ബാഗ് ട്രാക്ക് ആന്‍റ് പ്രൊട്ടക്ട് സേവനവുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്
കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുകയും ബാഗേജുകള്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്യുന്ന ബാഗ് ട്രാക്ക് ആന്‍റ് പ്രൊട്ടക്ട് സേവനമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്. ബ്ലൂ റിബണ്‍ ബാഗുമായി ചേര്‍ന്നുള്ള ഈ നൂതന സംവിധാനം വഴി യാത്രക്കാര്‍ക്ക് ബാഗേജിനെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ എസ്‌എംഎസ് അല്ലെങ്കിൽ ഇ-മെയില്‍ മുഖേന ലഭിക്കും. വിമാനം ലാന്‍റ് ചെയ്‌ത് 96 മണിക്കൂറിനകം ബാഗേജുകള്‍ ലഭിച്ചില്ലെങ്കില്‍ ആഭ്യന്തര യാത്രികര്‍ക്ക് 19,000 രൂപയും അന്താരാഷ്ട്ര യാത്രികര്‍ക്ക് 66,000 രൂപയും ഒരു ബാഗിനെന്ന നിരക്കില്‍ നഷ്ടപരിഹാരമായി ലഭിക്കും. എയര്‍ ഇന്ത്യയുടെ മൊബൈല്‍ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ (www.airindiaexpress.com) ഈ സേവനം മുന്‍കൂര്‍ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്രക്കാര്‍ക്ക് 95 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 330 രൂപയുമാണ് ബുക്കിംഗ് നിരക്ക്. സാങ്കേതിക വിദ്യയില്‍ ഊന്നിയുള്ള ഇത്തരം സേവനങ്ങള്‍ വഴി യാത്രക്കാര്‍ക്ക് കൂടുതല്‍ അനായാസവും സുഖപ്രദവുമായ യാത്ര ഒരുക്കാനാണ് ശ്രമിക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഡോ.അങ്കുര്‍ ഗാര്‍ഗ് പറഞ്ഞു. ബാഗേജ് ട്രാക്കിംഗ് പോലെയുള്ള സേവനങ്ങളിലൂടെ യാത്രകള്‍ കൂടുതല്‍ വ്യക്തിഗതമാക്കാനും സുതാര്യത ഉറപ്പാക്കാനും സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യ എക്‌സ്‌പ്രസുമായുള്ള പങ്കാളിത്തത്തില്‍ തങ്ങള്‍ വളരെ സന്തുഷ്ടരാണെന്ന് ബ്ലൂ റിബണ്‍ ബാഗ്‌സിന്‍റെ പാര്‍ട്‌ണറും സീനിയര്‍ വൈസ് പ്രസിഡന്‍റുമായ സിറാജ് ഷാ പറഞ്ഞു. ബാഗേജ് ട്രാക്കിങ്ങിലും സംരക്ഷണത്തിലുമുള്ള തങ്ങളുടെ വൈദഗ്‌ധ്യം എയര്‍ ഇന്ത്യ എക്‌സ്‌പ്രസിലെ യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവവും ഉപഭോക്തൃ സംതൃപ്‌തിയും സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി സേവനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വാഗ്‌ദാനം ചെയ്യുന്നത്. ചെക്ക് ഇന്‍ ബാഗേജില്ലാത്ത യാത്രയ്‌ക്കുള്ള പ്രത്യേക നിരക്കായ എക്‌സ്‌പ്രസ് ലൈറ്റ്, രണ്ട് മണിക്കൂര്‍ മുന്‍പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്‌സ്‌പ്രസ് ഫ്‌ളെക്‌സ് തുടങ്ങിയവക്കൊപ്പം ഗൊര്‍മേര്‍ ഭക്ഷണവും മറ്റ് മുന്‍ഗണന സേവനങ്ങളും ഇതിന് ഉദാഹരണമാണ്. കൂടുതല്‍ ലെഗ്‌റൂമും വിശാലമായ സീറ്റുകളും ബിസിനസ് ക്ലാസ് സൗകര്യങ്ങളുള്ള പുതിയ ഹൈബ്രിഡ് വിമാനങ്ങളാണ് വിവിധ സെക്ടറുകളിലായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് അവതരിപ്പിക്കുന്നത്.