2020ല്‍ സ്വകാര്യനിക്ഷേപം 38% ഉയര്‍ന്ന് 62.2 ബില്യണ്‍ ഡോളറിലെത്തി
1 min read100 മില്യണ്‍ ഡോളറോ അതിനു മുകളിലോ വലുപ്പമുള്ള വലിയ ഡീലുകളുടെ എണ്ണം രാജ്യത്ത് 25 ശതമാനം കുറഞ്ഞു
ന്യൂഡെല്‍ഹി: 2020ല്‍ ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം 38 ശതമാനം ഉയര്‍ന്ന് 62.2 ബില്യണ്‍ ഡോളറിലെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളായ ജിയോ പ്ലാറ്റ്ഫോംസ്, റിലയന്‍സ് റീട്ടെയില്‍ എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ഇന്ത്യ പ്രൈവറ്റ് ഇക്വിറ്റി റിപ്പോര്‍ട്ട് 2021 അനുസരിച്ച് ആര്‍ഐഎല്‍ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് 26.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിച്ചു, ഇത് മൊത്തം നിക്ഷേപ മൂല്യത്തിന്‍റെ 40 ശതമാനമാണ്.
ഇന്ത്യന്‍ പ്രൈവറ്റ് ഇക്വിറ്റി ആന്‍ഡ് വെഞ്ച്വര്‍ ക്യാപിറ്റല്‍ അസോസിയേഷനും ബെയ്ന്‍ ആന്‍ഡ് കമ്പനിയും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം, മൂന്ന് ഇടപാടുകളിലായി മൊത്തം 3.3 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന്‍സ്റ്റിറ്റ്യൂഷ്ണല്‍ നിക്ഷേപകരായ പിഐഎഫ് നടത്തിയത്. ആഗോള പിഇ ഭീമനായ കെകെആര്‍ ആറ് ഇടപാടുകളിലൂടെ മൊത്തം 3 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തി. സില്‍വര്‍ലേക്ക് മൊത്തം 2.7 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു – ജിയോ, റിലയന്‍സ് റീട്ടെയില്‍ എന്നിവയ്ക്കൊപ്പം എഡ്ടെക് പ്ലാറ്റ്ഫോമായി ബൈജൂസിലും സില്‍വര്‍ലേക്ക് നിക്ഷേപം നടത്തി. ജിഐസി, മുബഡാല, എഡിഎ എന്നിവ 2.1 ബില്യണ്‍ ഡോളര്‍ വീതം നിക്ഷേപിച്ചു.
ജിയോ പ്ലാറ്റ്ഫോംസ്, റിലയന്‍സ് റീട്ടെയില്‍ ഡീലുകള്‍ മാറ്റിനിര്‍ത്തിയാല്‍ ബ്ലാക്ക്സ്റ്റോണ്‍, ജിഐസി എന്നിവ മൊത്തം നിക്ഷേപ സമാഹരണത്തില്‍ വലിയ പങ്കുവഹിച്ചത്. 1.5 ബില്യണ്‍ ഡോളര്‍ വീതമാണ് ഈ കമ്പനികളില്‍ സ്വകാര്യ നിക്ഷേപമായി എത്തിയത്.
ജിയോ, റിലയന്‍സ് റീട്ടെയില്‍ ഡീലുകള്‍ മാറ്റിനിര്‍ത്തി കണക്കാക്കുമ്പോള്‍ സ്വകാര്യ നിക്ഷേപങ്ങളുടെ മൂല്യം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞു. കാരണം 100 മില്യണ്‍ ഡോളറോ അതിനു മുകളിലോ വലുപ്പമുള്ള വലിയ ഡീലുകളുടെ എണ്ണം രാജ്യത്ത് 25 ശതമാനം കുറഞ്ഞു. ആദ്യ പകുതിയില്‍ (2020 ജനുവരി-ജൂണ്‍) നിക്ഷേപകരുടെ വികാരം മികച്ച നിലയിലായിരുന്നില്ല എങ്കിലും രണ്ടാം പകുതിയില്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020ലെ മികച്ച 15 ഡീലുകള്‍ ചേര്‍ന്നാല്‍ മൊത്തം ഡീല്‍ മൂല്യത്തിന്‍റെ 40 ശതമാനം വരും, 2019 ല്‍ ഇത് 35 ശതമാനമായിരുന്നു.
കണ്‍സ്യൂമര്‍ ടെക്, ഐടി / ഐടിഇഎസ് തുടങ്ങിയ മേഖലകളില്‍ മഹാമാരിക്കാലത്ത് നിക്ഷേപം വര്‍ധിച്ചു. ആരോഗ്യ സംരക്ഷണ മേഖലയില്‍ 2019നെ അപേക്ഷിച്ച് 60 ശതമാനം വളര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃ ടെക് ഉപവിഭാഗങ്ങളായ എഡ്ടെക്, ഫിന്‍ടെക്, ഇ-കൊമേഴ്സ് എന്നിവയില്‍ കോവിഡ് -19 വരുത്തിയ മാറ്റങ്ങളുടെ ഫലമായി ഡീലുകള്‍ വര്‍ധിച്ചു.
ഉയര്‍ന്ന എന്‍പിഎ കാരണം ബാങ്കിംഗ് മേഖലയിലെ നിക്ഷേപം 60 ശതമാനം ഇടിഞ്ഞു. ബാങ്ക് ബാലന്‍സ് ഷീറ്റുകളില്‍ വായ്പ തിരിച്ചടവ് മൊറട്ടോറിം സൃഷ്ടിച്ച ആഘാതം മൂലം ബിഎഫ്എസ്ഐ ഗണ്യമായ മാന്ദ്യം നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.