മെഗാ റിക്രൂട്ട്മെന്‍റ് കലണ്ടറുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
1 min readഅമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി 2021-22 ലെ മെഗാ റിക്രൂട്ട്മെന്‍റ് കലണ്ടര്‍ പുറത്തിറക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 10,143 പേര്‍ക്ക് തൊഴില്‍ നല്‍കാനുദ്ദേശിച്ചിട്ടുള്ളതാണിത്. “സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ നടപടിയാണിത്, തൊഴില്‍ വിജ്ഞാപനത്തിന്‍റെ കൃത്യമായ മാസവും ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണവും തൊഴില്‍ രഹിതര്‍ക്ക് ഇതുവഴി മനസിലാക്കാനാകും” റെഡ്ഡി പറഞ്ഞു. അഴിമതിക്കോ വിവേചനത്തിനോ ഇടനിലക്കാരുടെ പങ്കാളിത്തത്തിനോ യാതൊരു സാധ്യതയുമില്ലാതെ മുഴുവന്‍ നിയമന പ്രക്രിയയും സുതാര്യമാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എഴുത്തുപരീക്ഷയില്‍ മാത്രം ലഭിച്ച മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം, അഴിമതിക്കോ വിവേചനത്തിനോ ഉള്ള അവസരം ഇല്ലാതാക്കുന്നതിനായി അഭിമുഖ പ്രക്രിയഒഴിവാക്കും. സംസ്ഥാനത്തെ യുവാക്കള്‍ ജോലി അന്വേഷിക്കുകയാണെന്നും അവരുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ കലണ്ടറിന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈഎസ്ആര്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാലുമാസത്തിനുള്ളില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1.2 ലക്ഷം സ്ഥിരം ജോലികള്‍ ഉള്‍പ്പെടെ 6.03 ലക്ഷത്തിലധികം ഒഴിവുകള്‍ നികത്തിയതായും റെഡ്ഡി പറയുന്നു. 6.03 ലക്ഷം ജോലികളില്‍ 1.84 ലക്ഷം സ്ഥിരമായി സൃഷ്ടിച്ചതായും 3.99 ലക്ഷം ഔട്ട്സോഴ്സ് ചെയ്തതായും 19,701 കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 7.02 ലക്ഷം ജോലികളുടെ ശമ്പളവും സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. തൊഴിലില്ലാത്ത യുവാക്കള്‍ക്കിടയില്‍ സേവനബോധം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു സന്നദ്ധ സംവിധാനവും ഏര്‍പ്പെടുത്തി.രണ്ടര ലക്ഷം യുവാക്കളെയാണ് സന്നദ്ധപ്രവര്‍ത്തകരായി നിയമിച്ചത്.
‘ഔട്ട്സോഴ്സിംഗ് നിയമനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിരുന്ന മുന്‍ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി, റിക്രൂട്ട്മെന്‍റുകളിലും പേയ്മെന്‍റുകളിലും സുതാര്യത നിലനിര്‍ത്താന്‍ നിലവിലെ സര്‍ക്കാര്‍ ഒരു സംവിധാനം കൊണ്ടുവന്നിരുന്നു, ഇവിടെ ഇടനിലക്കാര്‍ക്കും അഴിമതിക്കും ഇടമില്ല, “മുഖ്യമന്ത്രി പറഞ്ഞു. 3,500 കോടി രൂപയുടെ ബാധ്യത വഹിച്ച ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ (എപിഎസ്ആര്‍ടിസി) 51,387 ജീവനക്കാരുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ അത് സര്‍ക്കാരുമായി ലയിപ്പിച്ചതായി റെഡ്ഡി പറഞ്ഞു.
അതേസമയം ഓരോ വീടുകള്‍ക്കും ജോലി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നും തൊഴിലില്ലായ്മ അലവന്‍സ് നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ച് കഴിഞ്ഞ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി) സര്‍ക്കാരിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പട്ടികപ്പെടുത്തിയിട്ടുള്ള 1.4 ലക്ഷം തസ്തികകള്‍ നികത്താമെന്ന് നായിഡു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വാസ്തവത്തില്‍ പ്രകടനപത്രിക തന്നെ ചവറ്റുകുട്ടയില്‍ തള്ളി. സ്പെഷ്യല്‍ കാറ്റഗറി പദവി (എസ്സിഎസ്) നേടിക്കൊണ്ട് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാരോപിച്ച് റെഡ്ഡി നായിഡുവിനെ കുറ്റപ്പെടുത്തുകയും സംസ്ഥാന ആനുകൂല്യങ്ങള്‍ പണയംവച്ച് ഒരു പ്രത്യേക പാക്കേജ് സ്വീകരിച്ചതിനെ വിമര്‍ശിക്കുകയും ചെയ്തു.