November 22, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഇന്ത്യയില്‍ ഡിഫെന്‍ഡര്‍ 90 വില്‍പ്പന ആരംഭിച്ചു

സ്റ്റാന്‍ഡേഡ് വേരിയന്റിന് 76.57 ലക്ഷം രൂപയും ഡിഫെന്‍ഡര്‍ എക്‌സ് വേരിയന്റിന് 1.12 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില  

2021 ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ എസ്‌യുവിയുടെ ഡിഫെന്‍ഡര്‍ 90 വകഭേദത്തിന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചു. പുതു തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇതുവരെ ഡിഫെന്‍ഡര്‍ 110 എന്ന 5 ഡോര്‍ വകഭേദമാണ് ഇന്ത്യയില്‍ ലഭിച്ചിരുന്നത്. ഡിഫെന്‍ഡര്‍ 90 എന്ന 3 ഡോര്‍ വകഭേദം ഇപ്പോള്‍ ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുന്നു. ഡിഫെന്‍ഡര്‍ 90 വേര്‍ഷന്റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 76.57 ലക്ഷം രൂപയും ഡിഫെന്‍ഡര്‍ എക്‌സ് വേരിയന്റിന് 1.12 കോടി രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90 ലഭിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 296 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പരമാവധി പുറപ്പെടുവിക്കുന്നത് 394 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കുമാണ്. 3.0 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ 296 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും.

കാഴ്ച്ചയില്‍ ഡിഫെന്‍ഡര്‍ 110 വകഭേദത്തിന് സമാനമാണെങ്കിലും ഡിഫെന്‍ഡര്‍ 90 വകഭേദത്തിന്റെ വീല്‍ബേസിന് നീളം കുറവാണ്. മാത്രമല്ല രണ്ടാം നിര സീറ്റുകള്‍ ഒഴിവാക്കി. 6 സീറ്റര്‍ വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 90. സെന്‍ട്രല്‍ കണ്‍സോളിന് പകരം മുന്‍ നിരയുടെ മധ്യത്തിലായി ജംപ് സീറ്റ് ഉറപ്പിച്ചു. ഡിഫെന്‍ഡര്‍ 110 വേര്‍ഷനിലെന്നപോലെ, ഒടിഎ അപ്‌ഡേറ്റുകള്‍ സഹിതം ‘പിവി പ്രോ’ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. കോണ്‍ഫിഗറബിള്‍ ടെറെയ്ന്‍ റെസ്‌പോണ്‍സ്, വെള്ളത്തിലൂടെ ഡ്രൈവ് ചെയ്യുന്നതിനായി പുതിയ വേഡ് പ്രോഗ്രാം സഹിതം ടെറെയ്ന്‍ റെസ്‌പോണ്‍സ് 2 എന്നിവ ലഭിച്ചു. നിരവധി പേഴ്‌സണലൈസേഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. എക്‌സ്‌പ്ലോറര്‍, അഡ്വഞ്ചര്‍, കണ്‍ട്രി, അര്‍ബന്‍ എന്നീ നാല് ആക്‌സസറി പാക്കുകളും തെരഞ്ഞെടുക്കാന്‍ കഴിയും.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിച്ച ഈ വര്‍ഷത്തെ വേള്‍ഡ് കാര്‍ അവാര്‍ഡുകളില്‍ വേള്‍ഡ് കാര്‍ ഡിസൈന്‍ കിരീടം നേടിയത് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറാണ്. സമാന വേദിയില്‍ ലാന്‍ഡ് റോവര്‍ ഇത് മൂന്നാം തവണയാണ് അംഗീകരിക്കപ്പെടുന്നത്. റേഞ്ച് റോവര്‍ (2018), റേഞ്ച് റോവര്‍ ഇവോക്ക് (2012) എന്നീ മോഡലുകള്‍ മുന്‍ വര്‍ഷങ്ങളില്‍ പുരസ്‌കാരം നേടിയിരുന്നു. ലാന്‍ഡ് റോവറിന്റെ പാരമ്പര്യം പേറുന്നതാണ് പുതിയ ഡിഫെന്‍ഡര്‍. അവസാന പന്ത്രണ്ട് മാസത്തിനിടെ പുറത്തിറങ്ങിയ പുതിയ കാറുകളെയാണ് വേള്‍ഡ് കാര്‍ ഡിസൈന്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്.

വിവിധ അവാര്‍ഡുകളില്‍ ഏറ്റവും പ്രധാനപ്പെട്ട വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയത് ഫോക്സ്‌വാഗണ്‍ ഐഡി.4 എന്ന ഓള്‍ ഇലക്ട്രിക് എസ്‌യുവിയാണ്. ലോകത്തെ 28 രാജ്യങ്ങളില്‍നിന്നുള്ള ഓട്ടോമോട്ടീവ് ജേണലിസ്റ്റുകളായ 93 അംഗ ജൂറിയാണ് വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് നടത്തിയത്. ടൊയോട്ട യാരിസ്, ഹോണ്ട ഇ എന്നീ കാറുകളെ പിന്തള്ളിയാണ് ഫോക്സ്വാഗണ്‍ ഐഡി.4 ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ഇതിനുമുമ്പ് നാല് തവണ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ കിരീടം ഫോക്സ്വാഗണ്‍ നേടിയിട്ടുണ്ടെങ്കിലും ജര്‍മന്‍ കാര്‍ നിര്‍മാതാക്കളുടെ ഒരു ഇലക്ട്രിക് വാഹനം ഇതാദ്യമായാണ് ഈ അവാര്‍ഡ് കരസ്ഥമാക്കുന്നത്. 2009 നുശേഷം ഇത് അഞ്ചാം തവണയാണ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഫോക്‌സ്‌വാഗണ്‍ നേടുന്നത്.

Maintained By : Studio3