ഒബ്ലിവിയന്‍ ഇനി സെബിയയുടെ കൈകളില്‍
ഒബ്ലിവിയന്റെ നൂറ് ശതമാനം ഓഹരിയും സെബിയ സ്വന്തമാക്കി
ന്യൂഡെല്‍ഹി: നെതര്‍ലന്‍ഡ്സിലെ പ്രീമിയര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഒബ്ലിവിയനെ ആഗോള ഐടി കണ്‍സള്‍ട്ടന്‍സി കമ്പനിയായ സെബിയ ഏറ്റെടുത്തു. ഒബ്ലിവിയന്റെ നൂറ് ശതമാനം ഓഹരിയും സെബിയ സ്വന്തമാക്കി.
ക്ലൗഡ് ശേഷി വര്‍ധിപ്പിക്കാനും ഗവേഷണ വികസന കാര്യങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ഈ ഏറ്റെടുക്കല്‍ സെബിയയെ സഹായിക്കും. മാത്രമല്ല, വടക്കേ അമേരിക്ക, മധ്യ പൂര്‍വേഷ്യ, ഏഷ്യ എന്നീ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
വിവിധ വ്യവസായങ്ങള്‍ക്കായി നൂറു കണക്കിന് പ്രോജക്റ്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സ്ഥാപനമാണ് ആമസോണ്‍ വെബ് സര്‍വീസസിന്റെ (എഡബ്ല്യുഎസ്) ഭാഗമായ ഒബ്ലിവിയന്‍. എയ്ഗോണ്‍, എബിഎന്‍ അംറോ, വെഹ്കാംപ്, പോസ്റ്റ് എന്‍എല്‍, ഡിഎസ്എം എന്നീ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണ്‍ വെബ് സര്‍വീസസിന്റെ പ്രീമിയര്‍ കണ്‍സള്‍ട്ടിംഗ് പാര്‍ട്ണര്‍ എന്ന അംഗീകാരവും ഒബ്ലിവിയന് ലഭിച്ചിരുന്നു. എഡബ്ല്യുഎസ് മൈഗ്രേഷന്‍, ഡിവോപ്സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഐഒടി എന്നീ മേഖലകളിലും മികവ് പുലര്‍ത്തിയ ചരിത്രമാണ് ഒബ്ലിവിയന്‍ അവകാശപ്പെടുന്നത്.
ക്ലൗഡ് സാധ്യതകള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഒബ്ലിവിയന്റെ പങ്കാളിത്തം സഹായകമാകുമെന്ന് സെബിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആനന്ദ് സഹായം പറഞ്ഞു. ലയനത്തോടെ ഒബ്ലിവിയനും സെബിയയും പ്രീമിയര്‍ എഡബ്ല്യുഎസ് പങ്കാളികളായി മാറിയതായി ഒബ്ലിവിയന്‍ സിഇഒ എഡ്വിന്‍ വാന്‍ ന്യൂയില്‍ പ്രതികരിച്ചു.