കേരളത്തിൽ വനമേഖലയുടെ വിസ്തൃതി 33 % നും 75 % നും ഇടയില്‍: ഫോറസ്റ്റ് സര്‍വേ റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി: രാജ്യത്തിന്റെ വന-വൃക്ഷ സമ്പത്ത് വിലയിരുത്തുന്നതിനു വേണ്ടി ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ (എഫ്എസ്ഐ) തയ്യാറാക്കിയ ‘ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021’ പ്രകാരം കേരളത്തിലെ വനമേഖലയുടെ വിസ്തൃതി 33 % നും 75 % നും ഇടയില്‍ ആണ്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 24.62 ശതമാനം വരുന്ന 80.9 ദശലക്ഷം ഹെക്ടറാണ് രാജ്യത്തിന്റെ മൊത്തം വനവും മരങ്ങളുമെന്ന് സര്‍വേ ഫലങ്ങള്‍ പറയുന്നു. 2019 ലെ വിലയിരുത്തലുമായി താരതമ്യപ്പെടുത്തുമ്പോള്‍, രാജ്യത്തിന്റെ മൊത്തം വനവിസ്തൃതിയിലും മരങ്ങളുടെ എണ്ണത്തിലും 2,261 ചതുരശ്ര കിലോമീറ്റര്‍ വര്‍ദ്ധനയുണ്ട്.
17 സംസ്ഥാനങ്ങള്‍/ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ വനമേഖലയുടെ കാര്യത്തില്‍ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 33 ശതമാനത്തിനും മുകളിലാണ്.ഇതില്‍, കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളിലും /കേന്ദ്ര ഭരണ പ്രദേശങ്ങളിലും 33 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് വനമേഖലയുള്ളത്. വനവിസ്തൃതിയില്‍ വര്‍ധന കാണിക്കുന്ന ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശും തെലങ്കാനയും ഒഡീഷയുമാണ്. പ്രാദേശിക അടിസ്ഥാനത്തില്‍ മധ്യപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വനമുള്ളത്.