ഇത് ഇന്ത്യയുടെ ‘ടെക്കേഡെ’ന്ന് പ്രധാനമന്ത്രി
1 min read- ഡാറ്റയും ജനസംഖ്യാപരമായ നേട്ടവും ഇന്ത്യക്ക് ഗുണം ചെയ്യും
- മുന്നിലുള്ളത് വളരെ വലിയ അവസരം
- ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വരുത്തിയത് വലിയ മാറ്റങ്ങള്‍
ന്യൂഡെല്‍ഹി: ഡാറ്റയും ജനസംഖ്യാപരമായ നേട്ടവും ടെക് രംഗത്ത് ഇതിനോടകം ഇന്ത്യ കൈവരിച്ച ശക്തിയും പരിഗണിക്കുമ്പോള്‍ രാജ്യത്തിന് മുന്നില്‍ ഇപ്പോഴുള്ളത് വളരെ വലിയ അവസരങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ പതിറ്റാണ്ട് ഇന്ത്യന്‍ ടെക് ലോകത്തിന്‍റേതാകുമെന്നും മോദി. ഇന്ത്യയുടെ ടെക്കേഡെന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. പുതിയ സാഹചര്യങ്ങള്‍ ഇന്ത്യക്ക് മുന്നില്‍ തുറന്നിടുന്നത് വളരെ വലിയ അവസരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പ്രിയപ്പെട്ട പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മോദിയുടെ പ്രസ്താവന.
ഒരു ഡാറ്റ പവര്‍ഹൗസ് എന്ന നിലയില്‍ ഇന്ത്യയുടെ ഉത്തരവാദിത്തത്തെ കുറിച്ച് രാജ്യത്തെ നയിക്കുന്ന സര്‍ക്കാരിന് നല്ല ബോധ്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ കുറിച്ച് രാജ്യം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഓണ്‍ലൈനിലൂടെ സംവദിച്ചു. വിദ്യാഭ്യാസം, ആരോഗ്യ സേവനം, മുതിര്‍ന്ന പൗډാര്‍ക്കുള്ള സേവനങ്ങള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ കോവിഡ് മഹാമാരിക്കാലത്ത് ടെക്നോളജി വഹിച്ച ബങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് നിയന്ത്രിക്കുന്നതില്‍ ആരോഗ്യ സേതു ആപ്പ് നിര്‍ണായകമായ ഇടപെടല്‍ നടത്തിയതായും സര്‍ക്കാര്‍അവകാശപ്പെടുന്നു.
പുത്തനാശയങ്ങളോടുള്ള അഭിനിവേശവും നൂതനാശയങ്ങള്‍ അതിവേഗം സ്വീകരിക്കാനുള്ള കഴിവും ഇന്ത്യ പ്രകടിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യമാണ് ഡിജിറ്റല്‍ ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരതത്തിനാധാരം ഡിജിറ്റല്‍ ഇന്ത്യയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉദിച്ചുയരുന്ന കരുത്തനായ ഇന്ത്യക്കാരന്‍റെ ആവിഷ്കാരമാണ് ഡിജിറ്റല്‍ ഇന്ത്യ-മോദി പറഞ്ഞു. അല്‍പ്പം ഗവണ്‍മെന്‍റ്, പരമാവധി ഭരണനിര്‍വഹണം എന്ന സന്ദേശവും പ്രധാനമന്ത്രി നല്‍കി.
ഗവണ്‍മെന്‍റും ജനങ്ങളും, സംവിധാനവും സൗകര്യങ്ങളും, പ്രശ്നങ്ങളും പരിഹാരങ്ങളും എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിലൂടെ ഡിജിറ്റല്‍ ഇന്ത്യ എങ്ങനെയാണ് സാധാരണ പൗരനു കരുത്തേകുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ദശലക്ഷക്കണക്കിന് ആളുകളെ, മഹാമാരിക്കാലത്ത് പ്രത്യേകിച്ചും, ഡിജിലോക്കര്‍ സഹായിച്ചത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ചികിത്സാ രേഖകള്‍, മറ്റ് പ്രധാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ രാജ്യമെമ്പാടും ഡിജിറ്റലായി ശേഖരിച്ചു. ഡ്രൈവിംഗ് ലൈസന്‍സ്, ജനന സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി ബില്‍ അടയ്ക്കല്‍, കുടിവെള്ള ബില്‍ അടയ്ക്കല്‍, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ വേഗത കൈവരിച്ചതിനൊപ്പം സൗകര്യപ്രദമായി മാറുകയും ചെയ്തു. ഗ്രാമങ്ങളില്‍ ഇ കോമണ്‍ സര്‍വീസ് സെന്‍ററുകള്‍ (സിഎസ്സി) ഇതിനായി ജനങ്ങളെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയിലൂടെയാണ് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പോലുള്ള സംരംഭങ്ങള്‍ യാഥാര്‍ത്ഥ്യമായത്. അതത് സംസ്ഥാനങ്ങളില്‍ ഇത്തരം സംരംഭങ്ങളില്‍ മുന്‍കൈയെടുക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതിന് അദ്ദേഹം സുപ്രീം കോടതിയെ അഭിനന്ദിച്ചു.