October 21, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള ടൂറിസം ഡെസ്റ്റിനേഷൻ

1 min read

വര്‍ക്കല: ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും ഒരുപോലെ സാധ്യതയുള്ള പ്രദേശമാണ് കേരളമെന്നും ഇത് മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താനാകുമെന്നും പ്രമുഖ യാത്രികര്‍. വര്‍ക്കലയില്‍ കേരള ടൂറിസം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെലായ ‘യാന’ത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. കേരളത്തിലെ ടൂറിസം വ്യവസായം ആഢംബര, ബജറ്റ് ടൂറിസത്തിന് ഒരുപോലെ പ്രാധാന്യം നല്‍കുന്നതിനാല്‍ എല്ലാത്തരം യാത്രികര്‍ക്കും പ്രയോജനപ്പെടുത്താവുന്ന ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ സാധ്യതകള്‍ വര്‍ധിക്കുന്നതായി ‘റൈറ്റിങ് ഓണ്‍ ട്രാവല്‍ ഡെസ്റ്റിനേഷന്‍സ്’ എന്ന സെഷനില്‍ സംസാരിക്കവേ യാത്രാ ഡോക്യുമെന്‍ററി സംവിധായിക പ്രിയ ഗണപതി അഭിപ്രായപ്പെട്ടു. ഇത് പ്രയോജനപ്പെടുത്തുന്നതിനായി സ്ഥിരം ഡെസ്റ്റിനേഷനുകള്‍ക്കും പാക്കേജുകള്‍ക്കും പുറമേ യാത്രികര്‍ക്ക് വേറിട്ട അനുഭവങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളിലും ആകര്‍ഷണങ്ങളിലുമാണ് ടൂറിസം മേഖല ഇനി ശ്രദ്ധ വയ്ക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ആചാരനിഷ്ഠയോടെ തുടര്‍ന്നുവരുന്ന തെയ്യം പോലുള്ള സവിശേഷമായ കലാരൂപങ്ങളും ആഘോഷങ്ങളുമുള്ള വടക്കന്‍ കേരളത്തിന് വലിയ ടൂറിസം സാധ്യതകളുണ്ടെന്ന് യാത്രാ ഡോക്യുമെന്‍ററി സംവിധായകന്‍ അനുരാഗ് മല്ലിക്ക് ചൂണ്ടിക്കാട്ടി. ഇത്തരം ആഘോഷങ്ങളും അതുനടക്കുന്ന മേഖലകളും കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും പരമാവധി പ്രയോജനപ്പെടുത്തുകയും വേണം. ഇതിലൂടെ പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ ഇനിയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കിടെ യാത്രകളുടെ രീതി മാറുകയും യാത്ര ചെയ്യാനുള്ള പ്രവണത വര്‍ധിക്കുകയും ചെയ്തതായി ഫുഡ് ഗുരു കരണ്‍ ആനന്ദ് പറഞ്ഞു. ഈ കാലയളവില്‍ യാത്രാപുസ്തക രചനയ്ക്ക് പ്രാധാന്യം കൈവരികയും യാത്രകള്‍ ചിത്രങ്ങളായും എഴുത്തുകളായും വീഡിയോകളായും ഡോക്യുമെന്‍റ് ചെയ്യുന്നതിന് ജനകീയത വന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലങ്ങള്‍ കാണുകയെന്നതു മാത്രമല്ല, മനുഷ്യരെ കാണുകയും അവരുടെ ജീവിതം അടുത്തറിയുകയും അനുഭവിക്കുകയും ചെയ്യുന്നതാണ് തന്‍റെ യാത്രകളെന്ന് സോളോ യാത്രാനുഭവങ്ങളെ കുറിച്ച് സംസാരിച്ച നടിയും വ്ളോഗറുമായ അനുമോള്‍ പറഞ്ഞു. മൈ ക്യൂബന്‍ ഡേയ്സ് എന്ന സെഷനില്‍ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനുമായ എന്‍.പി ഉല്ലേഖ് സാംസ്കാരിക എഴുത്തുകാരന്‍ ഫൈസല്‍ ഖാനുമായി സംസാരിച്ചു. പ്ലാറ്റ്ഫോം ടിക്കറ്റ് എന്ന പുസ്തകമെഴുതിയ ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരി സംഗീത വള്ളാട്ട് തന്‍റെ പുസ്തകത്തിലൂടെ തീവണ്ടി യാത്രയെയും റെയില്‍വേ ജോലിയെയും ജീവിതത്തെയും കുറിച്ച് സംസാരിച്ചു. യഥാര്‍ഥവും വ്യത്യസ്തവുമായ അനുഭവങ്ങള്‍ നല്‍കുന്ന സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുകയെന്നത് ടൂറിസത്തില്‍ പ്രധാനമാണെന്ന് ‘കൗച്ച് സര്‍ഫിങ് എനിവണ്‍’ എന്ന സെഷനില്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ പറഞ്ഞു.

  ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ പങ്കാളികളാകാം

 

Maintained By : Studio3