ഇന്ത്യയിലെ ബിരുദധാരികൾക്കായി ഒരുങ്ങുന്നത് ഒരു ലക്ഷത്തോളം തൊഴിൽ അവസരങ്ങൾ
ഇന്ത്യയിൽ നിയമന പ്രവർത്തനങ്ങളിൽ പുത്തൻ ഉണർവുണ്ടാകുന്നതിനൊപ്പം ഡിജിറ്റൽ രംഗത്തെ പ്രതിഭശാലികളുടെ ആവശ്യകതയും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യ (ഐടി) സേവനദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ കമ്പനികൾ മാത്രം ഈ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം പുതുമുഖങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ 35,000 പുതിയ ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും ഇത് പൂർത്തിയാവുമ്പോൾ, ഈ സാമ്പത്തിക വർഷത്തിലെ മൊത്തം നിയമനങ്ങൾ 78,000 ആയി ഉയർത്തുമെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കമ്പനി ഇതുവരെ 43,000 ബിരുദധാരികൾക്കു നിയമനം നൽകിക്കഴിഞ്ഞു.
ഈ സാമ്പത്തിക വർഷം 45,000 പുതിയ ബിരുദധാരികളെ നിയമിക്കാനാണു ഇൻഫോസിസ് പദ്ധതിയിടുന്നത്.
വിപ്രോ ഈ വർഷം 8100-ഉം അടുത്ത സാമ്പത്തിക വർഷം 25000-വും പുതിയ ബിരുദധാരികളെയും നിയമിക്കാൻ തയ്യാറെടുക്കുന്നു. എച്ച്‌സിഎൽ ടെക്നോളജീസ് ഈ വർഷം 20,000-22,000 പുതിയ ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിടുന്നു, അടുത്ത വർഷം 30,000 പുതിയ വിദ്യാർത്ഥികളെ നിയമിക്കാനും ഇവർ പദ്ധതിയിടുന്നു.