എച്ച്‌ഐവി പോലെ കോവിഡ് അമ്മയില്‍ നിന്നും നവജാത ശിശുവിലേക്ക് പകരില്ല: വിദഗ്ധര്‍
1 min readത്രിപുരയിലെ അഗര്‍ത്തല മെഡിക്കല്‍ കോളെജില്‍ ഇതുവരെ 250 കോവിഡ് പോസിറ്റീവ് അമ്മമാര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി
അമ്മമാര്‍ കോവിഡ് പോസിറ്റീവ് ആണെങ്കിലും എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും പോലെ കൊറോണ വൈറസ് അമ്മമാരില്‍ നിന്നും നവജാത ശിശുക്കളിലേക്ക് പകരില്ലെന്ന് വിദഗ്ധാഭിപ്രായം. ത്രിപുരയില്‍ 250 ഓളം കോവിഡ് പോസിറ്റീവ് അമ്മമാര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സംഭവങ്ങള്‍ ഇതിന് തെളിവായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ്-19 ഒരു സാംക്രമിക രോഗമാണെങ്കിലും അമ്മമാരില്‍ നിന്നും നവജാത ശിശുവിലേക്ക് രോഗം പകര്‍ന്ന ഒരു സംഭവം പോലും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുള്ളത് ശുഭസൂചകമായ കാര്യമാണെന്ന് അഗര്‍ത്തല ഗവണ്‍മെന്റ് മെഡിക്കല്‍ കോളെജിലെ (എജിഎംസി) മൈക്രോബയോളജി വകുപ്പ് മേധാവി ഡോ. തപന്‍ മംജുദാര്‍ അഭിപ്രായപ്പെട്ടു. വൈറസിന് സ്വീകരിക്കുന്ന റിസപ്റ്റര്‍ മറുപിള്ളയില്‍ ഇല്ലാത്തതിനാല്‍ ജന്മനാ അല്ലെങ്കില്‍ ജനനത്തിന് തൊട്ടുമുമ്പോ ശേഷമോ അമ്മയില്‍ നിന്നും വൈറസ് കുഞ്ഞിലേക്ക് എത്താനിടയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് എന്നീ രോഗങ്ങള്‍ അമ്മയില്‍ നിന്നും നവജാത ശിശുവിലേക്ക് പകരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ആരംഭിച്ചത് മുതല്‍ ഒന്നും രണ്ടും കോവിഡ് തരംഗ കാലത്ത് ത്രിപുരയിലെ പ്രധാന കോവിഡ് മെഡിക്കല്‍ കോളെജും ആശുപത്രിയുമായ എജിഎംസിയില്‍ ഏതാണ്ട് 250 കോവിഡ് പോസിറ്റീവ് അമ്മമാര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ആദ്യ തരംഗ സമയത്ത് 214 കോവിഡ് പോസിറ്റീസ് സ്ത്രീകളും രണ്ടാം തരംഗ കാലത്ത് 35 കോവിഡ് പോസ്റ്റീവ് സ്ത്രീകളുമാണ് ആരോഗ്യമുള്ള, സാധാരണ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതെന്ന് എജിഎംസിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജയന്ത റേ വ്യക്തമാക്കി.
ആദ്യ തരംഗത്തില്‍ നിന്നും വിഭിന്നമായി മിസോറം, മണിപ്പൂര്‍, ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടാംതരംഗ കാലത്ത് കോവിഡ്-19 പോസിറ്റീവ് ആകുന്ന പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതായി പല വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ആരോഗ്യ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ ഇവിടങ്ങളിലെ സര്‍ക്കരുകള്‍ ശിശുരോഗ വിദഗ്ധരുടെ പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ത്രിപുരയിലെ രണ്ട് അനാഥാലയങ്ങളിലെ പ്രായപൂര്‍ത്തിയാകാത്ത 31 പെണ്‍കുട്ടികളും എട്ട് ആയമാരും കഴിഞ്ഞിടെ കോവിഡ്-19 പോസിറ്റീവ് ആയിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും രോഗമുക്തരായിട്ടുണ്ട്.
രണ്ടാം തരംഗകാലത്ത് കോവിഡ്-19ന്റെ സ്വഭാവത്തിലും തീവ്രതയിലും നിരവധി മാറ്റങ്ങള്‍ പ്രകടമായതിനാല്‍ രോഗത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനായി പഠനസംഘങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് എജിഎംസിയിലെ ഫിസിഷ്യനായ ഡോ. പ്രദീപ് ഭൗമിക് പറയുന്നു. ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ കൂടുതല്‍ കുട്ടികളും യുവാക്കളും രോഗബാധിതരായി എന്ന് മാത്രമല്ല, രോഗമുക്തി നിരക്ക് കുറയുകയും മരണനിരക്ക് വര്‍ധിക്കുകയും ചെയ്തു. മാത്രമല്ല, നിരവധി രോഗികള്‍ക്ക് ന്യുമോണിയ പിടിപെടുകയും ചിലരില്‍ മ്യൂകര്‍മൈകോസിസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തെന്ന് ഡോ.ഭൗമിക് പറഞ്ഞു.
യുകെ,, ബ്രസീല്‍ വകഭേദങ്ങളേക്കാള്‍ അപകടകാരിയായിരുന്നു കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ജനിതകപരമായ രോഗപ്രതിരോധ ശേഷി കൂടുതലുള്ള ആദിവാസി വിഭാഗങ്ങള്‍ക്ക് പോലും കോവിഡ്-19ന് മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന് ഹെപ്പറ്റൈറ്റിസ് രോഗ വിദഗ്ധനായ ഭൗമിക് പറഞ്ഞു. സിക്കിം ഉള്‍പ്പടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യയായ 45.58 ദശലക്ഷം പേരില്‍ ഏതാണ്ട് 29 ശതമാനം പേര്‍ ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.