Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സീനെക്‌സ് ഗ്ലോബൽ കേന്ദ്രത്തിന്‍റെ നിർമ്മാണ കരാർ യു-സ്‌ഫിയറിന്

1 min read

കൊച്ചി: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഹൈടെക് കൺസ്ട്രക്ഷൻ വിഭാഗമായ യു-സ്‌ഫിയർ കാനഡ ആസ്ഥാനമായ സീനെക്‌സ് ഗ്ലോബൽ കമ്പ്യൂട്ടർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പരിശീലന കേന്ദ്രത്തിന്‍റെ രൂപകൽപ്പനയും നിർമ്മാണവും നിർവ്വഹിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. തിരുവനന്തപുരം ശാസ്തമംഗലത്താണ് സ്വകാര്യ മേഖലയിലെ യു-സ്‌ഫിയറിന്‍റെ ആദ്യപദ്ധതിയായ ഈ പരിശീലന കേന്ദ്രം നിർമ്മിക്കുന്നത്. ഇതു സംബന്ധിച്ച കരാർ യു-സ്‌ഫിയർ ഡയറക്‌ടർ രമേശൻ പാലേരിയും സീനെക്‌സ് ഗ്ലോബൽ ഡയറക്‌ടർ മുഹമ്മദ് ഇർഫാനും ചേർന്ന് ഒപ്പുവെച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ മേഖലയുടെ വളർച്ചയും സ്വകാര്യ മേഖലയിലേക്കുള്ള യു-സ്‌ഫിയറിന്‍റെ പ്രവേശനവും പ്രതിഫലിക്കുന്നതാണ് ഈ പദ്ധതി. കരാറിന്‍റെ ഭാഗമായി, സീനെക്‌സ് ഗ്ലോബൽ കമ്പ്യൂട്ടർ പ്രൈവറ്റ് ലിമിറ്റഡിന്‍റെ പരിശീലന കേന്ദ്രത്തിന്‍റെ സ്‌ട്രക്‌ചറൽ നിർമ്മാണവും മറ്റ് അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളും യു-സ്‌ഫിയർ ഏറ്റെടുക്കും. ഏഴ് മാസത്തിനുള്ളിൽ ഈ പ്രവൃത്തി പൂർത്തിയാക്കും. തുടർന്ന് മറ്റു പ്രവൃത്തികൾകൂടി നിർവ്വഹിച്ച് പരിശീലനകേന്ദ്രം പൂർണ്ണ സജ്ജമാക്കാനാണു യു-സ്‌ഫിയർ ലക്ഷ്യമിടുന്നത്. പ്രവർത്തനക്ഷമമാകുമ്പോള്‍ സീനെക്‌സിന്‍റെ ഇ-ഗവേണൻസ്, ഹെൽത്ത്‌കെയർ, എനർജി, സ്‌മാർട്ട് മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാകും തിരുവനന്തപുരത്തെ ഈ ട്രെയിനിംഗ് സെന്‍റർ. ടെക്‌നോളജി മേഖലയിലെ നിക്ഷേപങ്ങൾക്ക് കേരളം ഒരു പ്രധാന കേന്ദ്രമായി മാറുന്നുവെന്നതിന്‍റെ സൂചന കൂടിയാണിത്. സീനെക്‌സുമായുള്ള ഈ പങ്കാളിത്തം യു-സ്‌ഫിയറിനെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണെന്നും ലോകോത്തരവും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ നിർമ്മാണം സുസ്ഥിരമായും റെക്കോർഡ് സമയത്തിനുള്ളിലും പൂർത്തിയാക്കാനുള്ള ഞങ്ങളുടെ കഴിവാണ് ഇത് കാണിക്കുന്നതെന്നും യു-സ്‌ഫിയർ സിഒഒ ഫാരിസ് എ. റസാഖ് പറഞ്ഞു. ഞങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളെ ലക്ഷ്യബോധത്തോടെയും നൂതനത്വത്തോടെയും അർത്ഥവത്തായ സ്വാധീനത്തോടെയും മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരിട്ടും പരോക്ഷമായും, നിർമ്മാണ മേഖല മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള സാങ്കേതിക മേഖലകൾ വരെ നിരവധി തൊഴിലവസരങ്ങൾ ഈ പദ്ധതി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത അഞ്ച് വർഷങ്ങള്‍ക്കുള്ളിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി 1,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 2,000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ നേടുകയും ചെയ്യുക എന്ന ലക്ഷ്യവും യു-സ്‌ഫിയർ നിശ്ചയിച്ചിട്ടുണ്ട്. ഞങ്ങളുടെ കാഴ്ചപ്പാടും ചടുലതയും പങ്കിടുന്ന ഒരു പങ്കാളിയെ ഞങ്ങൾക്ക് ആവശ്യമായിരുന്നുവെന്നും യു-സ്‌ഫിയറിൽ ഇത് രണ്ടും കണ്ടെത്താൻ കഴിഞ്ഞുവെന്നും സീനെക്‌സ് ഗ്ലോബലിന്‍റെ ഡയറക്‌ടർ മുഹമ്മദ് ഇർഫാൻ പറഞ്ഞു. ഒരേ താത്പര്യങ്ങളിലും നിർവ്വഹണ മികവിലും വേരൂന്നിയ ഒരു ദീർഘകാല സഹകരണത്തിന്‍റെ തുടക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. സൈബർസെക്യൂരിറ്റി, ഡെവോപ്‌സ്, ബിഗ് ഡേറ്റ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്‌ചർ എന്നീ മേഖലകളിലായി ഏഴ് രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള സീനെക്‌സ്, കേരളത്തിൽ ദീർഘകാല നിക്ഷേപം നടത്തുകയാണ്. തിരുവനന്തപുരത്തെ പുതിയ പരിശീലന സൗകര്യം കമ്പനിയുടെ ഇന്ത്യയിലെ വളർച്ചയ്ക്ക് പ്രേരകമായി പ്രവർത്തിക്കുകയും പ്രാദേശിക തൊഴിലവസരങ്ങളും നവീകരണവും ഉത്തേജിപ്പിക്കുകയും ചെയ്യും. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച യു-സ്‌ഫിയർ എന്ന പുതിയ സംരംഭം പ്രീ-എഞ്ചിനീയറിംഗ്, മോഡുലാർ, സുസ്ഥിര നിർമ്മാണ രീതികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വേഗത, കാര്യക്ഷമത, പാരിസ്ഥിതിക ഉത്തരവാദിത്തം എന്നിവ വർദ്ധിപ്പിക്കുന്നതിന് എഐ അനലിറ്റിക്‌സ് ഐഒടി-എനേബിള്‍ഡ് മോനിറ്ററിംഗ്, ഡിജിറ്റൽ പ്രോജക്‌ട് മാനേജ്മെന്‍റ് എന്നിവ സംയോജിപ്പിച്ചാണ് യു-സ്‌ഫിയർ പ്രവർത്തിക്കുന്നത്.

  കെസ്വിഫ്റ്റ് ഓണ്‍ലൈന്‍ സംവിധാനം എംഎസ്എംഇകൾക്ക് പ്രയോജനപ്പെടുത്താം
Maintained By : Studio3