കര്‍ണാടക മന്ത്രിസഭാവികസനം 13ന്
1 min readബെംഗളൂരു: ഏഴ് ആംഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഈ മാസം 13ന് കര്‍ണാടക മന്ത്രിസഭ വിപുലീകരിക്കുമെന്ന് സംസ്ഥാന മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യക്തമാക്കി. ഇതിനായി പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം അനുമതി നല്‍കിയിട്ടുണ്ട്. 13 ന് ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്നാല്‍, മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട നിയമസഭാ സാമാജികരുടെ പേരുകള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് (തിങ്കളാഴ്ച) മന്ത്രിമാരുടെ പട്ടിക അന്തിമമാക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ജെ പി നദ്ദ, പാര്‍ട്ടിയുടെ കര്‍ണാടക യൂണിറ്റ് ചുമതലയുള്ള അരുണ്‍ സിംഗ് എന്നിവരെ ഞായറാഴ്ച മുഖ്യമന്ത്രി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. നേരത്തെ ഈ മാസം 14ന് നടക്കുന്ന സംക്രാന്തി ഉത്സവത്തിനുശേഷമാകും മന്ത്രിസഭാവികസനമെന്നാണ് വാര്‍ത്ത പുറത്തുവന്നിരുന്നത്. യെദിയൂരപ്പ സര്‍ക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസമാണിത്.
17 മന്ത്രിമാരെ ഉള്‍പ്പെടുത്തിയ ആദ്യത്തെ മന്ത്രിസഭാ വിപുലീകരണം 2019 ഓഗസ്റ്റ് 20 നാണ് നടന്നത്. കോണ്‍ഗ്രസ്, ജെഡി-എസ് എന്നിവയില്‍ നിന്ന് പിന്മാറിയ 10 നിയമസഭാ സാമാജികരെ ഉള്‍പ്പെടുത്തി 2019 ഫെബ്രുവരി 6 ന് രണ്ടാം തവണയും മന്ത്രിസഭ വിപുലീകരിച്ചിരുന്നു.