2018-19 : കേരളം സൃഷ്ടിച്ചത് 975 ലക്ഷം വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍
1 min readമഹാപ്രളയത്തെ കേരളം നേരിട്ടപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ മുന്‍ഗണനാ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് പുന:ക്രമീകരിച്ചു. പ്രളയം കവര്‍ന്നെടുത്ത വീടുകളുടെയും കൃഷിസ്ഥലങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വീണ്ടെടുപ്പിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി. ദുരിത കാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് ഇതിലൂടെ ആശ്വാസമേകാനായി
തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് പരമാവധി തൊഴില്‍ ദിനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് നല്‍കുന്നത്. ഇതിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ റെക്കോഡ് നേട്ടങ്ങളാണ് 2016 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുന്നു.
90 ശതമാനത്തിലധികം സ്ത്രീ പങ്കാളിത്തമാണ് കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന വനിതാ പങ്കാളിത്ത നിരക്കാണിത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ 2018-19 വര്‍ഷത്തില്‍ 975 ലക്ഷം വ്യക്തിഗത തൊഴില്‍ ദിനങ്ങളാണ് സംസ്ഥാനം സൃഷ്ടിച്ചത്. കേരളത്തില്‍ സമീപവര്‍ഷഘങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ പ്രകടമായ ഏറ്റവും വലിയ സംഖ്യയാണിത്. 4,41,479 പേര്‍ക്കാണ് 100 ദിവസത്തെ തൊഴില്‍ കൊടുക്കാന്‍ സാധിച്ചത്. കേരളം ആസൂത്രണ മികവോടെ പദ്ധതി നടപ്പാക്കിയതിന്റെ ഫലമാണിത്. 65.97 എന്ന ഏറ്റവും ഉയര്‍ന്ന ശരാശരിയില്‍ വ്യക്തിഗത തൊഴില്‍ ദിനം നല്‍കാനും കേരളത്തിന് സാധിച്ചു.
നൂറ്റാണ്ടിലെ മഹാപ്രളയത്തെ കേരളം നേരിട്ടപ്പോള്‍ തൊഴിലുറപ്പ് പദ്ധതിയുടെ മുന്‍ഗണനാ പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് പുന:ക്രമീകരിച്ചു. പ്രളയം കവര്‍ന്നെടുത്ത വീടുകളുടെയും കൃഷിസ്ഥലങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും വീണ്ടെടുപ്പിന് തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്തി. ദുരിത കാലത്ത് തൊഴില്‍ നഷ്ടമായവര്‍ക്ക് ഇതിലൂടെ ആശ്വാസമേകാനായി.
- 90 ശതമാനത്തിലധികം സ്ത്രീ പങ്കാളിത്തമാണ് കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിയിലുള്ളത്
- കൃത്യസമയത്ത് തൊഴിലുറപ്പ് വേതനം നല്‍കുന്നതില്‍ കേരളത്തിന്റെ നേട്ടം 99.19%
തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് തൊഴിലുറപ്പ് വേതനം നല്‍കുന്നതില്‍ കേരളത്തിന്റെ നേട്ടം 99.19 ശതമാനമാണ്. ദേശീയതലത്തില്‍ കൃത്യമായി വേതനം നല്‍കുന്നതില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിനുള്ളത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഉപജീവനത്തിനായി കാലിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയവ ആരംഭിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും തൊഴിലുറപ്പ് പദ്ധതി സംസ്ഥാനത്ത് ഉപയോഗപ്പെടുത്തുന്നു.
കേരളത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാന്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയുമായി സംയോജിപ്പിച്ചും പുതിയ മാതൃകകള്‍ തൊഴിലുറപ്പിലൂടെ കേരളം സാധ്യമാക്കി കൊണ്ടിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ് കൂടുതല്‍ ശാസ്ത്രീയമാക്കാനായി ജി.ഐ.എസ് മാപ്പിംഗ് അടിസ്ഥാനത്തിലുള്ള ആസൂത്രണമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനെ തുടര്‍ന്ന് നിരവധി ദേശീയ അവാര്‍ഡുകള്‍ കേരളത്തെ തേടിയെത്തി. 2017 ല്‍ ഒന്നും 2018 രണ്ടും 2019 ലും 2020 ലും നാല് വീതവും ദേശീയ അവാര്‍ഡുകളാണ് തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണത്തിന് കേരളത്തിന് ലഭിച്ചത്.