സാമ്പത്തിക സര്‍വേ ജനുവരി 29 നു പാര്‍ലമെന്റില്‍
1 min readന്യൂഡെല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2020-21 സാമ്പത്തിക സര്‍വേ ജനുവരി 29 നു പാര്‍ലമെന്റില്‍ അവതരിപ്പിക്കും. സര്‍വേയുടെ അവതരണത്തിനുശേഷം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കെ വി സുബ്രഹ്മണ്യന്‍ ന്യൂഡെല്‍ഹിയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പത്രസമ്മേളനത്തില്‍ സംസാരിക്കുമെന്നും ധനമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 1 ന് പ്രഖ്യാപിക്കുന്ന ഈ വര്‍ഷത്തെ ബജറ്റിന്റെ സ്വഭാവം സാമ്പത്തിക സര്‍വേയുടെ അവതരണത്തില്‍ പ്രതിഫലിക്കും. 2020-21 വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന്റെ അവലോകനം അവതരിപ്പിക്കുന്ന സര്‍വേ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അവതരിപ്പിക്കും. സാധാരണയായി രണ്ടു വാല്യങ്ങളാണ് ഇതിനുണ്ടാവുക. സിഇഎയുടെ നേതൃത്വത്തില്‍ സാമ്പത്തികകാര്യ വകുപ്പാണ് സാമ്പത്തിക സര്‍വേ തയ്യാറാക്കുന്നത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടതായിരുന്നു കൊറോണ വൈറസിന്റെ വ്യാപനം.ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടമായിരുന്നു ഇത്. പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍നിന്ന് രാജ്യം ക്രമേണ കരകയറിവരുന്ന സാഹചര്യത്തിലെ സാമ്പത്തിക സര്‍വേയാണിത്. അതോടൊപ്പം നിര്‍മലാ സീതാരാമന്‍ തന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കിനാണ് ഒരുങ്ങുന്നത് എന്ന പ്രത്യേകതയും ഉണ്ട്. സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുകയാകും ബജറ്റിലെ പ്രധാന ലക്ഷ്യം. സമ്പദ് വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കാനുതകുന്ന നിര്‍ദേശങ്ങളാകും രാജ്യം പ്രതീക്ഷിക്കുന്നതും. കേന്ദ്ര ബജറ്റ് 2021 രൂപീകരിക്കുന്നതിന് ഉപദേശകരുടെയും സെക്രട്ടറിമാരുടെയും ഒരു സംഘമാണ് ധനമന്ത്രിയെ സഹായിക്കുന്നത്.