ചുമയിലൂടെ കോവിഡ് കേട്ടറിയുന്ന എഐ സാങ്കേതികവിദ്യയുമായി ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞര്‍
1 min readശക്തമായ ചുമയിലൂടെ കോവിഡ്-19ന്റെ സാന്നിധ്യം കണ്ടെത്തുന്ന ഈ സാങ്കേതികവിദ്യ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലും ഫലപ്രദമാണെന്ന് ഗവേഷകര്‍
സിഡ്‌നി: ചുമയില്‍ നിന്നും കോവിഡ്-19 രോഗബാധ കണ്ടെത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയ്ക്ക് ഓസ്‌ട്രേലിയയിലെ കംപ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ രൂപം നല്‍കി. ശക്തമായ ചുമയിലൂടെ കോവിഡ്-19ന്റെ സാന്നിധ്യം കണ്ടെത്തുന്ന ഈ സാങ്കേതികവിദ്യ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ പോലും ഫലപ്രദമാണ്. മൊബീല്‍ ഫോണ്‍ ആപ്പുകളിലൂടെ രോഗബാധ കണ്ടെത്തുന്നതിന് ഈ കണ്ടുപിടിത്തം സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.
പകര്‍ച്ചവ്യാധിക്കാലത്ത്, ഗവേഷണ ആവശ്യങ്ങള്‍ക്കായി ആരോഗ്യമുള്ളവരുടെയും കോവിഡ്-19 പോസിറ്റീവ് ആയവരുടെയും ശ്വാസോച്ഛാസത്തിന്റെ ശബ്ദങ്ങള്‍ പിടിച്ചെടുക്കുന്നത നിരവധി ക്രൗഡ്‌സോഴ്‌സിംഗ് പ്ലാറ്റ്‌ഫോമുകള്‍ നിലവില്‍ വന്നിരുന്നു. ഇത്തരത്തിലുള്ള രണ്ട് പ്ലാറ്റ്‌ഫോമുകളായ കോവിഡ്-19 സൗണ്ട്‌സ് ആപ്പ്, കോസ്‌വര എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ആര്‍എംഐടി സര്‍വ്വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ വിശകലനം ചെയ്തു. പിന്നീട് ഒരുപോലെയുള്ള രണ്ട് കാര്യങ്ങളും വ്യത്യസ്തമായവയും സ്വന്തമായി തിരിച്ചറിയാന്‍ ഒരു സംവിധാനത്തെ പ്രാപ്തമാക്കുന്ന കോണ്‍ട്രാസ്റ്റീവ് സെല്‍ഫ് സൂപ്പര്‍വൈസ്ഡ് ലേണിംഗിലൂടെ തങ്ങള്‍ വികസിപ്പിച്ചെടുത്ത അല്‍ഗോരിതത്തിന് പരിശീലനം നല്‍കാന്‍ ഈ വിവരങ്ങള്‍ ഗവേഷകര്‍ ഉപയോഗപ്പെടുത്തി.
ഈ അല്‍ഗോരിതം കൂടുതല്‍ വികസിപ്പിച്ചാല്‍ മൊബീല്‍ ഫോണ്‍ ആപ്പില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ആര്‍എംഐടിയിലെ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ ടെക്‌നോളജീസിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഹവോ സൂ പറഞ്ഞു. വളരെ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കഴിയുന്ന, വിശ്വസിനീയമായ, സമ്പര്‍ക്കരഹിതമായ കോവിഡ്-19 പ്രാഥമിക പരിശോധന സംവിധാനത്തിനാണ് തങ്ങള്‍ രൂപം നല്‍കിയിരിക്കുന്നതെന്നും സൂ കൂട്ടിച്ചേര്‍ത്തു.
പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരിലൂടെയുള്ള വൈറസ് വ്യാപനം കുറയ്ക്കാന്‍ ഈ സാങ്കേതിക വിദ്യ പ്രയോജനകരമാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. മനഃസമാധാനത്തോടെ ഇരിക്കാനും രോഗമുണ്ടോ എന്ന സംശയം തോന്നിയാന്‍ വളരെ എളുപ്പത്തില്‍, പെട്ടന്ന് പരിശോധന നടത്താനും സഹായിക്കുന്ന ഒരു ഉപാധിയാണ് പകര്‍ച്ചവ്യാധിക്കാലത്ത് ഏറ്റവും ആവശ്യമെന്നും ഗവേഷകര്‍ പറയുന്നു. ക്ഷയം പോലുള്ള മറ്റ് ശ്വാസകോശരോഗങ്ങള്‍ തിരിച്ചറിയാനും തങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് സൂ പറഞ്ഞു. ചുമയിലൂടെ കോവിഡ് കണ്ടെത്തുന്നതിനായി വികസിപ്പിച്ച ആദ്യത്തെ അല്‍ഗോരിതമല്ല ഇതെങ്കിലും മറ്റുള്ളവയേക്കാള്‍ മികച്ചതാണ് ഈ സമീപനമെന്നാണ് കരുതപ്പെടുന്നത്.
എംഐടിയും കേംബ്രിജും അടക്കമുള്ള സര്‍വ്വകലാശാലകള്‍ നേരത്തെ ഇത്തരമൊരു സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കൂടുതല്‍ കൃത്യതയും വ്യക്തതയുമുള്ള വിവരങ്ങളാണ് എഐ സംവിധാനത്തെ പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നത്. ശ്വാസോച്ഛാസ ശബ്ദങ്ങളെ വ്യാഖ്യാനിക്കുന്നതിന് ഈ രംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ക്കേ കഴിയൂ. അത് വളരെ ചിലവേറിയതും ഏറെ സമയം വേണ്ടുന്നതുമായ കാര്യമാണ്. മാത്രമല്ല ഒരു പ്രദേശത്തെ ആശുപത്രിയില്‍ നിന്നുമുള്ള ചുമയുടെ ശബ്ദങ്ങള്‍ പരിശീലനത്തിനായി ഉപയോഗിച്ചാല്‍ ആ പ്രദേശത്തിന് പുറത്തുള്ള സ്ഥലങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണ്ണയം കൃത്യമായെന്ന് വരില്ല.
ലേബലുകള്‍ ഒന്നും ഇല്ലാത്ത ചുമയുടെ ശബ്ദങ്ങള്‍ ഉപയോഗിച്ചുള്ള ഒരു രീതി അല്‍ഗോരിതത്തിന് പരിശീലനം നല്‍കാന്‍ വികസിപ്പിച്ചാണ് അത്തരം പ്രതിസന്ധികളെ തങ്ങള്‍ മറികടന്നതെന്ന് ഗവേഷകരില്‍ ഒരാളായ ഫ്‌ളോറ സലീം പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്ത ലിംഗ, പ്രായ വിഭാഗങ്ങളില്‍ നിന്നുമുള്ള വിവരങ്ങളാണ് പരിശീലനത്തിനായി തങ്ങള്‍ ഉപയോഗിച്ചതെന്നും സലീം വ്യക്തമാക്കി.