ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ ലാന്‍ഡ് പൂളിംഗ് നടപടികള്‍ക്ക് തുടക്കമായി

കൊച്ചി: ഇന്‍ഫോപാര്‍ക്ക് ഫേസ് മൂന്നിനായി ലാന്‍ഡ് പൂളിംഗ് വ്യവസ്ഥയില്‍ ഭൂമിയേറ്റെടുക്കാനുള്ള തീരുമാനം സംസ്ഥാനത്തിന്റെ വികസന ഭാവിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലാന്‍ഡ് പൂളിംഗിലൂടെ ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് ചുമതല വഹിക്കുന്ന ജിസിഡിഎ (ഗ്രേറ്റര്‍ കൊച്ചി ഡെവലപ്മന്റ് അതോറിറ്റി) ലാന്‍ഡ് പൂളിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഇന്‍ഫോപാര്‍ക്ക് ഫേസ് ഒന്നിലെ പാര്‍ക്ക് സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയേറ്റെടുക്കുന്ന നടപടികള്‍ ലളിതവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. അതിലെ ഏറ്റവും ക്രിയാത്മകമായതാണ് ലാന്‍ഡ് പൂളിംഗ്. ഇന്‍ഫോപാര്‍ക്കിന് സ്വന്തം വിഭവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ പദ്ധതികള്‍ക്ക് മന്ത്രിസഭയുടെ അംഗീകാരം ആവശ്യമില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഭാവി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് വേഗം കൂട്ടുമെന്നും മന്ത്രി പറഞ്ഞു. ഇൻഫോപാര്‍ക്ക് ഫേസ് മൂന്ന് രാജ്യത്തിനാകെ മാതൃകാ നഗരമായി മാറുമെന്ന ചടങ്ങില്‍ അധ്യക്ഷനായിരുന്ന ഐടി വകുപ്പ് സെ്പഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐ എ എസ് പറഞ്ഞു. നിര്‍ദ്ദിഷ്ട ഇന്‍ഫോപാര്‍ക്ക് ഫേസ് ത്രീ എഐ സിറ്റിയെന്ന ആശയം ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍ സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. ഫേസ് മൂന്നിന്റെ ഔദ്യോഗികമായ നടപടിക്രമങ്ങള്‍ ഓഫീസ് ഉദ്ഘാടനത്തോടെ ആരംഭിച്ചു കഴിഞ്ഞു. ഭൂമിയേറ്റെടുക്കലുമായി ജിസിഡിഎ മുന്നോട്ടു പോകുമ്പോള്‍ എഐ സിറ്റിയുടെ ഡിസൈന്‍, സോഫ്റ്റ് വെയര്‍ വികസനം, തുടങ്ങിയവയുമായി ഇന്‍ഫോപാര്‍ക്കും മുന്നോട്ടു പോവുകയാണ്. അടിസ്ഥാന സേവനങ്ങളെല്ലാം നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി നടത്തുന്നതാണ് എഐ സിറ്റിയുടെ പ്രാഥമിക ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. തത്സമയ ഡാറ്റാ വിശകലനത്തിലൂടെയാണ് സേവനങ്ങള്‍ നല്‍കുന്നത്. ഡിജിറ്റല്‍ നാഡീവ്യവസ്ഥയാകും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. നിര്‍ദ്ദിഷ്ട എഐ സിറ്റിയ്ക്കായുള്ള ഡീപ് ടെക് സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യ കഴിയുന്നത്ര കേരളത്തില്‍ വികസിപ്പിക്കും. ഇതിലൂടെ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടുന്ന ആവാസവ്യവസ്ഥ ഇവിടെ സംജാതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാന്‍ഡ് പൂളിംഗ് വിജയിപ്പിക്കേണ്ടത് വരും തലമുറയോട് ചെയ്യുന്ന മഹത്തായ ഉത്തരവാദിത്തമാണെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള പറഞ്ഞു. ഈ ഇടപെടല്‍ സൃഷ്ടിക്കാന്‍ പോകുന്ന മാതൃക വളരെ വലുതാണ്. ചുരുങ്ങിയ സമയം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ലാന്‍ഡ് പൂളിംഗ്, എഐ സിറ്റി കോണ്‍സെപ്ട് എന്നിവ അടങ്ങിയ ബുക്ക് ലെറ്റ് എറണാകുളം ജില്ല അസി. കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഐ എ എസ് പ്രകാശനം ചെയ്തു. ജിസിഡിഎ സെക്രട്ടറി ഷാരി എം വി പദ്ധതി അവതരണം നടത്തി. ജിസിഡിഎ എക്സിക്യൂട്ടീവ് കമിറ്റി അംഗം എ ബി സാബു ചടങ്ങില്‍ പങ്കെടുത്തു.