ഇന്ത്യ-ഓസ്ട്രേലിയ സൈനിക സഹകരണം അവലോകനം ചെയ്തു
1 min readന്യൂഡെല്‍ഹി: നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി സൈനിക സഹകരണം ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഓസ്ട്രേലിയന്‍ രാജ്യരക്ഷാമന്ത്രി പീറ്റര്‍ ഡട്ടണും അവലോകനം ചെയ്തു. 2020 ജൂണില്‍ പങ്കാളിത്തം സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയും ഓസ്ട്രേലിയയും കൈവരിച്ച നേട്ടം ഫോണ്‍ കോളിനിടെ ഇരു മന്ത്രിമാരും ചര്‍ച്ചചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മെച്ചപ്പെടുത്തിയ പങ്കാളിത്തം പരിശോധിക്കുമ്പോള്‍ മലബാര്‍ നാവികാഭ്യാസത്തില്‍ ഓസ്ട്രേലിയയുടെ സഹകരണം ഒരു പ്രധാന നാഴികക്കല്ലാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പ്രതിരോധ ബന്ധത്തില്‍ സിംഗും ഡട്ടനും സംതൃപ്തി പ്രകടിപ്പിച്ചു.
വിവിധ ഉഭയകക്ഷി പ്രതിരോധ സഹകരണ സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യുകയും സായുധ സേന തമ്മിലുള്ള ഇടപഴകലുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും പ്രകടിപ്പിക്കുകയും ചെയ്തു. 2 + 2 മിനിസ്റ്റീരിയല്‍ ഡയലോഗ് എത്രയും വേഗം നടത്താന്‍ സിംഗും ഡട്ടണും ആഗ്രഹം പ്രകടിപ്പിച്ചു. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ സഹായിച്ചതിന് ഓസ്ട്രേലിയയ്ക്കും സിംഗ് നന്ദി പറഞ്ഞു. “കോവിഡ് -19 പകര്‍ച്ചവ്യാധിക്കെതിരെ പോരാടാന്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച നടപടികളെക്കുറിച്ച് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടനോട് സംസാരിച്ചു’ എന്ന് ഫോണ്‍ സംഭാഷണത്തിനുശേഷം സിംഗ് ട്വീറ്റ് ചെയ്തു. കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ സായുധ സേന ഇന്ത്യയെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുണച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.