അഫ്ഗാന്‍: 56താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു; പോരാട്ടം രൂക്ഷം
1 min readകാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ വടക്കന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ 56 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ സേന 23പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. ഈ മഖലയില്‍ ഭീകരരുടെ മുന്നേറ്റം തടയാന്‍ കഴിഞ്ഞതായി സേനാധികൃതര്‍ അറിയിച്ചു. ജാവ്ജാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഷിബര്‍ഗാന്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശത്ത് അഫ്ഗാന്‍ വ്യോമസേനയുടെ പിന്തുണയോടെ നടന്ന ആക്രണത്തില്‍ നാല്‍പത്തിയഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കരസേനയുടെ 209-ാമത് ഷഹീന്‍ കോര്‍പ്സ് പ്രസ്താവനയില്‍ പറഞ്ഞു.കൊല്ലപ്പെട്ടവരില്‍ തീവ്രവാദികളുടെ ഒരു പ്രധാന ഡിവിഷണല്‍ കമാന്‍ഡറായ ഒബൈദുള്ളയും ഉള്‍പ്പെടുന്നു. അഫ്ഗാന്‍ ഇതര തീവ്രവാദികളാണ് ആക്രമണത്തിന് ഇരയായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.
അടുത്ത സാരി പുള്‍ പ്രവിശ്യയില്‍ നടന്ന ആക്രമണത്തിലാണ് പിന്നീട് 11 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇവിടെയാണ് 23 പേരെ പിടികൂടിയത്. പ്രാദേശിക സേനയുടെ പിന്തുണയോടെ അഫ്ഗാന്‍ സൈന്യം ബാല്‍ഖാബ് ജില്ലയിലെ ഗ്രാമങ്ങളില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തെ അടച്ചുപൂട്ടലിനുശേഷം രണ്ട് പ്രവിശ്യകളെയും ബന്ധിപ്പിക്കുന്ന പ്രവിശ്യാ ഹൈവേയായ സാരി പുള്‍-ജാവ്ജാന്‍ ഹൈവേ നമ്പര്‍ 1 സുരക്ഷാ സേന വീണ്ടും തുറന്നു.മെയ് ഒന്നുമുതല്‍ യുഎസ് നേതൃത്വത്തിലുള്ള സൈന്യം പിന്മാറ്റം ആരംഭിച്ചതിനുശേഷം താലിബാന്‍ തീവ്രവാദികള്‍ നിരവധി സബര്‍ബന്‍ ജില്ലകള്‍ പിടിച്ചെടുത്തതിനാല്‍ വടക്കന്‍ അഫ്ഗാന്‍ പ്രവിശ്യകള്‍ കനത്ത പോരാട്ടങ്ങള്‍ക്ക് വേദിയായി. എന്നാല്‍ അതിര്‍ത്തി പ്രവിശ്യകളും പ്രധാനപ്പെട്ട ജില്ലകളും എല്ലാം താലിബാന്‍റെ അധീനതയിലാകുന്നതായാണ് റിപ്പോര്‍ട്ട്.