February 13, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു

തിരുവനന്തപുരം: ടൂറിസം വകുപ്പിന്‍റെ 2026 ലെ നിശാഗന്ധി നൃത്തോത്സവത്തിന് കനകക്കുന്നില്‍ അരങ്ങുണര്‍ന്നു. ഇനി ഒരാഴ്ചക്കാലം അനന്തപുരിയുടെ സന്ധ്യകള്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്ത വൈവിധ്യത്തിന് നൂപുരധ്വനികള്‍ തീര്‍ക്കും. നൃത്തോത്സവത്തിന്‍റെ ഉദ്ഘാടനം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നിശാഗന്ധി നൃത്തോത്സവത്തെ ലോകസഞ്ചാരികള്‍ അവരുടെ യാത്രാ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്ന നിലയിലേക്ക് വളര്‍ത്തുകയാണ് ടൂറിസം വകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനായുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൃത്തപ്രേമികള്‍ക്കു പുറമേ നിരവധി ആഭ്യന്തര, വിദേശ സഞ്ചാരികളെ വര്‍ഷങ്ങളായി നിശാഗന്ധി നൃത്തോത്സവം ആകര്‍ഷിക്കുന്നുണ്ട്. കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിലയിലേക്ക് നിശാഗന്ധി നൃത്തോത്സവത്തിന്‍റെ തനിമ നഷ്ടപ്പെടുത്താതെ പുതുക്കി പണിയേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ നിശാഗന്ധി പുരസ്കാരം പ്രശസ്ത മണിപ്പൂരി നര്‍ത്തകി ദര്‍ശന ജാവേരിയ്ക്ക് വി.കെ പ്രശാന്ത് എംഎഎല്‍എ സമ്മാനിച്ചു. ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മണിപ്പൂരി നൃത്തത്തിന്‍റെ പാരമ്പര്യം പ്രചരിപ്പിക്കുന്നതിനും വേരറ്റ് പോകാതെ കാത്തുസൂക്ഷിക്കുന്നതിനുമായി ജീവിതം മാറ്റിവെച്ച ദര്‍ശന ജാവേരിയുടെ കലാസപര്യയ്ക്കുള്ള അംഗീകാരമായാണ് നിശാഗന്ധി പുരസ്കാരം സമ്മാനിച്ചത്. ഏകദേശം 60 വര്‍ഷമായി മണിപ്പൂരി നൃത്തമേഖലയിലുള്ള ദര്‍ശന ജാവേരിയുടെ സംഭാവനകള്‍ നിസ്തുലമാണ്. 1961 മുതല്‍ മണിപ്പൂരി നൃത്തം അവതരിപ്പിക്കാന്‍ കേരളത്തില്‍ എത്താറുണ്ടെന്ന് ദര്‍ശന ജാവേരി പറഞ്ഞു. കേരളത്തിലെ നൃത്താസ്വാദകര്‍ മണിപ്പൂരി ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളെയും അതിന്‍റെ സ്വാഭാവികതയില്‍ ആസ്വദിക്കുന്നവരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നൃത്തോത്സവത്തോടനുബന്ധിച്ച് ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കഥകളി മേളയ്ക്കും കനകക്കുന്നില്‍ തുടക്കമായി. ആദ്യദിവസം ലവണാസുരവധം കഥ അരങ്ങേറി. എല്ലാ ദിവസവും വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തിനകത്തെ വേദിയിലാണ് കഥകളി നടക്കുക. ഫെബ്രുവരി 20 വരെയാണ് നൃത്തോത്സവം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ കലാകാരന്‍മാര്‍ നൃത്തോത്സവത്തിന്‍റെ ഭാഗമാകും. എല്ലാ ദിവസവും വൈകുന്നേരം ആറ് മണിക്ക് പരിപാടി ആരംഭിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇന്ന് (ഫെബ്രുവരി 14) പൂജ ദശമിയുടെ മോഹിനിയാട്ടം, ശോഭനയുടെ ഭരതനാട്യം, മധുലിത മൊഹാപത്രയുടെയും സംഘത്തിന്‍റെയും ഒഡീസി എന്നിവ അരങ്ങേറും. നാളെ (ഫെബ്രുവരി 15) ശ്രീവിദ്യ ശൈലേഷിന്‍റെ ഭരതനാട്യം, ടി. റെഡ്ഡി ലക്ഷ്മിയുടെ കുച്ചിപ്പുടി, ഡോ. അനന്തശങ്കര്‍ ജയന്തിന്‍റെയും സംഘത്തിന്‍റെയും ഭരതനാട്യം. 16 ന് അക്ഷയ അരുണ്‍കുമാര്‍, മീനാക്ഷി ശ്രീനിവാസന്‍ എന്നിവരുടെ ഭരതനാട്യം, ഡോ. കലാമണ്ഡലം രചിതാ രവിയുടെയും സംഘത്തിന്‍റെയും മോഹിനിയാട്ടം. 17 ന് ശര്‍മദ വിശ്വനാഥിന്‍റെ ഭരതനാട്യം, സിത്താര ബാലകൃഷ്ണന്‍റെ മോഹിനിയാട്ടം, പ്രതിഭ രാമസ്വാമി, സന്ധ്യ ഉഡുപ്പ എന്നിവരുടെ ഭരതനാട്യം. 18 ന് ഡോ. അരുണ മൊഹന്തിയുടെ ഒഡീസി, ഡോ. സത്യനാരായണ രാജുവിന്‍റെ ഭരതനാട്യം, ശ്രുതി ഷോബിയും സംഘവും അവതരിപ്പിക്കുന്ന മോഹിനിയാട്ടം. 19 ന് ഡിംപീ ബൈഷ്യയുടെ സത്രിയ നൃത്യ, നവ്യ നായരുടെ ഭരതനാട്യം, രചന നാരായന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കുച്ചിപ്പുടി. സമാപന ദിവസമായ 20 ന് ആശ ശരത്തിന്‍റെ ഭരതനാട്യം, അപര്‍ണ ബല്‍റാം മാരാരുടെ മോഹിനിയാട്ടം, സ്വാതി സിംഹയും സംഘവും അവതരിപ്പിക്കുന്ന കഥക്, ഷൈജ ബിനീഷിന്‍റെ ഭരതനാട്യം എന്നിവ നടക്കും. കഥകളി മേളയില്‍ 14 ന് രാവണോദ്ഭവം, 15 ന് നളചരിതം മൂന്നാം ദിവസം, 16 ന് ബകവധം, 17 ന് കര്‍ണ്ണശപഥം, 18 ന് ദുര്യോധനവധം, 19 ന് ദക്ഷയാഗം, 20 ന് തോരണയുദ്ധം എന്നിവയാണ് അവതരിപ്പിക്കുന്നത്.

  ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളുടെ 80 ശതമാനവും നയിക്കുന്നത് വനിതകൾ

2 thoughts on “നിശാഗന്ധി നൃത്തോത്സവത്തിന് അരങ്ങുണര്‍ന്നു

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3