കെടിഎം ‘ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചര്‍ ടൂര്‍’ പ്രഖ്യാപിച്ചു
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് ടൂര്‍ സംഘടിപ്പിക്കുന്നത്
ന്യൂഡെല്‍ഹി: കെടിഎം ‘ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചര്‍ ടൂര്‍’ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് ടൂര്‍ സംഘടിപ്പിക്കുന്നതെന്ന് പത്രക്കുറിപ്പിലൂടെ കെടിഎം ഇന്ത്യ വ്യക്തമാക്കി. കെടിഎം 250 അഡ്വഞ്ചര്‍, കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഉടമകള്‍ക്ക് പതിനാല് ദിവസത്തെ ടൂറില്‍ പങ്കെടുക്കാം.
പാങ്കോംഗ് സോ, സോ മോറിരി, സിയാച്ചിന്‍ തുടങ്ങിയ ഭൂപ്രദേശങ്ങള്‍ താണ്ടുന്നവിധം പ്രത്യേക റൂട്ടിലാണ് ‘ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചര്‍ ടൂര്‍’ സംഘടിപ്പിക്കുന്നത്. ആകെ ഏകദേശം 2,300 കിലോമീറ്റര്‍ നീളം വരുന്നതാണ് ഈ സാഹസിക യാത്ര. ടാര്‍മാക്ക്, കുന്നുകള്‍, മണല്‍ക്കൂനകള്‍, വറ്റിയ നദീതടങ്ങള്‍, ചെളി, ചരല്‍ പ്രദേശങ്ങള്‍, ചേറുനിറഞ്ഞ പ്രതലങ്ങള്‍, പുഴ കടക്കല്‍, വനപ്രദേശങ്ങള്‍, വളഞ്ഞുപുളഞ്ഞ വഴികള്‍ എന്നീ ഭൂപ്രദേശങ്ങളിലൂടെ റൈഡര്‍മാര്‍ കടന്നുപോകേണ്ടിവരും.
ചണ്ഡീഗഢില്‍ നിന്ന് യാത്ര ആരംഭിച്ച് മനാലി, ജിസ്പ, സര്‍ച്ചു, ലേ, നുബ്ര താഴ്‌വര, പാങ്കോംഗ് സോ, സോ മോറിരി, സര്‍ച്ചു, മനാലി ഭൂപ്രദേശങ്ങള്‍ താണ്ടി ചണ്ഡീഗഢീല്‍ തിരിച്ചെത്തും. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 12,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നുബ്രയിലെ അഡ്വഞ്ചര്‍ അക്കാദമിയില്‍ ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചര്‍ ടൂറില്‍ പങ്കെടുക്കുന്നവര്‍ക്കായി കെടിഎം ഇന്ത്യ പ്രത്യേക പരിശീലനം നല്‍കും.
കെടിഎം ‘എക്‌സ്പര്‍ട്ടു’കളായിരിക്കും ടൂര്‍ നയിക്കുന്നത്. പ്രീ ടൂര്‍ സെഷനുകളും റൈഡര്‍മാര്‍ക്കുള്ള പരിശീലനവും ഇവരുടെ മേല്‍നോട്ടത്തിലായിരിക്കും. കെടിഎം ഗ്രേറ്റ് ലഡാക്ക് അഡ്വഞ്ചര്‍ ടൂറില്‍ പങ്കെടുക്കുന്നതിന് 35,000 രൂപയാണ് ചെലവ്. ഓരോ റൈഡറിനും അഞ്ച് ലക്ഷം രൂപ വരെയുള്ള ‘അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇന്‍ഷുറന്‍സ്’ പരിരക്ഷ കൂടി ഈ ഫീസില്‍ ഉള്‍പ്പെടും.