‘കാശി തമിഴ് സംഗമം’ വാരാണസിയിൽ
ന്യൂഡൽഹി: ഉത്തർപ്രദേശിലെ വാരാണസിയിൽ ‘കാശി തമിഴ് സംഗമം’ എന്ന പേരിൽ ഒരു മാസം നീളുന്ന പരിപാടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (നവംബർ 19-ന്) ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും പ്രാചീനവുമായ പഠന കേന്ദ്രങ്ങളായ തമിഴ്‌നാടിനും കാശിക്കുമിടയിലുള്ള പഴക്കമുള്ള ബന്ധം വീണ്ടും കണ്ടെത്തി പുനഃസ്ഥാപിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2022 നവംബർ 17 മുതൽ ഡിസംബർ 16 വരെ വാരാണസിയിൽ (കാശി) ‘കാശി തമിഴ് സംഗമം’ സംഘടിപ്പിക്കുന്നു.
സാംസ്‌കാരികം, ടെക്‌സ്‌റ്റൈൽസ്, റെയിൽവേ, ടൂറിസം, ഭക്ഷ്യ സംസ്‌കരണം, വാർത്ത വിതരണ പ്രക്ഷേപണം തുടങ്ങിയ മന്ത്രാലയങ്ങളുമായും യുപി ഗവണ്മെന്റ്മായും സഹകരിച്ചാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കാശി തമിഴ് സംഗമം സംഘടിപ്പിക്കുന്നത് . രണ്ട് പ്രദേശങ്ങളിലെയും പണ്ഡിതന്മാർ, വിദ്യാർത്ഥികൾ, തത്ത്വചിന്തകർ, വ്യാപാരികൾ, കരകൗശല വിദഗ്ധർ, കലാകാരന്മാർ, മറ്റ് ജീവിത മേഖലകളിൽ നിന്നുള്ള ആളുകൾ എന്നിവർക്ക് ഒത്തുചേരാനും അവരുടെ അറിവ്, സംസ്കാരം, മികച്ച സമ്പ്രദായങ്ങൾ എന്നിവ പങ്കിടാനും പരസ്പരം അനുഭവത്തിൽ നിന്ന് പഠിക്കാനും അവസരമൊരുക്കുകയാണ് പരിപാടിയുടെ ലക്‌ഷ്യം . ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളുടെ സമ്പത്ത് ആധുനിക വിജ്ഞാന സംവിധാനങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഊന്നലുമായി ഈ ശ്രമം സമന്വയിപ്പിച്ചിരിക്കുന്നു. ഐഐടി മദ്രാസും ബനാറസ് ഹിന്ദു സർവ്വകലാശാലയുമാണ് പരിപാടിയുടെ രണ്ട് നിർവ്വഹണ ഏജൻസികൾ.
വിദ്യാഭ്യാസം , സാഹിത്യം, സംസ്കാരം, കരകൗശലം , ആത്മീയം, പൈതൃകം, ബിസിനസ്സ്, സംരംഭകർ, പ്രൊഫഷണലുകൾ തുടങ്ങി 12 വിഭാഗങ്ങളിലായി തമിഴ്‌നാട്ടിൽ നിന്നുള്ള 2500-ലധികം പ്രതിനിധികൾ 8 ദിവസത്തെ പര്യടനങ്ങളിൽ വാരാണസി സന്ദർശിക്കും. ഒരേ തൊഴിൽ, കച്ചവടം , താൽപ്പര്യം എന്നിവയുള്ള പ്രാദേശിക ആളുകളുമായി സംവദിക്കുന്നതിനായി 12 വിഭാഗങ്ങളിൽ ഓരോന്നിനും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകൾ, സൈറ്റ് സന്ദർശനങ്ങൾ തുടങ്ങിയവയിൽ അവർ പങ്കെടുക്കും. പ്രയാഗ്‌രാജ്, അയോധ്യ എന്നിവയുൾപ്പെടെ വാരണാസിയിലും പരിസരങ്ങളിലും ഉള്ള താൽപ്പര്യമുള്ള സ്ഥലങ്ങളും പ്രതിനിധികൾ സന്ദർശിക്കും. ബിഎച്ച്‌യുവിലെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാർത്ഥികൾ അക്കാദമിക് പ്രോഗ്രാമുകളിൽ പങ്കെടുക്കും. രണ്ട് മേഖലകളിലെയും വിവിധ മേഖലകളുമായി ബന്ധപ്പെട്ട താരതമ്യ രീതികൾ അവർ പഠിക്കുകയും പഠനങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും. 200 വിദ്യാർത്ഥികളടങ്ങുന്ന ആദ്യ സംഘത്തിനു നവംബർ 17 ന് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് തമിഴ്‌നാട് ഗവർണർ ശ്രീ ആർ എൻ രവി ഫ്ലാഗ് ഓഫ് ചെയ്തു.