ബിനാലെയുടെ ഏഴാം പതിപ്പ് 2027 ഡിസംബർ 12-ന്
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിൻ്റെ ഔപചാരികമായ കൊടിയിറക്കം ആസ്പിൻവാൾ ഹൗസ് വളപ്പിൽ നടന്നു. 10 ദിവസങ്ങൾ നീണ്ടുനിന്ന കലാ മാമാങ്കത്തിനാണ് തിരശ്ശീല വീണത്. ക്യൂറേറ്റർ നിഖിൽ ചോപ്ര പതാക താഴ്ത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി, സി.ഇ.ഒ തോമസ് വർഗീസ്, പ്രമുഖ എഴുത്തുകാരൻ എൻ. എസ്. മാധവൻ, ബിനാലെ ട്രസ്റ്റ് അംഗങ്ങളായ പി കെ ഹോർമിസ് തരകൻ, വി സുനിൽ, മുൻ കൊച്ചി മേയർ കെ. ജെ. സോഹൻ, ബിനാലെ ഫൗണ്ടേഷൻ പ്രോഗ്രാം ഡയറക്ടർ മരിയോ ഡിസൂസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ മൂന്നുമാസമായി കൊച്ചി ബിനാലെ വേദികൾ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ ആർട്ട് കോർഡിനേറ്റർമാരും വോളന്റിയർമാരും വൈകാരികമായാണ് സമാപന ചടങ്ങിൽ പങ്കെടുത്തത്. കൊടിയിറക്കം എന്നത് ഒരു അവസാനമല്ല, മറിച്ച് അടുത്ത ബിനാലിലേക്കുള്ള പുതിയൊരു തുടക്കമാണെന്ന് ഡോ. വേണു വി ചൂണ്ടിക്കാട്ടി. കൊടിയിറക്കം എന്ന ചടങ്ങ് നമ്മുടെ പാരമ്പര്യത്തിന്റെ ഒരേടാണ്. പതാക താഴേക്ക് ഇറങ്ങുമ്പോൾ നമ്മുടെ ചിന്തകൾ അടുത്ത ബിനാലെയെക്കുറിച്ചാണെന്നും അതിനായുള്ള സമയപരിധി ഇപ്പോൾ മുതൽ ആരംഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരും വർഷങ്ങളിൽ വൈവിധ്യങ്ങളുടെയും ചിന്തകളുടെയും വിപുലമായ കാഴ്ചപ്പാടുകളോടെ ബിനാലെയുടെ അടുത്ത പതിപ്പ് 2027 ഡിസംബർ 12-ന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു മാസത്തിലധികം കൊച്ചി നഗരത്തെ രാജ്യത്തിൻറെ സമകാലീന കലാതലസ്ഥാനമാക്കി കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് സമാപനമായി. ഈ മേളയിലൂടെ രൂപപ്പെട്ട സർഗ്ഗാത്മക ഊർജ്ജം ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് തുടർന്നും പ്രചോദനമാകുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി. പറഞ്ഞു. കലാകാരന്മാരുടെ ശക്തമായ പങ്കാളിത്തം, വൈവിധ്യമാർന്ന പ്രമേയങ്ങൾ, വിപുലമായ ജനകീയ പങ്കാളിത്തം എന്നിവയിലൂടെ ആറാം ലക്കം വൻ വിജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വേദികളിലാണ് ഇത്തവണ കൊച്ചിയിൽ പ്രദർശനം നടന്നത്. 29 വേദികളിലും മേളയിലുടനീളം വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആകെ 7 ലക്ഷത്തിലധികം കലാപ്രേമികൾ ആണ് കൊച്ചി മുസിരിസ് ബിനാലെ സന്ദർശിച്ചത്. കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ ചുമതല തന്റെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയതും വെല്ലുവിളികൾ നിറഞ്ഞ അനുഭവമായിരുന്നുവെന്ന് ക്യൂറേറ്റർ നിഖിൽ ചോപ്ര വിശേഷിപ്പിച്ചു. ക്യൂറേറ്റർ എന്ന ഉത്തരവാദിത്തം നിറവേറ്റുന്നതിൽ എച്ച്എച്ച് ആർട്ട് സ്പേസസിന്റെ പിന്തുണ വിലമതിക്കാനാവാത്തതായി. ആറാം പതിപ്പ് സമാപിക്കുമ്പോൾ കൊച്ചി-മുസിരിസ് ബിനാലെ കേവലം ഒരു കലാമേള മാത്രമല്ലെന്നും അത് പഠിക്കാനും പങ്കുവെക്കാനുമുള്ള വലിയ പാഠശാല ആയിരുന്നെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് പറഞ്ഞു. കലാകാരന്മാർ, തൊഴിലാളികൾ, സന്നദ്ധപ്രവർത്തകർ, സംഘാടകർ എന്നിവരുടെ കഠിനാധ്വാനമാണ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഈ പതിപ്പിനെ ജനങ്ങളുടെ ബിനാലെ’ആക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വെയർഹൗസുകളെ പ്രദർശന വേദികളാക്കി മാറ്റിയ കരാറുകാർ, സാങ്കേതിക വിദഗ്ധർ, തൊഴിലാളികൾ എന്നിവർക്കൊപ്പം അഡ്മിനിസ്ട്രേഷൻ, പ്രൊഡക്ഷൻ, പ്രോഗ്രാംസ്, ഹോസ്പിറ്റാലിറ്റി, കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ വിഭാഗങ്ങളിലെ ടീമുകൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
