January 29, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ബിൽഡ് ഫോർ ഇന്ത്യ’ ഏജന്റിക് എഐ ഹാക്കത്തോണുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

1 min read

കൊച്ചി: പുതുതലമുറയിലെ സ്വയംനിയന്ത്രിത നിര്‍മ്മിതബുദ്ധി (എഐ) സംവിധാനങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ബിൽഡ് ഫോർ ഇന്ത്യ’ ഏജന്റിക് എഐ ഹാക്കത്തോൺ പ്രഖ്യാപിച്ചു. 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ദേശീയതല ഹാക്കത്തോൺ രാജ്യത്തെ തന്നെ ഏറ്റവും വലിയ മത്സരമാകും. ഫെബ്രുവരി 27, 28 തീയതികളിൽ കൊച്ചിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ വച്ചാണ് പരിപാടി. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഐ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, ഗവേഷകർ, എഐ വൈദഗ്ധ്യമുള്ള വിദ്യാർത്ഥികൾ എന്നിവർക്ക് പ്രായോഗികമായ ഏജന്റിക് എഐ പരിഹാരങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. മനുഷ്യന്റെ ഇടപെടൽ കുറച്ചുകൊണ്ട് കാര്യങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും സ്വയം പ്രവർത്തിക്കാനും പഠിക്കാനും കഴിവുള്ള അത്യാധുനിക എഐ സംവിധാനങ്ങളെയാണ് ഏജന്റിക് എഐ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. നിര്‍മ്മിത ബുദ്ധിയുടെ അടുത്ത പടിയായ സ്വയം പ്രവർത്തിക്കുന്ന എഐ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹാക്കത്തോണിലൂടെ കെഎസ് യുഎം ലക്ഷ്യമിടുന്നത്. സ്വയം പ്രവർത്തിക്കുന്ന ടാസ്‌ക് ഏജന്റുകൾ, തൊഴിൽ ഓട്ടോമേറ്റ് ചെയ്യുന്ന സംവിധാനങ്ങൾ, പൊതുസേവന രംഗത്തെ പ്രായോഗിക എഐ മാതൃകകൾ, സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന ടൂളുകൾ തുടങ്ങിയ മേഖലകളിലാകും ഹാക്കത്തോൺ ഊന്നൽ നൽകുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകൾക്ക് 20 ലക്ഷം രൂപ വീതം ധനസഹായം ലഭിക്കും. പുറമെ ഹാക്കത്തോണിന് ശേഷമുള്ള ഇൻകുബേഷൻ സൗകര്യം, മെന്റർഷിപ്പ്, വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള ആശയവിനിമയം, സ്റ്റാർട്ടപ്പ് മിഷൻ വഴിയുള്ള ഫണ്ടിംഗ് അവസരങ്ങൾ എന്നിവയും വിജയികള്‍ക്ക് ലഭ്യമാകും. എഐ ഡെവലപ്പർമാർ, സ്റ്റാർട്ടപ്പ് ടീമുകൾ, ഡാറ്റാ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പഠനം നടത്തുന്നവർ എന്നിവരടങ്ങുന്ന രണ്ട് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. രാജ്യവ്യാപകമായി ടീമുകള്‍ക്ക് രജിസ്റ്റർ ചെയ്യാന്‍ അവസരമുണ്ടെങ്കിലും ലഭിക്കുന്ന അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്കാകും ഹാക്കത്തോണിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. ഇന്ത്യയുടെ ഏജന്റിക് എഐ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയും മികച്ച എഐ ഉൽപ്പന്നങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുകയും ചെയ്യുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ ലക്ഷ്യമിടുന്നത്. താൽപ്പര്യമുള്ളവർക്ക് buildforindia.startupmission.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തീയതി 2026 ഫെബ്രുവരി 20 ആണ്.

  ഫോണ്‍പേ ലിമിറ്റഡ് ഐപിഒയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Maintained By : Studio3