്കും. ഇതിനായി സംരംഭകത്വ മേഖലയില്‍ വൈദഗ്ധ്യമുള്ളവരുടെ പാനല്‍ കെഎസ്‌യുഎം തയ്യാറാക്കും. പുതുതലമുറയിലെ നവീനാശയക്കാര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുമായി പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ബന്ധിപ്പിക്കാന്‍ ഇതിലൂടെ വിഭാവനം ചെയ്യുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭകത്വം, നിക്ഷേപം, സാങ്കേതികവിദ്യ, ഇന്നവേഷന്‍, മെന്‍റര്‍ഷിപ്പ്, ഗവേഷണം, ബിസിനസ് തുടങ്ങിയവയില്‍ വൈദഗ്ധ്യമുള്ളതും ഏഴു വര്‍ഷത്തിലധികം പരിചയസമ്പന്നരുമായ പ്രൊഫഷണലുകള്‍ക്കും അക്കാദമിക് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും ‘മിഷന്‍ 14 എക്സി’ ന്‍റെ ഭാഗമാകാം. ‘ക്ലസ്റ്റര്‍ തലത്തിലുള്ള ഇന്നൊവേഷന്‍ പ്രോഗ്രാമുകള്‍, സ്റ്റാര്‍ട്ടപ്പ് സ്ക്രീനിംഗുകള്‍, സാങ്കേതിക മൂല്യനിര്‍ണയങ്ങള്‍, സംരംഭക ആവാസവ്യവസ്ഥ മെച്ചപ്പെടുത്തല്‍ തുടങ്ങിയവയെ പിന്തുണയ്ക്കാന്‍ കഴിവുള്ള ശക്തമായ ജില്ലാതല വിദഗ്ദ്ധ സംഘങ്ങളെ സൃഷ്ടിക്കുക എന്നതാണ് മിഷന്‍ 14 എക്സിലൂടെ ലക്ഷ്യമിടുന്നതെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. പരിചയസമ്പന്നരായ പ്രൊഫഷണലുകളെയും യുവ സംരംഭകരേയും ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളുടേയും വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയുടേയും മികച്ച കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇതിലൂടെ ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തോടൊപ്പം സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്‌യുഎം ആവിഷ്കരിച്ച പദ്ധതിയാണ് ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍. മെഡിക്കല്‍-കാര്‍ഷിക ശാസ്ത്ര പഠനം മുതല്‍ പോളിടെക്നിക്, എന്‍ജിനീയറിങ് ആര്‍ട്സ് & സയന്‍സ്, മ്യൂസിക്, ലോ, ഫൈന്‍ ആര്‍ട്സ്, ട്രെയിനിംഗ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍, മറ്റ് കോളേജുകള്‍ തുടങ്ങി സംസ്ഥാനത്തൊട്ടാകെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ആയിരത്തിലധികം ഐഇഡിസികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. യുവസംരംഭകരുടെ ആശയങ്ങളെ ഉത്പന്നങ്ങളാക്കി വികസിപ്പിക്കാന്‍ സഹായിക്കുന്ന ആശയ മൂല്യനിര്‍ണയ പാനലുകള്‍, ഇന്നൊവേഷന്‍ അവലോകന സെഷനുകള്‍, സ്റ്റാര്‍ട്ടപ്പ് സ്ക്രീനിംഗുകള്‍, മെന്‍റര്‍ഷിപ്പ് , സംരംഭക മാര്‍ഗ്ഗനിര്‍ദ്ദേശ പരിപാടികള്‍ തുടങ്ങിയവയില്‍ വിദഗ്ധര്‍ സജീവമായി പങ്കെടുക്കണം. നൂതന ആശയങ്ങളെ പ്രായോഗിക സംരംഭങ്ങളാക്കി മാറ്റാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ പ്രോഗ്രാമായ ‘ഐഡിയബോക്സ്’ പോലുള്ളവ ശക്തിപ്പെടുത്താന്‍ സഹായിക്കണം. ‘മിഷന്‍ 14 എക്സി’ ന്‍റെ ഭാഗമാകാന്‍ താല്പര്യമുള്ള വിദഗ്ധര്‍ക്ക് പ്രൊഫഷണല്‍ നെറ്റ് വര്‍ക്കുകള്‍ വ്യാപിപ്പിക്കാന്‍ സാധിക്കും. കേരളത്തിന്‍റെ ഇന്നൊവേഷന്‍ ആവാസവ്യവസ്ഥയുടെ ഭാഗമാകാനാകും. വിദ്യാര്‍ത്ഥി സംരംഭകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, പുത്തന്‍ ആശയങ്ങള്‍, ഭാവി സാധ്യതയുള്ള കണ്ടെത്തലുകള്‍ എന്നിവ തിരിച്ചറിയുന്നതിനൊപ്പം സംസ്ഥാനത്തുടനീളമുള്ള മികച്ച യുവ സംരംഭകരുമായി ഇടപഴകാനുള്ള അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ksum.in/Mission14X-Application-form
