Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

വായ്പാമൊറട്ടോറിയം അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് കെടിഎം

1 min read

കൊച്ചി: പശ്ചിമേഷ്യയിലെയും ഗള്‍ഫ് മേഖലയിലെയും നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്ന കടുത്ത പ്രതിസന്ധി കണക്കിലെടുത്ത്, ടൂറിസം മേഖലയിൽ വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ട്രാവൽ മാർട്ട് (കെ.ടി.എം) സൊസൈറ്റി കേന്ദ്ര സർക്കാരിന് നിവേദനം സമര്‍പ്പിച്ചു. ഇതു സംബന്ധിച്ച നിവേദനം കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് സമര്‍പ്പിച്ചു. യാത്രാ തടസ്സങ്ങൾ, വിമാന സർവീസുകൾ റദ്ദാക്കൽ, വിദേശ വിനോദസഞ്ചാരികളുടെ വരവിലുണ്ടായ ഗണ്യമായ കുറവ് എന്നിവ ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി ടൂറിസം മേഖലയിലെ വിവിധ വിഭാഗങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. വരുമാനത്തിലും വിദേശനാണ്യത്തിനുമുണ്ടായ കുറവ് ടൂറിസം മേഖലയെ വലിയ ആശങ്കയിലാക്കുന്നുവെന്ന് നിവേദനത്തില്‍ പറഞ്ഞു. വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് ടൂറിസം സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് വൻതോതിൽ വർദ്ധിപ്പിക്കാൻ കാരണമായി. വിദേശ ടൂറിസ്റ്റുകളുടെ ഓഫ്-സീസൺ ആയതിനാൽ വരുമാനം കുറഞ്ഞ സാഹചര്യത്തിൽ, വായ്പകളുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള സ്ഥിര ബാധ്യതകൾ നിറവേറ്റാൻ ടൂറിസം മേഖല വലിയ സാമ്പത്തിക ബാധ്യതയാണ് പേറുന്നത്. ഈ സാഹചര്യത്തിൽ വായ്പകളുടെ മുതലിനും പലിശയ്ക്കും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്ന് കെടിഎം അപേക്ഷിച്ചു. വായ്പ എടുത്തവരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ഈ നടപടി ബാധിക്കില്ലെന്ന് ഉറപ്പുവരുത്താൻ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും കെ.ടി.എം കേന്ദ്ര ധനമന്ത്രിയോട് അഭ്യർത്ഥിച്ചു. കോവിഡ് മഹാമാരിയുടെ സമയത്ത് നടപ്പിലാക്കിയ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം മാതൃകയിൽ ടൂറിസം മേഖലയ്ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആവിഷ്കരിക്കണമെന്നും കെ.ടി.എം ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും വിദേശനാണ്യം നേടുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന ടൂറിസം മേഖലയുടെ അതിജീവനത്തിന് കേന്ദ്രസർക്കാരിന്റെ സമയബന്ധിതമായ ഇടപെടൽ അത്യാവശ്യമാണെന്ന് സൊസൈറ്റി ചൂണ്ടിക്കാട്ടി.

  ടൈറ്റൻ 'അമാൽഫി റിവിയേര'

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3