എൻ.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി ഇടപ്പള്ളിയിൽ
കൊച്ചി: നാഷണൽ ഡയറി ഡെവലപ്പ്‌മെന്റ് ബോർഡ് (എന്‍ഡിഡിബി), കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) എന്നിവയുടെ സംയുക്ത സംരംഭമായ എൻ.ഡി.ഡി.ബി കാഫ് ഭക്ഷ്യപരിശോധനാ ലബോറട്ടറി കേന്ദ്ര-മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ടാം ധവളവിപ്ലവത്തിന് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരെ സജ്ജരാക്കാന്‍ മില്‍മയടക്കമുള്ള സ്ഥാപനങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മിൽമ എറണാകുളം മേഖല യൂണിയന്റെ ഇടപ്പള്ളി ഓഫീസിനോട് ചേർന്നാണ് എന്‍ഡിഡിബി കാഫ്(സെന്റര്‍ ഫോര്‍ അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക് ആന്‍ഡ് ഫുഡ്- സിഎഎല്‍എഫ്) ലാബ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എന്‍ഡിഡിബി കാഫ് ലാബ് കേരളത്തിന് ലഭിച്ചുവെന്നത് കേരളത്തിലെ ക്ഷീരകര്‍ഷകരുടെ വിജയമാണെന്ന് ജോര്‍ജ്ജ് കുര്യന്‍ ചൂണ്ടിക്കാട്ടി. എട്ടു കോടി രൂപ ചെലവില്‍ പൂര്‍ണമായും കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ലാബ് യാഥാര്‍ഥ്യമാക്കിയത്. രണ്ടാം ധവളവിപ്ലവത്തിന് രാജ്യം തയ്യാറെടുക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലെയും ക്ഷീരസഹകരണ മേഖലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം ഉണ്ടാകും. അതില്‍ കേരളത്തിന് മുന്നിലെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വച്ചു. ക്ഷീരകര്‍ഷക മേഖലയെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എം പി പറഞ്ഞു. പുതിയ നിയമഭേദഗതിയ്ക്ക് ശേഷം ഇത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ഈ വിഷയത്തില്‍ മില്‍മയ്ക്ക് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ ഭക്ഷ്യ ഗുണനിലവാരവും സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് എന്‍ഡിഡിബി കാഫ് ലാബിന്റെ തുടക്കമെന്ന് ചടങ്ങിൽ സംസാരിച്ച എൻ.ഡി.ഡി.ബി ചെയർമാൻ ഡോ. മീനേഷ് സി. ഷാ പറഞ്ഞു. എൻ.ഡി.ഡി.ബിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമെന്ന നിലയിൽ, വിശ്വസ്തവും, സാങ്കേതികമികവും, വിപണിയിലെ മത്സരക്ഷമതയും ഉറപ്പാക്കുന്നതിൽ ലാബ് നിർണ്ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെ നാഷണൽ പ്രോഗ്രാം ഫോർ ഡയറി ഡെവലപ്പ്‌മെന്റിന്റെ (എന്‍പിഡിഡി) കീഴിൽ സ്റ്റേറ്റ് സെൻട്രൽ ലബോറട്ടറിയായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്തെ മറ്റ് പ്രമുഖ ലബോറട്ടറികളുടെ അതേ ഗുണനിലവാരത്തിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളിലും മികച്ച പ്രൊഫഷണൽ രീതിയിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. ഐഎസ്ഒ/ഐഇസി 17025 അംഗീകാരമുള്ള ഈ ലബോറട്ടറിക്ക് എൻ.എ.ബി.എൽ, എഫ്.എസ്.എസ്.എ.ഐ തുടങ്ങിയ ഏജൻസികളുടെ അംഗീകാരവുമുണ്ട്. ആധുനിക അനലിറ്റിക്കൽ സൗകര്യങ്ങളും വിദഗ്ധരായ ശാസ്ത്രജ്ഞരുമുള്ള ലാബിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും മൈക്രോബയോളജി, വെറ്റ് കെമിസ്ട്രി, റെസിഡ്യൂസ് ആൻഡ് കണ്ടാമിനന്റ്സ് തുടങ്ങിയ സമഗ്രമായ പരിശോധനകൾ ലഭ്യമാണ്. ഇത് സഹകരണ മേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്പെടും. കേരളത്തിലെ ക്ഷീരമേഖലയിലെ പരിശോധനാ ആവശ്യങ്ങൾക്കാണ് ലബോറട്ടറി പ്രാഥമികമായി ഊന്നൽ നൽകുന്നതെങ്കിലും സംസ്ഥാനത്തെ മറ്റ് ഭക്ഷ്യസംരംഭകർക്കും ലാബിന്റെ സേവനം ലഭ്യമാകും. ഘട്ടംഘട്ടമായി പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യം, ബേക്കറി വിഭവങ്ങൾ, റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, അരി, എന്നിവയുടെ പരിശോധനകളിലേക്കും ലാബിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. കേരളത്തിന് പുറമെ അയൽ സംസ്ഥാനങ്ങളിലെ പരിശോധനാ ആവശ്യങ്ങളും ഈ ലാബ് നിറവേറ്റും. പരിശോധനാ സേവനങ്ങൾക്ക് പുറമെ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ രംഗത്തെ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ ഭക്ഷ്യമേഖലയിലെ സാങ്കേതിക മികവ് വർദ്ധിപ്പിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ലഭ്യമാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും ശാസ്ത്രാധിഷ്ഠിതമായ ഇടപെടലുകളിലൂടെ കർഷകരെയും സഹകരണ പ്രസ്ഥാനങ്ങളെയും പിന്തുണയ്ക്കാനുമുള്ള എൻ.ഡി.ഡി.ബിയുടെയും മിൽമയുടെയും പ്രതിബദ്ധതയാണ് ഈ ലബോറട്ടറിയിലൂടെ വ്യക്തമാകുന്നത്.
