September 9, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രാഷ്ട്രത്തിന്റെ ഉള്‍ഗ്രാമങ്ങളിലൂടെ എച്ച്ആര്‍ഡിഎസ്

സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷത്തോളം കഴിഞ്ഞിട്ടും രാജ്യത്തെ ആദിവാസി വിഭാഗങ്ങളുടെ അവസ്ഥ അതീവപരിതാപകരമായിത്തന്നെ തുടരുകയാണ്. ദാരിദ്ര്യവും പോഷകാഹാരക്കുറവും വിദ്യാഭ്യാസവിടവും സ്വന്തം കാലില്‍ നില്‍ക്കുന്നതിലെ അപര്യാപ്തതയും ഉള്‍പ്പടെ ഒട്ടനവധി പ്രശ്‌നങ്ങളാണ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഈ ജനത നേരിടുന്നത്. എങ്കിലും ആദിവാസി, ഗോത്രവിഭാഗങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളിയായിത്തുടരുന്നത് പാര്‍പ്പിടം തന്നെയാണ്. ഇന്ത്യയുടെ സമഗ്രവികസനത്തിന് ആദിവാസി, ഗോത്ര വിഭാഗങ്ങളുടെ ശാക്തീകരണവും ഉന്നമനവും സാധ്യമാകണമെന്ന ഉറച്ച വിശ്വാസത്തോടെ ഈ രംഗത്ത് സജീവവും സക്രിയവുമായ ഇടപെടല്‍ നടത്തുകയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന ദേശീയ എന്‍ജിഒ. അജികൃഷ്ണന്‍ എന്ന ധിഷണാശാലി സ്ഥാപക സെക്രട്ടറിയായി നയിക്കുന്ന എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രസിഡന്റായിരിക്കുന്നത് പ്രശസ്ത ആത്മീയാചര്യന്‍ ഗുരു ആത്മ നമ്പിയാണ്. മുന്‍കേന്ദ്ര മന്ത്രി ഡോ. എസ് കൃഷ്ണകുമാര്‍, പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ കെ ജി വേണുഗോപാല്‍ തുടങ്ങിയവരും എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ നേതൃനിരയിലുണ്ട്. ആദിവാസി വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒരു കോടി വീടുകള്‍ നിര്‍മിച്ചുനല്‍കുകയെന്ന വലിയ ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ഈ സംരംഭത്തിന്റെ കാഴ്ച്ചപ്പാടുകളും പദ്ധതികളും വിശദീകരിക്കുകയാണ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍.

ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) എന്ന പേരില്‍ 1995ലാണ് തങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് സംഘടനയുടെ സ്ഥാപക സെക്രട്ടറിയായ അജി കൃഷ്ണന്‍ പറയുന്നു. പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ സംരംഭത്തിന്റെ ശ്രദ്ധ ആദിവാസി വിഭാഗങ്ങളുടെ സമഗ്രമായ പുരോഗതിയെന്ന വലിയ ലക്ഷ്യത്തിലേക്ക് മാറുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 80 വര്‍ഷമാകുമ്പോഴും ആദിവാസികള്‍ക്ക് മാത്രമാണ് യാതൊരുവിധ പുരോഗതിയും ഉണ്ടാകാഞ്ഞത്. ബാക്കി വിഭാഗങ്ങളെല്ലാം ശാക്തീകരിക്കപ്പെട്ടു. എന്നാല്‍ പല വിധ കാരണങ്ങളാല്‍ ഇവര്‍ അവഗണിക്കപ്പെടുകയായിരുന്നു. അവരുടെ ശാക്തീകരണമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്–അജികൃഷ്ണന്‍ പറയുന്നു. യഥാര്‍ത്ഥ ഇന്ത്യയെ അറിയാനും സാധാരണക്കാരുടെ  ജീവിതങ്ങള്‍ മനസിലാക്കാനും ഇന്ത്യയിലെ അതിവിദൂര ഗ്രാമങ്ങളിലെ, അവിടങ്ങളിലെ തെരുവുകളിലൂടെ സഞ്ചരിക്കുകയാണ് വേണ്ടതെന്ന വിശ്വാസക്കാരനായിരുന്നു അജി കൃഷ്ണന്‍. അത്തരം അനുഭവങ്ങളാണ് അദ്ദേഹത്തെ രാജ്യമറിയുന്ന ഫിലാന്ത്രോപിസ്റ്റാക്കി ഇന്ന് മാറ്റിയത്. കേരളത്തിലെ തൊടുപുഴയില്‍ അത്തരമൊരു ഗ്രാമത്തിലാണ് അജി കൃഷ്ണന്‍ ജനിച്ചുവീണത്. തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം മൃഗപരിപാലനത്തിലും കാര്‍ഷികാധിഷ്ഠിത തൊഴിലുകളിലും ഏര്‍പ്പെട്ടിരുന്നതിനാല്‍ പാരിസ്ഥിതിക ആവാസവ്യവസ്ഥയെയും പ്രശ്‌നങ്ങളെയുംകുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഹൈറേഞ്ച് പ്രദേശങ്ങളില്‍ ഗ്രൂപ്പ് ഫാമിംഗ് വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അജി കൃഷ്ണന്റെ പിതാവ് സി കെ കൃഷ്ണന്‍. പ്ലാന്ററായിരുന്നു അദ്ദേഹം. അമ്മ വി കെ ഓമന അധ്യാപികയായിരുന്നു. അജി കൃഷ്ണനിലെ ഫിലാന്ത്രോപിസ്റ്റിനെ പരുവപ്പെടുത്തിയെടുത്തതില്‍ മാതാപിതാക്കളുടെ സ്വാധീനം വലിയ പങ്കുവഹിച്ചിട്ടുണ്ട്. പാവപ്പെട്ട കര്‍ഷകരെ ശാക്തീകരിക്കുന്ന അച്ഛന്റെ പ്രവര്‍ത്തനങ്ങളെല്ലാം അജി കൃഷ്ണന്റെ ചിന്തകള്‍ക്ക് കരുത്ത് പകര്‍ന്നു.

ആക്റ്റീവ് സ്റ്റുഡന്റ്
വിദ്യാര്‍ത്ഥിയെന്ന നിലയില്‍ വളരെ സക്രിയവും സജീവവുമായ പ്രവര്‍ത്തനങ്ങളായിരുന്നു അജി കൃഷ്ണന്റേത്. യൂണിവേഴ്‌സിറ്റി പഠനകാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം നിരവധി സമരങ്ങളില്‍ പങ്കെടുത്തിരുന്നു. അടിച്ചമര്‍ത്തപ്പെട്ട വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായി ജയിലിലും പോകേണ്ടി വന്നു അജികൃഷ്ണന്. തൃപ്പൂണിത്തുറയിലെ ആര്‍എല്‍വി കോളെജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം സിപി(ഐ) എമ്മിലും സജീവമായിരുന്നു. പ്രശസ്ത കമ്യൂണിസ്റ്റ് നേതാവ് ഇഎംഎസിന്റെ മരണത്തോടെയാണ് അജി കൃഷ്ണന്‍ ചില തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിടുന്നത്. 1995ലായിരുന്നു അത്.

ദൗത്യം തിരിച്ചറിയുന്നു
ബിരുദപഠനത്തിന് ശേഷം കുടുംബത്തിന്റെ കാര്‍ഷിക വൃത്തിയിലും പ്ലാന്റേഷന്‍ ബിസിനസിലും ഒപ്പം നിന്ന് സ്വന്തം സ്വപ്‌നം പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ അന്ന് പ്രസിദ്ധീകരിച്ചിരുന്ന ഏകോപനം എന്ന മാസികയില്‍ സബ് എഡിറ്ററായി ജോലിക്ക് കയറിയത് അജി കൃഷ്ണന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ജോലിയുടെ ഭാഗമായി ഇന്ത്യയിലുടനീളം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു അജി കൃഷ്ണന്. രാജ്യത്തെ അതിദരിദ്രരെയും പിന്നോക്കവിഭാഗക്കാരെയുമെല്ലാം കണ്ടുമുട്ടിയത് അദ്ദേഹത്തില്‍ വലിയ തിരിച്ചറിവുണ്ടാക്കി. അത്യന്തം പരിതാപകര അവസ്ഥയില്‍, ക്രൂര യാഥാര്‍ത്ഥ്യങ്ങളിലായിരുന്നു അവരുടെ ജീവിതം. അവരുടെ ഉന്നമനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന ബോധ്യം ഭാരതയാത്രയിലൂടെയാണ് അജി കൃഷ്ണനുണ്ടാകുന്നത്.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

എച്ച്ആര്‍ഡിഎസ് ഇന്ത്യ ജനിക്കുന്നു
ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ ഉള്‍ഗ്രാമങ്ങളിലൂടെയുള്ള സഞ്ചാരങ്ങളാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സന്നദ്ധ സംഘടന തുടങ്ങുന്നതിലേക്ക് അജി കൃഷ്ണനെ നയിച്ചത്. ദരിദ്രരുടെ വികസനം, വനിതാ ശാക്തീകരണം, ആദിവാസി വികസനം, പാവപ്പെട്ട കുട്ടികളുടെ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യത്യസ്ത പദ്ധതികള്‍ നടപ്പിലാക്കുന്നതിലാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചത്. 1995ലാണ് റെജിസ്‌ട്രേഡ് എന്‍ജിഒ എന്ന നിലയില്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ചത്. ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി എന്നതാണ് എച്ച്ആര്‍ഡിഎസിന്റെ മുഴുവന്‍ രൂപം. 3500ലധികം സ്വയം സഹായ സംഘ (സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍)ങ്ങളെ വികസിപ്പിച്ചെടുക്കാന്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യക്ക് സാധിച്ചു. ഓരോ സ്വയം സഹായ സംഘത്തിലും ചുരുങ്ങിയത് അഞ്ച് പേരെങ്കിലുമുണ്ടാകും. കൃഷി ചെയ്യുന്നതിനായി അവര്‍ക്ക് പരിശീനലവും സാമ്പത്തിക സഹായവും നല്‍കിയാണ് എച്ച്ആര്‍ഡിഎസ് അവരെ ശാക്തീകരിച്ചത്. നൊബേല്‍ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യൂനിസിന്റെ പദ്ധതികളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സാമ്പത്തിക ശാക്തീകരണ പരിപാടികളും നടപ്പാക്കി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും നിരവധി കുടുംബങ്ങള്‍ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളായി. നൂറുകണക്കിന് വനിതകള്‍ക്ക് വനിതാ ശാക്തീകരണ പദ്ധതിയുടെ കീഴില്‍ നൈപുണ്യ വികസന പരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കുകയും ചെയ്തു ഇവര്‍. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് പഠനസഹായമുള്‍പ്പടെ നിരവധി കാര്യങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമായിരുന്നു. ഇത്തരം പദ്ധതികള്‍ ഏത് വിധേനയും വിജയിപ്പിക്കുന്നതില്‍ അജി കൃഷ്ണന്റെ കഠിനാധ്വാനവും പ്രതിബദ്ധതയും നിര്‍ണായകമായി.

ആദിവാസികളുടെ സദ്ഗൃഹങ്ങള്‍
എച്ച്ആര്‍ഡിഎസിനെ ഇന്ന് ദേശീയതലത്തില്‍ ശ്രദ്ധേയമാക്കുന്നത് ആദിവാസികള്‍ക്കായുള്ള അവരുടെ ഹൗസിംഗ് പദ്ധതിയാണ്. ആദിവാസികള്‍ അന്നും ഇന്നും പട്ടിണിയില്‍ തന്നെയാണെന്ന് ചൂണ്ടിക്കാട്ടുന്നു അജി കൃഷ്ണന്‍. എട്ട് കോടിക്ക് മുകളില്‍ ഉണ്ട് ഇവരുടെ ജനസംഖ്യയെങ്കിലും തുടര്‍ച്ചയായി ഇവര്‍ അവഗണിക്കപ്പെടുകയാണ്. ഭരണകൂടത്തിന്റെ പരാജയമാണത്. അവര്‍ക്ക് ഒന്നും ചോദിക്കാന്‍ സാധിക്കുന്നില്ല. ലക്ഷ്യങ്ങള്‍ കൂടുതല്‍ വിശാലമാകുന്നതിന്റെ ഭാഗമായി 2018 മുതലാണ് ട്രൈബല്‍ ഹൗസിംഗ് രംഗത്തേക്ക് എച്ച്ആര്‍ഡിഎസ് ഇന്ത്യ കടക്കുന്നത്. പ്രവര്‍ത്തനം തുടങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ആദിവാസികളുടെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നു ഇവര്‍. യഥാര്‍ത്ഥത്തില്‍ കാടിന്റെ കാവലാളുകളാണ് ആദിവാസി ജനത. വളരെക്കാലം മുതല്‍ കാട്ടിലെ നിവാസികളായതിനാല്‍ ആദിവാസികള്‍ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകരാണ്. അതുകൊണ്ടാണ് അവരെ ‘ആദിവാസികള്‍’ എന്ന് വിളിക്കുന്നത്, അതായത് കാട്ടിലെ യഥാര്‍ത്ഥ നിവാസികള്‍. ഈ തദ്ദേശീയ ജനത പൂര്‍ണ്ണമായും വനത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നു. കാടിന്റെ ആത്മാവിനെ കളങ്കപ്പെടുത്താതെയാണ് അവര്‍ വനത്തില്‍ നിന്ന് വരുമാനവും ഉപജീവനവും കണ്ടെത്തിയിരുന്നത്. ഗോത്ര ആചാരങ്ങള്‍ അവരെ സംബന്ധിച്ചിടത്തോളം വനത്തോടുള്ള ആദരവ് പ്രകടിപ്പിക്കല്‍ കൂടിയായിരുന്നു. മൃഗങ്ങളെയും മരങ്ങളെയുമെല്ലാം പരമോന്നത ശക്തിയായി ആരാധിക്കുന്നു അവര്‍.  വിദ്യാസമ്പന്നരായ നഗര സമൂഹത്തില്‍ നിന്ന് വ്യത്യസ്തമായി, ഗോത്ര വിഭാഗങ്ങള്‍ക്ക് വനം അവരുടെ ജീവിതമാര്‍ഗമാണെന്നും അവരുടെ താമസസ്ഥലം സംരക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും അറിയാം. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വരെ അവര്‍ക്ക് വൈദ്യുതി വിതരണത്തെക്കുറിച്ച് അറിവില്ലായിരുന്നു, അവര്‍ക്ക് അറിയാവുന്ന ഒരേയൊരു വെളിച്ചം സൂര്യന്റെയും തീയുടെയും കിരണങ്ങള്‍ മാത്രമായിരുന്നു, ഇന്നും പല ആദിവാസി ഗ്രാമങ്ങളിലും വൈദ്യുതി സേവനമോ, ജല സൗകര്യമോ, ശരിയായ പാര്‍പ്പിടമോ ഇല്ല. എന്നാല്‍ അവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയായി കാണാനാണ് മുഖ്യധാര സമൂഹം ശ്രമിച്ചത്. ഈ ട്രൈബല്‍ ജനതയുടെ സമഗ്രമായ പുരോഗതിയാണ് എച്ച്ആര്‍ഡിഎസ് ലക്ഷ്യമിടുന്നതെന്ന് അജി കൃഷ്ണന്‍ പറയുന്നു. ‘ഇപ്പോള്‍ ട്രൈബല്‍ ഹൗസിംഗിലാണ് ഞങ്ങളുടെ ശ്രദ്ധ. അവരുടെ പുരോഗതിയാണ് ലക്ഷ്യം, സമഗ്രമായ പുരോഗതി. അടിസ്ഥാനപരമായി ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം  തുടങ്ങിയ കാര്യങ്ങളാണല്ലോ ആവശ്യം. ഇതില്‍ വീട് അത്ര എളുപ്പമല്ല. ഗോത്രവര്‍ഗജനതയ്ക്ക് വീടുണ്ടാക്കുകയെന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതതയാണ് ഈ വിഷയത്തിലെ വലിയ വെല്ലുവിളി. കാര്യമായ തുക സര്‍ക്കാര്‍ നീക്കിവയ്ക്കുന്നുണ്ട്. മോദി സര്‍ക്കാര്‍ വന്ന ശേഷം ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്ന വിഭാഗങ്ങളിലൊന്ന് ആദിവാസികളാണ്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അലംഭാവം വലിയ പ്രശ്‌നമാണ്. ഫണ്ടിന് യഥാര്‍ത്ഥത്തില്‍ കുറവൊന്നുമില്ല. ഉദ്യോഗസ്ഥരുടെ മനോഗതി മാറുകയാണ് വേണ്ടത്–അജി കൃഷ്ണന്‍ പറയുന്നു. രാജ്യത്തെ ഏഴ് പ്രധാന സംസ്ഥാനങ്ങളിലായാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ സദ്ഗൃഹ പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ ഗോത്രവര്‍ഗക്കാരില്‍ ഭൂരിഭാഗവും ദാരിദ്ര്യത്തില്‍ മുങ്ങിത്താഴുന്ന അവസ്ഥയിലാണ്; തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, കുറഞ്ഞ സാക്ഷരതാ നിരക്ക് മുതലായ കാര്യങ്ങള്‍ അവരുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാക്കുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യയിലെ ഗോത്രവര്‍ഗക്കാര്‍ക്കായി എച്ച്ആര്‍ഡിഎസ് ഇന്ത്യ ഒരു പുതിയ ഭവന സാങ്കേതികവിദ്യ അവതരിപ്പിച്ചതെന്ന് അജി കൃഷ്ണന്‍ പറയുന്നു. ഇന്ത്യയിലുടനീളമുള്ള ഭവനരഹിതരായ ഗോത്രവര്‍ഗക്കാര്‍ക്ക് 5000,51,70,00,000 രൂപ ചെലവില്‍ പത്ത് ദശലക്ഷം വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടാണ് ‘സദ്ഗൃഹ’, ഗോത്ര ഭവന പദ്ധതി ആരംഭിച്ചത്. പരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തുന്നതിനായി വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന പുതിയ രീതിയായ സിമന്റ് ഫൈബര്‍ പാനലുകളാണ് ഭവനിര്‍മാണത്തിനുപയോഗിക്കുന്നത്. ഫൈബര്‍ സിമന്റ് പാനലുകള്‍ പ്രധാനമായും സിമന്റ് ബോണ്ടഡ് പാര്‍ട്ടിക്കിള്‍ ബോര്‍ഡുകളും സിമന്റ് ഫൈബറുമാണ്. പരമ്പരാഗത ഇന്ത്യന്‍ വാസ്തുവിദ്യാ രൂപകല്‍പ്പനയോടെ 370 ചതുരശ്ര അടിയില്‍ 4.92 ലക്ഷം രൂപ ചെലവില്‍ പൂര്‍ണ്ണമായും ഫര്‍ണിഷ് ചെയ്ത ഒരു വീട് പൂര്‍ത്തിയാക്കാന്‍ 12 ദിവസമാണെടുക്കുക. ആഗോളതാപനം കുറയ്ക്കുന്നതിന് സമൂഹത്തിന് നല്‍കുന്ന പ്രധാന സംഭാവനകളിലൊന്നായി ഇത്തരം ഭവനനിര്‍മാണ രീതി കണക്കാക്കപ്പെടുന്നു. വികസനത്തിന്റെ അടിത്തറ പാര്‍പ്പിടമാണെന്ന വിശ്വാസമാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ ഈ പദ്ധതിക്ക് പിന്നിലെന്ന് അജി കൃഷ്ണന്‍ പറയുന്നു. ‘സദ്ഗൃഹ’ത്തിലൂടെ നമുക്ക് ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയും, ഈ പദ്ധതി ഇന്ത്യയിലെ ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയാടിസ്ഥാനത്തിലാണ് എച്ച്ആര്‍ഡിഎസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിരുന്നുവെങ്കിലും രാഷ്ട്രീയസഹചര്യം അനുകൂലമല്ലെന്നത് വെല്ലുവിളിയാണെന്ന് അജി കൃഷ്ണന്‍ പറയുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം വയനാട്ടിലെ മുഴുവന്‍ പേര്‍ക്കും വീടുകള്‍ വെച്ച് നല്‍കുന്ന പദ്ധതി സമര്‍പ്പിച്ചെങ്കിലും പിന്തുണ ലഭിച്ചില്ല. ഒഡിഷയിലാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. പതിനായിരം വീടുകളുടെ പണി നടക്കുകയാണ്. 2000 വീടുകളുടെ പണി കഴിഞ്ഞു. ഇതോടൊപ്പം സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. സ്‌കൂളുകളുടെ നവീകരണവും സാധ്യമാക്കുന്നുണ്ട്. ഭവനനിര്‍മാണത്തിലൂടെയും മറ്റും ആദിവാസികളുടെ കുട്ടികള്‍ക്ക് വലിയ ആത്മവിശ്വാസം ലഭിക്കുന്നുണ്ടെന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യ വിശ്വസിക്കുന്നു. സ്ത്രീകള്‍ക്കെല്ലാം ഇത്തരം പദ്ധതികള്‍ വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. 1 കോടി വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. സാമ്പത്തിക സഹായത്തിന് പകരം വീടായി പണിത് പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുകയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ ചെയ്യുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ഒരു കോടി വീടുകളെന്ന ദൗത്യം പൂര്‍ത്തിയാക്കാനാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ജമ്മുകാശ്മീരിലെ പഹല്‍ഗാം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഷെല്ലാക്രമണങ്ങളില്‍ തകര്‍ന്ന എഴുനൂറ്റമ്പതോളം വീടുകള്‍ക്കു പകരം ഷെല്‍ട്ടറുള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ദൗത്യവും സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നത് എച്ച്ആര്‍ഡിഎസ് ഇന്ത്യയെ ആണ്. ട്രൈബല്‍ ഹൗസിംഗ് പദ്ധതിക്ക് പുറമെ നൈപുണ്യപരിശീലന പദ്ധതികള്‍ ഉള്‍പ്പടെ നിരവധി പരിപാടികള്‍ എച്ച്ആര്‍ഡിഎസ് ഇന്ത്യ നടപ്പാക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട പദ്ധതികള്‍ ഇവയാണ്.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

ഏകാഗ്ര
ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമാണ് ഏകാഗ്ര. ഗ്രാന്റുകളായും ലോണായും സ്‌കോളര്‍ഷിപ്പു കളായുമെല്ലാം ഇത് നല്‍കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കവിഭാഗ ങ്ങളിലെ കുട്ടികളെ പിന്തുണയ്ക്കുന്ന തിലൂടെ വിദ്യാഭ്യാസത്തിനുള്ള അവരുടെ അവകാശം കൂടിയാണ് സംരക്ഷിക്കപ്പെടുന്നത്. ഇതിനോടൊപ്പം അടിസ്ഥാനസൗകര്യങ്ങളും ആരോഗ്യ സേവനങ്ങളും കൂടി നല്‍കപ്പെടുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ ശാക്തീകരിക്കുകയെന്നതാണ് ലക്ഷ്യം. അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുകയെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

കര്‍ഷക
പരമ്പരാഗത മരുന്നുകളേക്കാള്‍ താങ്ങാനാവുന്നതും കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകളേക്കാള്‍ എളുപ്പത്തില്‍ ലഭിക്കുന്നതുമായതിനാല്‍ ചെലവ് കുറഞ്ഞ ഔഷധ സസ്യങ്ങളുടെ കൃഷിയാണ് ‘കര്‍ഷക’ എന്ന സംരംഭകത്വ പദ്ധതിയിലൂടെ എച്ച്ആര്‍ഡിഎസ് ലക്ഷ്യമിടുന്നത്. ആധുനിക കാലത്ത് പിന്തള്ളപ്പെട്ടുപോയ ഔഷധ സസ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്ന്. നാച്ചുറല്‍ ഹീലിംഗിന്റെ പ്രസക്തി ബോധ്യപ്പെടുത്തുക കൂടിയാണിത്. രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, നോണ്‍ നാച്ചുറല്‍ മെഡിസിനുകളുടെ റിസ്‌ക് ഘടകങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന നിരാമയ ട്രഡിഷണല്‍ ഇന്ത്യന്‍ മെഡിസിന്‍ റിസര്‍ച്ച് പദ്ധതിയെയും പിന്തുണയ്ക്കുന്നു എച്ച്ആര്‍ഡിഎസ് ഇന്ത്യ.

  ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ്

ജ്വാലാമുഖി
വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പദ്ധതിയാണ് ജ്വാലാമുഖി. സാമൂഹ്യനീതി ഉറപ്പാക്കി സ്വാശ്രയത്വത്തിലേക്ക് വനിതകളെ നയിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വയം സഹായ സംഘങ്ങളും സൂക്ഷ്മ വായ്പകളും സ്വയം പര്യാപ്തതാ പദ്ധതികളുമെല്ലാം ഇതിന്റെ ഭാഗമായാണ് നടപ്പാക്കപ്പെടുന്നത്.

ഗുരു ആത്മ നമ്പി; പ്രകാശം പരത്തുന്ന നേതൃത്വം
വിഖ്യാതനായ ആത്മീയ നേതാവ് ഗുരു ആത്മ നമ്പിയാണ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് എച്ച്ആര്‍ഡിഎസ് ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. ബ്രസീലില്‍ ആശ്രമവും ലോകം മുഴുവന്‍ അനുയായികളുമുള്ള ആത്മജി എന്നറിയപ്പെടുന്ന ഗുരു ആത്മ നമ്പിയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യക്ക് വലിയ തോതില്‍ പിന്തുണ ലഭിക്കുന്നത്. നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ മോശമാണ് ആദിവാസി വിഭാഗത്തിന്റെ അവസ്ഥയെന്ന് അദ്ദേഹം കരുതുന്നു. സ്വന്തമായി ഭൂമിയുണ്ടെങ്കിലും അടച്ചുറപ്പുള്ള വീടില്ലാത്ത അവസ്ഥയാണവര്‍ക്ക്. നല്ല വസ്ത്രങ്ങളില്ല, പോഷകാഹാരമില്ല, ഒരു അസുഖം വന്നാല്‍ വേണ്ട ചികിത്സ ലഭ്യമാക്കുന്നതിനായുള്ള ആശുപത്രി സൗകര്യങ്ങളില്ല, നാടിന്റെ മാറുന്ന അവസ്ഥയും അവസരങ്ങളും മനസിലാക്കുന്നതിനായി വിദ്യാഭ്യസമില്ല. ഇത്തരം ഇല്ലായ്മകളെല്ലാം പരിഹരിക്കുകയെന്ന ദൗത്യത്തിലാണ് അദ്ദേഹം ഏര്‍പ്പെട്ടിരിക്കുന്നത്. പാര്‍പ്പിടം, വിദ്യാഭ്യാസം, വരുമാനം എന്നിങ്ങനെ സ്വയം പര്യാപ്തതയിലേക്ക് ഗോത്രവിഭാഗങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. ഇതില്‍ ആത്മീയതയ്ക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കരുതുന്നു.

Maintained By : Studio3